

സത്യന്‍ അന്തിക്കാട് ഒരുക്കിയ ജനപ്രീയ സിനിമകളിലൊന്നാണ് വിനോദയാത്ര. ദിലീപും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ രംഗങ്ങള്‍ ഇപ്പോഴും സംസാരിക്കപ്പെടുന്നവയാണ്. എന്നാല്‍ ഈ സിനിമയില്‍ താന്‍ ആദ്യം മനസില്‍ കണ്ടിരുന്ന നായിക മീര ജാസ്മിന്‍ അല്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
ദിലീപിന്റെ നായികയായി പുതുമുഖ നടിയെ കൊണ്ടു വരാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ഓഡിഷനുകളും നടത്തിയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മനസ് തുറന്നത്.
''അത് വലിയ അതിശ്ശയകരമായ സംഗതിയാണ്. ഞാന്‍ ആദ്യം ചിന്തിച്ചത് ദിലീപിനെ കേന്ദ്രീകരിച്ചൊരു സിനിമയാണ്. നായികയായി പുതിയ പെണ്‍കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന്‍ പുതിയ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറേ നടത്തി. ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന്‍ ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകുന്നില്ല'' സത്യന്‍ അന്തിക്കാട് പറയുന്നു.
''ആ സമയത്ത് മീര ജാസ്മിന് ഡേറ്റേയില്ല. ഏതൊക്കയോ തമിഴ് സിനിമകള്‍ ചെയ്യുകയാണ്. എനിക്ക് മീര ജാസ്മിനുമായി വളരെ അടുത്ത ബന്ധമുണ്ട്. രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെ ചെയ്ത ബന്ധമുണ്ട്. ഞാന്‍ നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. മീര ഏതോ തമിഴ് സിനിമയുടെ ഷൂട്ടിലാണ്. ഷൂട്ടിങ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു.''
''അങ്ങനെ മീര വന്നു. നമ്മളോടുള്ള സ്‌നേഹം കൊണ്ടാണത്. ഗോളാന്തര വാര്‍ത്തകളുടെ സമയത്ത് ഇതുപോലെ ശോഭനയും വന്നിട്ടുണ്ട്. ഒരു പുതുമുഖത്തിന് താങ്ങില്ല. കുറച്ച് ഭാരമുള്ള വേഷമാണ് അനുപമയുടേത്. പക്ഷെ മീര വന്നതോടെ അത് ഭയങ്കരമായ കോമ്പിനേഷനായി മാറി. ചില സിനിമകള്‍ അങ്ങനെയാണ്. ആരൊക്കെ എങ്ങനൊക്കെ എത്തുമെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്'' എന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
മലയാള സിനിമയിലേക്ക് നിരവധി നടിമാരെ കൊണ്ടു വന്ന സംവിധായകന്‍ കൂടിയാണ് സത്യന്‍ അന്തിക്കാട്. നയന്‍താരയും അസിനും സംയുക്ത വര്‍മയുമൊക്കെ സത്യന്‍ അന്തിക്കാടിന്റെ കണ്ടെത്തലുകളായിരുന്നു. എന്നാല്‍ അവരുടെ വിജയത്തിന്റെ ക്രെഡിറ്റ് തനിക്കുള്ളതല്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
''കൊണ്ടു വന്നുവെന്ന് പറയുന്നതിനേക്കാള്‍ അവരുടെ ആദ്യ സിനിമ എന്റേതായി എന്ന് പറയാന്‍ പറ്റുവെന്നതിലാണ് സന്തോഷം. ഞാനല്ലെങ്കില്‍ വേറൊരു സംവിധായകനിലൂടെ നയന്‍താരയും സംയുക്ത വര്‍മയും അസിനുമൊക്കെ വരുമായിരുന്നു. ആ സമയത്ത് എന്റെ സിനിമയ്ക്ക് പറ്റുന്ന രീതിയില്‍ ഉപയോഗപ്പെടുത്തിയെന്ന് മാത്രം. അത് മാത്രമാണ് എന്റെ കോണ്‍ട്രിബ്യൂഷന്‍. അവരുടെ കഴിവാണ് അവരെ താരങ്ങളാക്കിയത്. ഞാന്‍ ആരേയും ഉയര്‍ത്തി കൊണ്ടു വന്നുവെന്ന അവകാശവാദമില്ല. പക്ഷെ സ്വകാര്യ സന്തോഷമുണ്ട്. എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. അവര്‍ താരങ്ങളാകാന്‍ ജനിച്ചവരാണ്. വിധി എന്നെ തെരഞ്ഞെടുത്തുവെന്ന് മാത്രം'' സത്യന്‍ അന്തിക്കാട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates