

അഭിനേതാക്കൾക്ക് കാരവൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നത് അവരെ കംഫർട്ടബിൾ ആക്കാനും ഏറ്റവും മികച്ച പെർഫോമൻസ് അവരിൽ നിന്ന് പുറത്തു കൊണ്ടുവരാനുമാണെന്ന് നടൻ സഞ്ജു ശിവറാം. അഭിനേതാക്കൾക്ക് ലഭിക്കുന്ന ഇത്തരം സൗകര്യങ്ങളെ തെറ്റായ രീതിയിൽ എടുക്കേണ്ട കാര്യമില്ലെന്നും സഞ്ജു പറഞ്ഞു. ദ് ഷോസ്കേപ് ജേർണലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജു.
"ഞാൻ ചെയ്തിട്ടുള്ളത് കൂടുതലും റിയലിസ്റ്റിക് ആയിട്ടുള്ള ഫൈറ്റുകളാണ്. കൊറിയോഗ്രഫി ചെയ്തിട്ടുള്ളതാണെങ്കിലും അതിനകത്തൊരു റിയലിസ്റ്റിക് സംഭവമുണ്ടാകും. ഇയാൾക്ക് വേദനയുണ്ട്. ഇയാൾ ഒരുപാട് പേരെ ഇടിച്ചു തെറിപ്പിക്കുന്നില്ല. അങ്ങനത്തെ ഫൈറ്റ് ചെയ്യാത്തിടത്തോളം എനിക്ക് ആ വേദന കാണിക്കാം. അപ്പോൾ ആ ക്ഷീണം എനിക്ക് ഗുണപരമായി വരും.
നാലര സംഘത്തിന്റെ ഷൂട്ടിന്റെ സമയത്തൊക്കെ നാലഞ്ച് ദിവസം രാത്രി ഷൂട്ടായിരുന്നു. എനിക്ക് ആ സമയത്ത് പുറത്ത് പരിക്കേറ്റിരുന്നു. എനിക്കപ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പത്തോ ഇരുപതോ മിനിറ്റിൽ കൂടുതൽ എനിക്ക് നിൽക്കാൻ പറ്റില്ലായിരുന്നു. അഞ്ച് മിനിറ്റ് പോയി ഇരിക്കും. പിന്നെ ചെയ്യും. അങ്ങനെയായിരുന്നു ഞാനത് ചെയ്തത്. പകൽ ട്രീറ്റ്മെന്റിന് പോയിട്ട് വൈകുന്നേരം ഷൂട്ടിന് പോവുക.
അതാണ് ചലഞ്ച്. നമ്മളാ പ്രെസൻസ് ഓഫ് മൈൻഡ് നിലനിർത്തുക. എപ്പോഴും നമ്മൾ ശ്രദ്ധയോടെ ഇരിക്കുക. അതേക്കുറിച്ച് ബോധവാനാകാതെ ഇരിക്കുക എന്നതാണ് അതിന്റെ ചലഞ്ച്. ആക്ടേഴ്സിന് ഏറ്റവും കൂടുതൽ ശ്രദ്ധയും കരുതലും ഒക്കെ കിട്ടുന്നത് ഈ പ്രെസൻസ് ഓഫ് മൈൻഡ് നിലനിർത്താൻ വേണ്ടിയിട്ടാണ്. അത് നമ്മൾ തെറ്റായ രീതിയിൽ എടുക്കേണ്ട കാര്യമില്ല.
അഭിനേതാക്കൾക്ക് കാരവൻ കൊടുക്കുന്നു, കുട കൊടുക്കുന്നു, അവർക്ക് നല്ല സൗകര്യങ്ങൾ കൊടുക്കുന്നു. അത് സ്വാഭാവികമാണ്. നിങ്ങൾ രാവിലെ ഫ്രഷ് ആയിട്ട് റെഡിയായി വന്നെടുക്കുന്ന ഫോട്ടോയും അതുകഴിഞ്ഞ് ഉച്ചകഴിഞ്ഞ് നാല് മണിക്ക് എടുക്കുന്ന ഫോട്ടോയും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, നിങ്ങൾ ഒരേ ആളാണ്, ഒരേ സ്ഥലത്താണ് ഇരിക്കുന്നത്, ഒരേ ലൈറ്റ് അപ് ആയിരിക്കും.
പക്ഷേ ആ വ്യത്യാസം വരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കൺട്രോളിൽ ഉള്ള കാര്യമല്ല. നമ്മുടെ ശരീരവും അതിന്റെ കൂടെ നിൽക്കണം. അതിന് വേണ്ടിയിട്ടാണ് അഭിനേതാക്കൾക്ക് ശരിക്കും അത് കൊടുക്കുന്നത്. അവൻമാർക്ക് സുഖമാണ് എന്നൊക്കെ പറയുന്നവരുണ്ട്. അങ്ങനെയല്ല. നമുക്ക് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏറ്റവും മികച്ച് പുറത്തെടുക്കാനും അതാവശ്യമുണ്ട്. അതുകൊണ്ടാണ് അവരെ അങ്ങനെ കൊണ്ടുപോകുന്നത്.
അത് കറക്ടായി നമ്മൾ ഉപയോഗിക്കും. അഭിനേതാക്കൾ വിചാരിക്കേണ്ടത്, ഇത് ഞാൻ വലിയ ആളായതു കൊണ്ടൊന്നുമല്ല എന്നാണ്. നമ്മളാദ്യം സിനിമയിൽ വരുന്ന സമയത്ത്, ഒന്ന് മഴ പെയ്ത് കഴിഞ്ഞാൽ ആരെങ്കിലും കുടയുമായിട്ട് ഓടി വരും. കാരണം എന്റെ ദേഹത്ത് വെള്ളം വീണ് കഴിഞ്ഞാൽ ഷർട്ടിൽ അറിയും, അടുത്ത ഷോട്ടിൽ അറിയും.
അതുകൊണ്ട് മാത്രമാണ്. അല്ലാതെ നമ്മൾ വലിയ സംഭവം ആയതുകൊണ്ടൊന്നുമല്ല. അത് രണ്ട് കൂട്ടരും തിരിച്ചറിഞ്ഞാൽ അടിപൊളിയാണ്. ഇതിനെ തെറ്റായ രീതിയിൽ രണ്ട് പേർക്കും വ്യാഖ്യാനിക്കാം. അവർക്ക് ഭയങ്കര സുഖമാണെന്നൊക്കെ. ഒരിക്കലും അത് ഭയങ്കര സുഖമുള്ള കാര്യമൊന്നുമല്ല.
ആ ബുദ്ധിമുട്ട് നമുക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് നമ്മളത് ചെയ്യുന്നത്. അതുകൊണ്ട് കിട്ടുന്ന റിസൽറ്റ് നമുക്കതിനേക്കാൾ ഏറെ ഇഷ്ടമാണ്. ആ പ്രോസസ് നമുക്കിഷ്ടമാണ്". - സഞ്ജു ശിവറാം പറഞ്ഞു. 'ഖലീഫ'യാണ് സഞ്ജുവിന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates