

താരങ്ങള്‍ക്കിടയിലെ ഈഗോ കാരണം സിനിമയുടെ ചിത്രീകരണം നീണ്ടു പോകേണ്ടി വന്ന അനുഭവം പങ്കിട്ട് സംവിധായകന്‍ ശാന്തിവിള ദിനേശ്. താന്‍ സഹസംവിധായകനായ എഴുന്നള്ളത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മകളാണ് ശാന്തിവിള ദിനേശ് പങ്കുവെക്കുന്നത്. മുകേഷും ജയറാമും തമ്മിലുള്ള ഈഗോയും അത് മൂലം ബുദ്ധിമുട്ടിലായ സിദ്ധിഖിനേയും കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശാന്തിവിള ദിനേശ് ഓര്‍മ പങ്കിട്ടത്. ഇരുവരും തമ്മിലുള്ള ഈഗോ കാരണം തന്റെ ഭാവി നഷ്ടമാകുമോ എന്ന് സിദ്ധിഖ് ആശങ്കപ്പെട്ടിരുന്നതായും ശാന്തിവിള ദിനേശ് പറയുന്നു. ആ വാക്കുകളിലേക്ക്:
ഞാനായിരുന്നു എഴുന്നള്ളത്തില്‍ ഡ്രസ് കണ്ടിന്യുവിറ്റി എഴുതിയിരുന്നത്. സാമ്പത്തിക ഞെരുക്കവും ആര്‍ട്ടിസ്റ്റുകളുടെ സഹകരണമില്ലായ്മയുമൊക്കെ കാരണം ഒരുപാട് കാലം കിടന്നു പോയ സിനിമയാണ് എഴുന്നള്ളത്ത്. ജയറാം, മുകേഷ്, സിദ്ധിഖ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. സിദ്ധിഖ് ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് ജഗദീഷ് ആയിരുന്നു. അദ്ദേഹം ഹിസ് ഹൈനസ് അബ്ദുള്ളയില്‍ പെട്ടുപോയി. പകരം കണ്ടെത്തിയതാണ് നവാഗതനായ സിദ്ധീഖിനെ.
ഞാന്‍ ഇതുവരെ ചെയ്ത സിനിമകളിലെ മൊത്തം സിനിമകളിലെ സീനുകളേക്കാളും സീനുകള്‍ ഈ സിനിമയില്‍ ഉണ്ടെന്ന് പറഞ്ഞ് ത്രില്ലടിച്ചാണ് സിദ്ധിഖ് അഭിനയിച്ചത്. സിനിമ റിലീസായാല്‍ താന്‍ തിരക്കുള്ള നടനാകും എന്ന് സിദ്ധിഖ് എപ്പോഴും പറയുമായിരുന്നു. എന്നാല്‍ ജയറാം വിജയക്കുതിപ്പ് തുടങ്ങിയ കാലമാണ്. മുകേഷ് നല്ല തിരക്കിലുള്ള സമയം. പല ഷെഡ്യൂളുകള്‍ ആയപ്പോള്‍ ഇവരുടെ ഈഗോ വര്‍ക്കൗട്ടായി.
ജയറാമിന്റെ അഞ്ച് ദിവസത്തെ ഡേറ്റ് ഒപ്പിച്ച് ഷെഡ്യൂളിന് തയ്യാറാകുമ്പോള്‍ മുകേഷ് ഞാന്‍ ദിവസങ്ങളില്‍ ഇല്ലെന്ന് പറയും. മുകേഷ് തരുന്ന ഡേറ്റുകള്‍ ജയറാമിനോട് പറയുമ്പോള്‍ ആ ദിവസങ്ങളില്‍ ഞാന്‍ കേരളത്തിലേ ഉണ്ടാകില്ല എന്നാകും അയാളുടെ മറുപടി. എന്ന് വിളിച്ചാലും വരാന്‍ ഒരു സിദ്ധിഖേ ഉള്ളൂ. ഇവന്മാര്‍ ഈഗോ കളിച്ച് എന്റെ ഭാവി കളയും എന്ന് പകുതി തമാശയായും പകുതി സങ്കടമായും സിദ്ധിഖ് പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates