

ഷെയ്ന്‍ നിഗം നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ബള്‍ട്ടി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിനെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ ആരോപണം. സിനിമയുടെ പോസ്റ്ററുകള്‍ കീറിക്കളഞ്ഞതിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.
ഷെയിന്‍ നിഗം ചിത്രങ്ങളായ ബള്‍ട്ടി , ഹാല്‍ എന്നീ സിനിമകളുടെ പ്രൊമോഷണല്‍ മറ്റീരിയല്‍ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താല്‍പര്യമാണ് എന്നാണ് സന്തോഷ് ടി കുരുവിള ചോദിക്കുന്നത്. പ്രക്ഷകര്‍ നല്ല അഭിപ്രായങ്ങള്‍ ഉറക്കെ പറയുമ്പോള്‍ ആരാണ് അസ്വസ്ഥരാവുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
''ഇത് കടുത്ത അസഹിഷ്ണുതയാണ്. എന്തിനാണ് വളരെ ആസൂത്രിതമായ് ഷെയ്ന്‍ നിഗം എന്ന നടന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല ? തീയറ്ററുകളില്‍ വിജയകരമായ് പ്രദര്‍ശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിന്റെ പോസ്റ്ററുകള്‍ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ? ഈ പ്രവൃത്തി അങ്ങയറ്റം ഹീനമായ ഒന്നാണ് , ഷെയിന്‍ നിഗം ചിത്രങ്ങളായ ബള്‍ട്ടി , ഹാല്‍ എന്നീ സിനിമകളുടെ പ്രൊമോഷണല്‍ മറ്റീരിയല്‍ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താല്‍പര്യമാണ് ? ഷെയ്ന്‍ നിഗം എന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബള്‍ട്ടി , പ്രേക്ഷകര്‍ നല്ല അഭിപ്രായങ്ങള്‍ ഉറക്കെ പറയുമ്പോള്‍ ആരാണ് അസ്വസ്ഥരാവുന്നത്? ആരാണ് മുന്‍ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാന്‍ ശ്രമിയ്ക്കുന്നത് ?'' അദ്ദേഹം ചോദിക്കുന്നു.
''ഇവിടെ ചേര്‍ത്തിരിയ്ക്കുന്ന ഫോട്ടോകള്‍ എനിയ്ക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ്, കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായ്, എന്താണിവരുടെ ഉദ്ദേശം? ഞാന്‍ തന്നെ നിര്‍മ്മിച്ച എന്റെ മുന്‍കാല ചിത്രങ്ങളായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനൊപ്പം കെട്ടിയോളാണെന്റെ മാലാഖ, അതിനും മുമ്പ് മഹേഷിന്റെ പ്രതികാരത്തിനൊപ്പം ആക്ഷന്‍ ഹീറോ ബിജു , മായാ നദിയ്‌ക്കൊപ്പം ആട് 2 അവസാനമായ് ന്നാ താന്‍ കേസ് കൊടിനൊപ്പം തല്ലുമാല , അപ്പോഴൊന്നും സംഭവിയ്ക്കാത്തതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ പോസ്റ്റര്‍ കീറല്‍ പരിപാടി , അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുന്നുണ്ടല്ലോ?' എന്നും അദ്ദേഹം ചോദിക്കുന്നു.
എന്താണ് ഷെയ്ന്‍ നിഗം എന്ന ഒരു മികച്ച യുവ നടന്‍ ഇത്രമേല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് ? മലയാളത്തിലെ എന്റെ പ്രിയപ്പെട്ട സിനിമാ സ്‌നേഹികളോട് ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ പിന്തുണ തേടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയുടെ സംവിധാനം ഉണ്ണി ശിവലിംഗം ആണ്. ശാന്തനു ഭാഗ്യരാജ്, അല്‍ഫോണ്‍സ് പുത്രന്‍, സെല്‍വ രാഘവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates