

വളരെ സ്നേഹമുള്ള വ്യക്തിയാണ് ദുൽഖർ സൽമാനെന്ന് നടി ശ്രുതി ഹാസൻ. സെറ്റിൽ എപ്പോഴും തങ്ങൾ നല്ല വൈബ് ആയിരുന്നുവെന്നും സ്കൂൾ കാലം മുതലേ തമ്മിൽ പരിചയമുണ്ടെന്നും ശ്രുതി പറഞ്ഞു. മാഷബിൾ ഇന്ത്യ എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു ശ്രുതി.
"ചെന്നൈയിലായിരുന്നു ഞങ്ങളുടെ സ്കൂൾ കാലഘട്ടം. ദുൽഖർ ശിഷ്യയിലും ഞാൻ അബാക്കസിലും. ചെന്നൈയിലെ പേരുകേട്ട ഐസിഎസ്ഇ സ്കൂളുകളായിരുന്നു അത്. ആ സമയത്ത് ഞങ്ങൾ ഇടയ്ക്ക് കാണുമായിരുന്നു. എന്നെ ആ സമയത്ത് സോംബി എന്നായിരുന്നു ദുൽഖർ വിളിച്ചു കൊണ്ടിരുന്നത്.
എപ്പോൾ കണ്ടാലും ആ പേര് മാത്രമേ അവന്റെ വായിൽ നിന്ന് വരുകയുള്ളൂ. ക്രാൻബറീസിന്റെ സോംബി എന്ന പാട്ടായിരുന്നു ഞാൻ പല പരിപാടികൾക്കും പാടിയിരുന്നത്. ആ പാട്ടിന്റെ പേരിലാണ് അവൻ എന്നെ അങ്ങനെ വിളിച്ചിരുന്നത്. എവിടെ വച്ച് കണ്ടാലും ദേ സോംബി പോകുന്നുവെന്നായിരുന്നു സ്കൂളിലെ കുട്ടികൾ എന്നെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നത്.
കാരണം എന്റെ യഥാർഥ പേര് അവർക്കറിയില്ലായിരുന്നു. കമൽ ഹാസന്റെ മകളാണ് ഞാൻ എന്നറിയുന്നതിന് മുൻപ് വരെ ഞാൻ അവർക്ക് സോംബി ആയിരുന്നു".- ശ്രുതി ഹാസൻ പറഞ്ഞു.
ആകാസം ലോ ഒക്ക താര ആണ് ദുൽഖറും ശ്രുതി ഹാസനും ഒന്നിച്ചെത്തുന്ന ചിത്രം. ശ്രുതിയെക്കൂടാതെ സവിത വീരവല്ലിയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates