

കൊതിയോടെ ഇന്നും മലയാളികൾ കേൾക്കുന്ന ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. പാട്ടുകളിലൂടെ ഒരു വസന്തം തന്നെ തീർത്ത ഔസേപ്പച്ചൻ എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സംഗീത ലോകവും സിനിമാ ലോകവും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുകയാണിപ്പോൾ. ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ പിറന്നാൾ ആശംസയാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
യേശു ക്രിസ്തുവുമായുള്ള ഔസേപ്പച്ചന്റെ മുഖ സാദൃശ്യമാണ് അയാളിലേയ്ക്ക് തന്നെ അടുപ്പിച്ചത് എന്നാണ് ഷിബു ചക്രവർത്തി കുറിച്ചിരിക്കുന്നത്. ഒരു കാലത്തെ തന്നെ പൂർണതയിലെത്തിച്ച ഒട്ടനവധി ഗാനങ്ങളാണ് ഔസേപ്പച്ചൻ- ഷിബു ചക്രവർത്തി കൂട്ടുകെട്ടിൽ പിറന്നിരിക്കുന്നത്. അന്തിപ്പൊൻ വെട്ടം, പിച്ചക പൂങ്കാവുകൾക്കുമപ്പുറം തുടങ്ങി ഒട്ടേറെ പാട്ടുകൾ ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഔസേപ്പിനിന്ന് ബർത്ത് ഡേ
എൺപത്തി അഞ്ചിലാവണം ഔസേപ്പിനെ ഞാൻ ആദ്യം കാണുന്നത്. മദ്രാസ് റെക്കാർഡിംഗ് തിയറ്ററുകളിൽ റെക്സ് മാഷ് ഉൾപ്പടെ പലരേയും അറിയാമായിരുന്നെങ്കിലും യേശു ക്രിസ്തുവുമായുള്ള ഇയാളുടെ മുഖ സാദൃശ്യമാണ് അയാളിലേയ്ക്ക് എന്നെ അടുപ്പിച്ചത്. അത് ഒരു ചില്ലറ അടുപ്പമൊന്നുമായിരുന്നില്ല.
മദ്രാസ്സിലെ എന്റെ ഇടത്താവളമായി പിന്നെ ഔസേപ്പിന്റെ വീട്, വീട്ടുകാരി മറിയ എന്റെ അന്നദാതാവും. അതിനിടയിൽ ഏറെ സ്വാഭാവികവും അതിലേറെ ലാഘവത്തോടെയും ഞങ്ങൾ കുറെ പാട്ടുകളും ഉണ്ടാക്കി. ഞങ്ങൾ സ്വയം രസിച്ചു ചെയ്ത വർക്കുകൾ .
ആ രസം തന്നെയായിരുന്നു ആ പാട്ടുകളുടെ മാനദണ്ഡവും. ആരെഴുതിയാലും അയാൾ ചെയ്തിരുന്ന അന്നത്തെ പാട്ടുകളിലെല്ലാം ചുമ്മാ ഞാൻ തലയിട്ടു, മറ്റാര് ഈണമിട്ടാലും അവരറിയാതെ എന്റെ പാട്ടുകൾ ഞാൻ ഔസേപ്പിനേയും കേൾപ്പിച്ചു. ഒരു മനസ്സോടെ ഒന്നിച്ചിരുന്നുണ്ടാക്കിയ പാട്ടുകളായത് കൊണ്ടാവാം അവ ഇന്നും നിലനിൽക്കുന്നത്. ഇന്നില്ലാത്തതും ആ ഒന്നിച്ചിരിപ്പാണ്. ബർത്ത് ഡേ ആശംസിക്കാൻ വന്ന ഞാൻ മറ്റെന്തിലേയ്ക്കോ പോയി.
മറ്റ് എന്തോ അല്ലല്ലോ മ്യൂസിക്കല്ലേ; അതില്ലാതെ നമ്മളില്ലല്ലോ. താൻ ഉണ്ടാക്കാറുള്ള ഹൃദയസ്പർശിയായ ഈണം പോലെ ഈ സൗഹൃദവും എന്നും നിലനില്ക്കട്ടെ. Happy B’Day Dear Ousep
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates