

നീ എൻ സർഗ സൗന്ദര്യമേ... മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഔസേപ്പച്ചന് ഇന്ന് എഴുപതാം പിറന്നാൾ. പശ്ചാത്തല സംഗീതം നിർവഹിച്ചു കൊണ്ടായിരുന്നു ഔസേപ്പച്ചന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. 1978 ൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി ഔസേപ്പച്ചൻ മലയാളി മനസിലേക്ക് കുടിയേറി.
1985 ൽ പുറത്തിറങ്ങിയ ഭരതന്റെ കാതോട് കാതോരം എന്ന ചിത്രത്തിലൂടെയായിരുന്നു ഔസേപ്പച്ചന്റെ സംഗീത സംവിധായകനായുള്ള അരങ്ങേറ്റം. അവിടെ നിന്നിങ്ങോട്ട് മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. പ്രമുഖ സംഗീത സംവിധായകന്‍ പരവൂര്‍ ദേവരാജന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍ പെട്ടതാണ് സിനിമാ രംഗത്തേക്കുള്ള വരവിനു വഴിയൊരുക്കിയത്.
ജോൺസൺ മാസ്റ്ററുടെ അസിസ്റ്റന്റ് ആയിട്ടായിരുന്നു തുടക്കം. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ആദ്യമായി ഔസേപ്പച്ചന് നേടിക്കൊടുത്ത ചിത്രമായിരുന്നു ഉണ്ണികളേ ഒരു കഥ പറയാം. ‘ദേവദൂതര്‍ പാടി...’, ‘കാതോടു കാതോരം...’, ‘നീ എന്‍ സര്‍ഗ സൗന്ദര്യമേ...’ എന്നിവ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളായി മാറിയതോടെ ഔസേപ്പച്ചന്‍ എന്ന സംവിധായകന്‍ മലയാളത്തിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.
"പുതിയ പുതിയ മ്യൂസിക്കുകൾ കേൾക്കാനാണ് എനിക്കിഷ്ടം. അതിപ്പോൾ ഞാൻ ചെയ്താലും മറ്റൊരാൾ ചെയതത് ആയാലും പുതിയത് കേൾക്കാൻ എനിക്കിഷ്ടമാണ്. പഴയത് അവിടെത്തന്നെയുണ്ടല്ലോ. അത് വീണ്ടും ഉണ്ടാക്കിയിട്ട് നമുക്ക് പേരൊന്നും വേണ്ട"- സംഗീതത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഔസേപ്പച്ചൻ അടുത്തിടെ ഒരു വേദിയിൽ വച്ച് പറഞ്ഞത് ഇങ്ങനെയാണ്.
ഇന്നും മലയാളികൾ കൊതിയോടെ കേൾക്കുന്ന ഗാനങ്ങൾ സമ്മാനിച്ച വയലിൻ മാന്ത്രികന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ഇടവക പള്ളിയിലെ വൈദികൻ സമ്മാനിച്ച വയലിനിൽ നിന്ന് ഇന്നും തുടരുന്ന ആ മാജിക് ഇന്നും തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
