'ആ കെട്ടിടത്തിന്റെ പരിസരത്ത് സുകുമാരന്‍ സാറിന്റെ ആത്മാവ് വന്നു പോകുന്നുണ്ടാകും'; സിദ്ധു പനയ്ക്കല്‍ പറയുന്നു

നോക്കുമ്പോള്‍ വെള്ള ബെന്‍സ് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ സുകുമാരന്‍ സാര്‍ വാ കയറ് എന്ന ഭാവത്തില്‍. ഞാന്‍ കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി
Sukumaran
Sukumaran
Updated on: 
2 min read

സുകുമാരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. നിലമേല്‍ ജംഗ്ഷനില്‍ സുകുമാര്‍ നിര്‍മിച്ച കട മുറികളും ഓഡിറ്റോറിയവും കണ്ടതിനെക്കുറിച്ചാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. സുകുമാരന്റെ മരണ ശേഷമാണ് മല്ലിക സുകുമാരന്‍ ഈ കെട്ടിടം വിറ്റതെന്നും അദ്ദേഹം പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ഇത് നിലമേല്‍ ജംഗ്ഷനാണ്. ഇവിടെ ഞാന്‍ ആദ്യം വരുമ്പോള്‍ ഇതൊരു തരിശുഭൂമിയായിരുന്നു. സംവിധായകന്‍ സാജന്‍ സാറില്‍ നിന്ന് നടന്‍ സുകുമാരന്‍ സാര്‍ വാങ്ങിയ സ്ഥലമാണിത്. ഈ ഭൂമി വാങ്ങിയ സുകുമാരന്‍ സാര്‍ പണിതുയര്‍ത്തിയതാണ് ഈ കാണുന്ന ഷോപ്പിംഗ് കോംപ്ലക്‌സും കല്യാണമണ്ഡപവും. ഗ്രൗണ്ട് ഫ്‌ലോറും ഫസ്റ്റ് ഫ്‌ലോറും കടമുറികള്‍ ഏറ്റവും മുകളില്‍ കല്യാണമണ്ഡപം. ആ കല്യാണമണ്ഡപത്തിന് പേരിട്ടത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സാറാണ്. 'സ്യമന്തകം' കല്യാണമണ്ഡപം. ഉദ്ഘാടനത്തിന് കെ കരുണാകരന്‍ സാറും, കെ ആര്‍ ഗൗരിയമ്മയും, തിക്കുറിശ്ശി സാറും, എംഎല്‍എമാരും, എം പി മാരും, മന്ത്രിമാരും ഉണ്ടായിരുന്നു.

ഈ ബില്‍ഡിങ് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഓരോ ഘട്ടത്തിലും സുകുമാരന്‍ സാറിന്റെ കൂടെ പോയി ഞാന്‍ ആ ബില്‍ഡിങ്ങിന്റെ പുരോഗതി കണ്ടിട്ടുണ്ട്. ആ കാലത്തൊക്കെ ഞാന്‍ ഷൂട്ടിംഗ് കഴിഞ്ഞാല്‍ എന്റെ വീട്ടിലേക്ക് പോയി രണ്ടുദിവസം താമസിച്ച ശേഷം നേരെ സുകുമാരന്‍ സാറിന്റെ വീട്ടിലേക്ക് വരും. അടുത്ത ഷൂട്ടിംഗ് വരെ ഞാന്‍ സുകുമാര്‍ സാറിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇടയ്ക്ക് സാര്‍ പറയും സിദ്ധാര്‍ത്ഥന്‍ വരൂ നമുക്ക് ബില്‍ഡിങ്ങിന്റെ പണി കണ്ടിട്ട് വരാം. അങ്ങനെ ഓരോ ഫ്‌ലോര്‍ പണിയുമ്പോഴും ഞാന്‍ ഈ ബില്‍ഡിംഗ് വന്ന് കണ്ടിട്ടുണ്ട് സാറിന്റെ കൂടെ.

പഴയകാലത്ത് സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന കാവല്‍ സുരേന്ദ്രന്‍ എന്ന ചേട്ടനാണ് ബില്‍ഡിംഗ് പണി നടക്കുമ്പോള്‍ അവിടെ കെയര്‍ടേക്കര്‍ ആയി ഉണ്ടായിരുന്നത്. മദ്രാസില്‍ നിന്ന് സിനിമ കേരളത്തിലേക്ക് പറിച്ചു നടുകയും സിനിമയിലെ അഭിനയം തീരെ ഇല്ലാതാവുകയും ചെയ്തപ്പോഴാണ് ഒരു ജോലി തേടി കാവല്‍ സുരേന്ദ്രന്‍ ചേട്ടന്‍ സുകുമാരന്‍ സാറിനെ സമീപിക്കുന്നത്. ഇപ്പോള്‍ പൃഥ്വിരാജിന്റെ മേക്കപ്പ് മാനായ പ്രമോദും സുരേന്ദ്രന്‍ ചേട്ടന്റെ സഹായിയായി അവിടെ ജോലി ചെയ്തിട്ടുണ്ട് ഈ ബില്‍ഡിങ്ങിന്റെ നിര്‍മ്മാണ ഘട്ടത്തില്‍.

ഇന്ദ്രനും രാജുവും വിദ്യാര്‍ത്ഥികള്‍ ആയിരിക്കുമ്പോഴാണ് സുകുമാരന്‍ സാര്‍ വിട പറയുന്നത്. മക്കളെ വളര്‍ത്തുകയും അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുകയും ഒക്കെ ചെയ്യുന്ന തിരക്കില്‍ ഇതുപോലെയുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ പറ്റാതെ വന്നപ്പോഴാണ് ചേച്ചി ഈ ബില്‍ഡിങ് വില്‍ക്കുന്നത്.

ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നിലമേല്‍ വഴിയാണ് വന്നത്. ഒരുപാട് തവണ വന്ന് പോയിട്ടുള്ള ഈ ബില്‍ഡിങ്ങിന് അടുത്ത് നില്‍ക്കുമ്പോള്‍. സുകുമാരന്‍ സാറിന്റെ കൂടെ അദ്ദേഹത്തിന്റെ ബെന്‍സ് കാറില്‍ ഈ സ്ഥലത്ത് വന്നിറങ്ങുന്നതും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം പറഞ്ഞു കൊടുത്ത രീതിയില്‍ തന്നെയാണോ പണി നടക്കുന്നത് എന്ന് ഓരോ സ്ഥലത്തും ചെന്ന് നോക്കുന്നതും. അവസാനം ഓഫീസ് റൂമില്‍ വന്നിരിക്കുമ്പോള്‍ അടുത്ത ചായക്കടയില്‍ നിന്ന് ചായയും സ്‌നാക്‌സും വരുത്തി കഴിക്കുന്നതും എല്ലാം എനിക്ക് ഓര്‍മ്മ വന്നു.

ആ ഓര്‍മ്മകളില്‍ ഒരു നിമിഷം ഞാന്‍ എന്നെ തന്നെ മറന്നു പോയി. സിദ്ധാര്‍ത്ഥ ഇവിടെ നിന്നാല്‍ മതിയോ നമുക്ക് വീട്ടിലേക്ക് പോകണ്ടേ എന്ന സുകുമാരന്‍ സാറിന്റെ ശബ്ദം കേട്ടാണ് എനിക്ക് പരിസരബോധം ഉണ്ടായത്. പെട്ടെന്ന് കണ്ണു മിഴിച്ചു നോക്കുമ്പോള്‍ വെള്ള ബെന്‍സ് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ സുകുമാരന്‍ സാര്‍ വാ കയറ് എന്ന ഭാവത്തില്‍. ഞാന്‍ കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി. വെള്ളക്കാര്‍ അവിടെത്തന്നെയുണ്ട് ബെന്‍സ് അല്ല ഇന്നോവ. ഡ്രൈവിംഗ് സീറ്റില്‍ സുകുമാരന്‍ സാറുമല്ല ഉദയന്‍. ചേട്ടാ പോകണ്ടേ.

ഞാന്‍ കാറില്‍ കയറി കാര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. സാറിന്റെ ശബ്ദം തന്നെയാണല്ലോ ഞാന്‍ കേട്ടത്. ഒരുപക്ഷേ താന്‍ കുടുംബത്തിന് വേണ്ടി പടുത്തുയര്‍ത്തിയ ആ കെട്ടിടത്തിന്റെ പരിസരത്തൊക്കെ, നമ്മള്‍ ആത്മാവ് എന്നൊക്കെ പറയാറില്ലേ.. ആഗ്രഹങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാകാതെ കടന്നുപോയ സാറിന്റെ ആത്മാവ് വല്ലപ്പോഴും ഒക്കെ വന്നു പോകുന്നുണ്ടായിരിക്കാം. ഇപ്പോഴും അദ്ദേഹം അവിടെ വന്നിട്ടുണ്ടായിരിക്കും. ഫോട്ടോയുടെ വലത്തേ അറ്റത്ത് എസ് എച്ച് ഓഡിറ്റോറിയം എന്ന ബോര്‍ഡിന് താഴെ ബാരിക്കേടില്‍ കൈകുത്തി നില്‍ക്കുന്ന പൊട്ടുപോലെ കാണുന്നതാണ് ഈയുള്ളവന്‍.

Sukumaran
ആവേശവും കുമ്പളങ്ങി നൈറ്റ്‌സും പോലുള്ള സിനിമകള്‍ തമിഴില്‍ ആഘോഷിക്കപ്പെടില്ല, ഇവിടെ വിജയിക്കുക ആക്ഷനും വയലന്‍സും: അറ്റ്‌ലീ
Sukumaran
"അംബാഡി'യുടെ അർഥം ഇപ്പോൾ എല്ലാവർക്കുമറിയാം; കമന്റ് ബോക്സ് കാണുമ്പോൾ പേടിയാകുന്നു എന്ന് പറഞ്ഞവരുണ്ട്'
Sukumaran
'സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? നഷ്ടപരിഹാരത്തുക കിട്ടുമോ?'; മറുപടിയുമായി രേണു സുധി
Summary

Sidhu Panakkal pens a memory about actor Sukumaran and a building he built.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com