

ധ്രുവ് സർജ നായകനായെത്തുന്ന കെഡി ദ് ഡെവിൾ എന്ന ചിത്രത്തിലെ ഗാനം വിവാദമാകുന്നു. 'സർകെ ചുനാർ തേരി സർകെ' എന്ന തുടങ്ങുന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിനെതിരെയാണ് സോഷ്യൽ മീഡിയയും ആരാധകരും രംഗത്തെത്തിയിരിക്കുന്നത്. സഞ്ജയ് ദത്ത്, നോറ ഫത്തേഹി എന്നിവർ ചേർന്നുള്ള ഒരു ഐറ്റം നമ്പറാണിത്.
അങ്ങേയറ്റം അശ്ലീലം നിറഞ്ഞതാണ് പാട്ടിന്റെ വരികളെന്നാണ് പ്രധാന വിമർശനം. വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നതോടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. കന്നഡ, മലയാളം, തെലുങ്ക്, തമിഴ് പതിപ്പുകൾ ഇപ്പോഴും യൂട്യൂബിലുണ്ട്. മംഗ്ലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒറിജിനൽ വരികളൊരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ പ്രേം ആണ്. ഹിന്ദി പതിപ്പിന് വരികളൊരുക്കിയിരിക്കുന്നത് റക്വീബ് ആലം ആണ്. പാട്ടിനെതിരെ ഗായകൻ അർമാൻ മാലിക്കും രംഗത്തെത്തി. 'ഇങ്ങനെയൊരു പാട്ട് എന്റെ ടൈംലൈനിൽ വന്നു.
ശരിയാണെന്ന് ഉറപ്പുവരുത്താൻ രണ്ടു തവണ കേട്ടു. കൊമേഴ്സ്യൽ സിനിമകളിലെ പാട്ടുകളുടെ അധഃപതനത്തിൽ ശരിക്കും ഖേദമുണ്ട്', അർമാൻ മാലിക് എക്‌സിൽ കുറിച്ചു. 'പറയാൻ വാക്കുകളില്ല. ഇത് കേൾക്കാതിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു പോവുന്നു', മറ്റൊരു പോസ്റ്റിൽ അർമാൻ മാലിക് പ്രതികരിച്ചു. എന്തുകൊണ്ടാണ് ഈ ഗാനം നിരോധിക്കാത്തത്. സെൻസർ ബോർഡ് ഘൂസ്ഖോർ പണ്ഡത് എന്ന സിനിമയുടെ പേരിടാനുള്ള തിരക്കിലാണ്.
നമ്മൾ വിചിത്രമായ ഒരു രാജ്യമായി മാറുകയാണ്. വാലന്റൈൻസ് ഡേ ആഘോഷം, മിശ്രവിവാഹം ഇതിനെയൊക്കെ ഇവിടെ എതിർക്കുന്നു. അതേസമയം ഇതുപോലെയുള്ള ചവറുകളെ ആഘോഷിക്കുന്നു.- എന്നാണ് ഫിലിമേക്കർ ഒനിർ കുറിച്ചത്.
"മുഖ്യധാരാ ഗാനങ്ങളിൽ വിലകുറഞ്ഞതും അശ്ലീലവുമായ വരികൾ എത്രത്തോളം സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് കാണുമ്പോൾ സങ്കടമുണ്ട്., 2026 ലും ഇതുപോലെയുള്ള വരികളോ, ഇത് വളരെ നാണക്കേടാണ്... കുറച്ചു പണത്തിനു വേണ്ടി ആളുകൾ ഇത്തരം പാട്ടുകൾ എഴുതുന്നു- എന്നൊക്കെയാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates