

സ്‌ക്രീനിലെ വില്ലന്മാര്‍ പലരേയും അടുത്തറിയുമ്പോഴായിരിക്കും അവരുടെ തിരിച്ചറിയപ്പെടുക. സ്‌ക്രീനില്‍ പേടിപ്പിക്കുന്ന പല വില്ലന്മാരും ജീവിതത്തില്‍ നന്മയുടെ നിറ കുടുമായിരിക്കും. അത്തരത്തിലൊരു കഥയാണ് നടന്‍ ശിവജി ഗുരുവായൂരിന്റേതും. സിനിമയിലും ടെലിവിഷനിലുമെല്ലാം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് ശിവജി. വില്ലന്‍ വേഷങ്ങളിലും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്.
എന്നാല്‍ ജീവിതത്തില്‍ ശിവജി ഗുരുവായൂര്‍ വീരനായകന്‍ ആണെന്നാണ് സുഹൃത്തും നടനുമായ നിയാസ് ബക്കര്‍ പറയുന്നത്. ആരോരും തുണയില്ലാത്ത രണ്ട് വയോധികരെ ദത്തെടുത്ത് അവര്‍ക്ക് താങ്ങും തണലുമായി മാറിയ വ്യക്തിയാണ് ശിവജി ഗുരുവായൂര്‍. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നിയാസ് ശിവജിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത അക്കാര്യം പങ്കുവെക്കുന്നത്. നിയാസിന്റെ വാക്കുകളിലേക്ക്:
എന്നെ നെട്ടിച്ചുകളഞ്ഞ നടന്‍ ശിവജിചേട്ടന്‍. (ശിവജി ഗുരുവായൂര്‍) ശിവജി ചേട്ടന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ 27-ാം തിയ്യതി ശനിയാഴ്ച ആണ് ഞാന്‍ ഗുരുവായൂര്‍ മെട്രോ ലിങ്ക്‌സ് കുടുംബസംഗമ ഓണാഘോഷ പ്രോഗ്രാമിന് ഗസ്റ്റ് ആയി പങ്കെടുക്കുന്നത്. കൂടെ ഞാന്‍ സ്വന്തം അനുജനെപ്പോലെ കാണുന്ന ജയദേവ് കലവൂരും ഉണ്ടായിരുന്നു. അല്പസംസാരത്തിനു ശേഷം കൊച്ചു കോമഡി പ്രോഗ്രാം അവര്‍ക്കായി ഞങ്ങള്‍ അവതരിപ്പിച്ചു. വലിയ സ്വീകരണമാണ് മെട്രോ ലിങ്ക്‌സ് അംഗങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്.
എന്നെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. അറബിക്കഥ സിനിമയിലെ വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച് നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയ മഹത്തായ നടന്‍ ശിവജി ഗുരുവായൂരിന്റെ മനുഷ്യത്വപരമായ ഇടപെടലുകള്‍. സ്വാഗത പ്രാസംഗികന്‍ ശിവജി ചേട്ടനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ ഒരു കാര്യം. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള വൃദ്ധരായ രണ്ട് മനുഷ്യരെ ദത്തെടുത്ത കഥ.
പ്രവാസിയായിരുന്ന ഒരു പാവം മനുഷ്യന്‍. ജീവിത സാഹചര്യങ്ങളാല്‍ എല്ലാം നശിച്ച് തകര്‍ന്നു പോയ പ്രായമായ ആ മനുഷ്യന്‍ പത്‌നിയുടെ കയ്യും പിടിച്ച് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നപ്പോള്‍. ഒന്നാശ്വസിപ്പിക്കാന്‍ പോലും ആരോരുമില്ലാത്ത ആ രണ്ട് വൃദ്ധരെ ചേര്‍ത്തുപിടിച്ച് സ്വന്തം വീട്ടില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു. തീര്‍ന്നില്ല സ്വന്തം പുരയിടത്തില്‍ നിന്ന് നാല് സെന്റ് ഭൂമി അവര്‍ക്കായ് നീക്കി വച്ചു. പ്രസംഗത്തിനിടെ തൊട്ടടുത്തിരുന്ന സുഹൃത്തിനോട് ഞാന്‍ ചോദിച്ചു. ശിവജിച്ചേട്ടന്‍ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ആളാണല്ലേ...?
അല്ല കാര്യമായ സമ്പാദ്യമൊന്നും അദ്ദേഹത്തിനില്ല വളരേ സാധാരണക്കാരനായ ഒരാളാണ്. ഉള്ളതില്‍ നിന്നും അദ്ദേഹം പങ്കു വയ്ക്കുന്നു അത്രേ ഉള്ളൂ? ഇക്കാര്യം ശിവാജിച്ചേട്ടനോട് സ്വകാര്യമായി ചോദിച്ചപ്പോള്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് അത്രേ ഉള്ളൂ നിയാസ് നാളത്തെ നമ്മുടെയൊക്കെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്കറിയില്ലല്ലോ. അദ്ദേഹം ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിച്ചു. പിന്നെ ഞാന്‍ മാത്രമല്ലാട്ടോ മെട്രോ ഫാമിലിയും മറ്റു പല സുഹൃത്തുക്കളും അവരോടൊപ്പമുണ്ട്.
ഞാന്‍ മനസ്സില്‍ മന്ദ്രിച്ചു. അറബിക്കഥ സിനിമയില്‍ വില്ലനായി വന്ന് എന്നെ ചൊടിപ്പിച്ച ശിവജി ഗുരുവായൂര്‍ എന്ന ഈ നടന്‍ സ്വന്തം ജീവിതം കൊണ്ട് നമ്മെ പലതും പഠിപ്പിക്കുന്ന വീരനായകനാണ്. സത്യത്തില്‍ ഇവരെപോലുള്ളവരുടെ ഫാനല്ലേ നമ്മളാകേണ്ടത്. പ്രിയപ്പെട്ട ശിവജിച്ചേട്ടനും മെട്രോ ലിങ്ക്‌സിനും എന്റെ ബിഗ് സല്യൂട്ട്. നിറഞ്ഞ സ്‌നേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates