

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സഞ്ചാരം. ലോകരാജ്യങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തിയ പ്രോഗ്രാമിന്റെ അമരക്കാരൻ സന്തോഷ് ജോര്‍ജ് കുളങ്ങര ആണ്. കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ക്കും മലയാളികള്‍ക്ക് മൊത്തത്തിലും യാത്ര ചെയ്യാന്‍ പ്രചോദനമായ സഞ്ചാരത്തിന്റെ ആരംഭത്തിന് ഒരു മമ്മൂട്ടി കണക്ഷന്‍ ഉണ്ടെന്ന് പറയുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര ഇപ്പോൾ.
മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയ ചത്താ പച്ച സിനിമയുടെ സക്‌സസ് മീറ്റില്‍ വെച്ചാണ് സന്തോഷ് ജോര്‍ജ് കുളങ്ങര ഇക്കാര്യം പറഞ്ഞത്. ചത്താ പച്ചയുടെ നിര്‍മാതാവായ ഷിഹാന്‍ ഷൗക്കത്തിന്റെയും നടനായ ഇഷാന്‍ ഷൗക്കത്തിന്റെയും പിതാവായ ഷൗക്കത്തിനെ കുറിച്ചും അദ്ദേഹവുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദത്തെ കുറിച്ചും സന്തോഷ് ജോര്‍ജ് കുളങ്ങര വേദിയില്‍ വെച്ച് സംസാരിച്ചു.
മമ്മൂട്ടിയുടെയും സുഹൃത്താണ് ഷൗക്കത്ത്. "സഞ്ചാരം ആരംഭിക്കുന്നതിന് പ്രകടമല്ലാത്ത കാരണക്കാരനായ ഒരു വലിയ മനുഷ്യന്‍ എന്റെ മുന്‍പിലുണ്ട്. അത് മമ്മൂക്കയാണ്. അദ്ദേഹത്തിന് പോലും അറിയാത്ത രഹസ്യമാണ്. മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്ന കാമറയെ കുറിച്ച് ഷൗക്കത്ത് നേരത്തെ വേദിയില്‍ പറഞ്ഞല്ലോ, ആ കാമറ വഴി തെറ്റി എന്റെ കയ്യില്‍ വന്നു. അതുവെച്ചാണ് ഞാന്‍ എന്റെ 'സഞ്ചാരം' ആരംഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ചാരത്തിന്റെ തുടക്ക നാളുകളിലാണ്. ലെന്‍സ്മാനിലാണ് അന്ന് എഡിറ്റ് നടക്കുന്നത്. സീരിയലുകളുടെ എഡിറ്റിനിടയില്‍ സമയം കിട്ടുമ്പോഴാണ് സഞ്ചാരം പോലെ ദുര്‍ബലമായ പരിപാടിയ്ക്ക് അവസരം കിട്ടുക. ഒരു ദിവസം ഞാന്‍ പതിവുപോലെ ആ സമയത്തിനായി സ്റ്റുഡിയോക്ക് പുറത്ത് വരാന്തയില്‍ കാത്തിരിക്കുകയാണ്.
അപ്പോള്‍ ഷൗക്കത്ത് വന്നിട്ട് അന്ന് ലഭ്യമായ ഏറ്റവും ലേറ്റസ്റ്റ് മോഡല്‍ കാമറയെ കുറിച്ച് പറഞ്ഞു. ആ കാമറയുടെ ഗുണങ്ങളും അത് ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നത് എങ്ങനെയാകും എന്നെല്ലാം വിശദമായി വര്‍ണിച്ചു. അങ്ങനെയൊരു കാമറ സ്വന്തമാക്കാനുള്ള അവസരം വന്നിട്ടുണ്ട് എന്നും പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞതിന് ശേഷം അവസാനമാണ് ആ കാമറ ഇപ്പോള്‍ തന്റെ കയ്യില്‍ ഇല്ലെന്നും അത് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടിച്ചു വെച്ചിരിക്കുകയാണ് എന്നും പറയുന്നത്.
കേരളത്തില്‍ ആദ്യമായി എത്തിയ ഡിവി കാമറ ആയിരുന്നു അത്. അത് മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്നത് ആയിരുന്നു. കേരളത്തില്‍ ആര്‍ക്കും ഇങ്ങനെയൊരു കാമറ ഇറങ്ങിയ കാര്യം പോലും അറിയില്ലായിരുന്നു, പക്ഷേ മമ്മൂക്ക അറിഞ്ഞു. ഈ കാമറ കൊണ്ടുവരാന്‍ ഷൗക്കത്തിനോട് പറഞ്ഞു. ആ ആവശ്യപ്രകാരം കൊണ്ടുവരുന്ന വഴിയാണ് കാമറ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.
എയര്‍പോര്‍ട്ടില്‍ കാമറ ഇറക്കണമെങ്കില്‍ ഇത്ര പൈസ വേണം, അത് എടുക്കാനുണ്ടെങ്കില്‍ നമുക്ക് കാമറ ഇപ്പോള്‍ കൊണ്ടുവരാം. ഞാനും ഷൗക്കുവും കൂടി തിരുവനന്തപുരത്ത് പോയി ഒരു ദിവസം അധ്വാനിച്ച് കാമറ പുറത്തിറക്കി. പിന്നീട് ആ കാമറ മമ്മൂക്കയിലേക്ക് പോയില്ല, അത് എന്റേതായി മാറി. ആ കാമറ കയ്യില്‍ കിട്ടിയ ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ നേപ്പാളിലേക്ക് പോയി.
അക്കാലത്ത് വലിയ കാമറ യൂണിറ്റിനൊപ്പം ആറേഴ് പേരെയും കൂട്ടി സഞ്ചാരം പോലൊരു പരിപാടി ഷൂട്ട് ചെയ്യാനായി പോകാനാകില്ല. ഡിവി കാമറ പക്ഷെ വളരെ കോംപാക്ട് ആണ്. എനിക്ക് തനിയെ എല്ലാ കാര്യങ്ങളും ചെയ്യാനാകും. അങ്ങനെയാണ് സഞ്ചാരം യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ന് കാണുന്ന നിലയില്‍ ഞാന്‍ എത്തിയതിന് രണ്ട് പേരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ഒന്ന് ഈ രംഗത്തേക്ക് പിച്ചവെച്ച് നടന്ന കാലത്ത് എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്ത ഷൗക്കത്തിനോടാണ്.
രണ്ട് അദൃശ്യമായി സഞ്ചാരത്തിന് കളമൊരുക്കിയ മമ്മൂക്കയോടാണ്. അന്ന് തുടങ്ങിയ സഞ്ചാരമാണ് പിന്നീട് സഫാരിയായി മാറിയത്. മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഒരു ഓര്‍മ കൂടെ ഞാന്‍ പങ്കുവെക്കാം. ഇപ്പോള്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ആദ്യമായി കാണുകയാണല്ലേ എന്ന് മമ്മൂക്ക ചോദിച്ചു, അങ്ങനെയല്ല.
ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 'ചമയങ്ങളില്ലാതെ' എന്ന മമ്മൂക്കയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത് എന്റെ പിതാവായിരുന്നു. അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം ഫോട്ടോ എടുക്കാനായി എന്റെ പിതാവിനൊപ്പം വന്നിരുന്നു". -സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates