

അടിമുടി ഒരു ഇടി പടമായി പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ നീല നിലവേ എന്ന ഗാനവും സിനിമയ്ക്കൊപ്പം തന്നെ വൻ ഹിറ്റായി മാറി. സാം സി എസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
'നീല നിലവേ' ചെയ്യുമ്പോൾ ട്രോള് വരുമോ എന്നൊരു ആശങ്ക തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് ഷെയ്ൻ. കുറേ കാലങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ അത്തരമൊരു ഫാന്റസി പാട്ട് സീൻ വരുന്നതെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞു.
"കുറേ കാലങ്ങൾക്ക് ശേഷമാണ് ആർഡിഎക്സ് പോലെയൊരു ആക്ഷൻ പടം വരുന്നത്. അതുപോലെ കുറേ കാലങ്ങൾക്ക് ശേഷമാണ് ഒരു ഫാന്റസി പാട്ട് സീൻ വരുന്നത്. നീല നിലവേ വന്നപ്പോഴെക്കും എന്തൊക്കെയോ സംഭവിച്ച് അത് ഹിറ്റായി. ഇന്നിപ്പോൾ അതിന് വലിയ റീച്ചും കാര്യങ്ങളുമൊക്കെയായി.
പക്ഷേ അത് തന്നെ ഞാൻ വീണ്ടുമൊരു പത്ത് തവണ ചെയ്ത് കഴിഞ്ഞാൽ ആളുകൾക്ക് ബോറടിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ഇതൊരു ട്രിക്കി ഏരിയയാണ്. ഇതാണ് വർക്ക് ചെയ്യുന്നതെന്ന് പറഞ്ഞ് ഞാൻ വീണ്ടും അത് തന്നെ ചെയ്താൽ പ്രശ്നമാകും. പൂർണമായും നമുക്കൊരു കൊമേഴ്സ്യൽ സിനിമയിലേക്കും പോകാനാകില്ല, പൂർണമായും ഒരു പഴയ അല്ലെങ്കിൽ ഓഫ് സിനിമയിലേക്കും പോകാൻ പറ്റില്ല.
ഇതിന്റെ ഇടയിലെവിടെയോ ഉള്ള ആ സ്പെയ്സ് ആണ് ഞാൻ തേടുന്നത്. നീല നിലവേ ചെയ്യുമ്പോൾ "പടച്ചോനെ ഇതൊക്കെ ട്രോളുമോ, ഇതിനി അടുത്ത പരിപാടിയാകുമോ..." എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും ഷെയ്ൻ തമാശ രൂപേണ പറഞ്ഞു. ഈ ഒരു മയത്തിലാണ് അത് ചെയ്തതെന്നും ഷെയ്ൻ പറഞ്ഞു.
പാട്ട് സീൻ ആണെന്ന് പറഞ്ഞപ്പോൾ സിറ്റുവേഷണൽ സംഭവം ആയിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഡാൻസ് ഉണ്ടെന്നുള്ള കാര്യം അറിയാമായിരുന്നു. അതിന് റിഹേഴ്സൽ ചെയ്തിരുന്നു. എന്ത് സാധനമായാലും ആളുകൾക്ക് വൃത്തിക്ക് കൊടുക്കുക എന്നുള്ളതാണ്.
ആളുകൾ മറന്നു പോയ ചില ഴോണറുകളുണ്ട്. റിയലിസ്റ്റിക് സിനിമകൾ വന്നപ്പോൾ ഈ തരത്തിലുള്ള കൊമേഴ്സ്യൽ എലമെന്റ്സ് നമ്മൾ മറന്നു പോയിട്ടുണ്ടായിരുന്നു. ഇതൊക്കെ കാണാൻ ആളുകൾക്ക് ആഗ്രഹമുണ്ട്".- ഷെയ്ൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates