

സിനിമാ ലോകത്തു നിന്നുമുള്ള സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനങ്ങളെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. പൃഥ്വിരാജ് നല്‍കിയ സമ്മാനം തന്നെ വിസ്മയിപ്പിച്ചതാണെന്നാണ് സിദ്ധു പറയുന്നത്. കാര്‍ ആണ് പൃഥ്വിരാജ് സിദ്ധുവിന് സമ്മാനിച്ചത്. ആന്റണി പെരുമ്പാവൂര്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ നല്‍കിയ സമ്മാനങ്ങളെക്കുറിച്ചും സിദ്ധു തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
സമ്മാനങ്ങള്‍ ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അത് പ്രിയപ്പെട്ടവരില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും. ആദ്യം എനിക്ക് കിട്ടിയ സമ്മാനം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അളിയന്‍ മദ്രാസില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണക്കളറുള്ള ഒരു പേനയാണ്.
പടയണിയുടെ പ്രൊഡക്ഷന്‍ മാനേജരായി സുകുമാരന്‍ സാറിനടുത്തെത്തിയപ്പോള്‍,അദ്ദേഹം ആദ്യം എനിക്ക് സമ്മാനിച്ചത് രണ്ടു മുണ്ടാണ്. ആ കാലത്തെ സൂപ്പര്‍സ്റ്റാറില്‍ നിന്ന് ലഭിച്ച ആദ്യ സമ്മാനം അമൂല്യമായ നിധിയായി 40 വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ സൂക്ഷിക്കുന്നു.
മല്ലിക ചേച്ചിയില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇന്നും ചേച്ചി വിദേശത്ത് പോയി വരുമ്പോള്‍ എനിക്കും കുടുംബത്തിനും ഉള്ള സമ്മാനങ്ങളുമായാണ് തിരിച്ചു വരാറ്. ഓണത്തിനും വിഷുവിനും ചേച്ചിയുടെ പ്രത്യേക സമ്മാനങ്ങള്‍ വേറെ. ഞാന്‍ തിരുവനന്തപുരത്തേക്ക് കുടുംബത്തോടു കൂടി താമസം മാറി. ഇവിടെ വന്ന് എന്റെ മൂത്ത മകന് ആദ്യമായി സമ്മാനം കൊടുത്തത് ഇന്ദ്രജിത്താണ്. അവന്റെ പിറന്നാള്‍ദിനത്തില്‍ ഒരു സൈക്കിള്‍.
പൃഥ്വിരാജിന്റെ സമ്മാനമാണ് എന്ന് വിസ്മയിപ്പിച്ചു കളഞ്ഞത്. എനിക്ക് കാര്‍ ഇല്ലാത്ത കാലത്ത് ഒരു കാര്‍ ആയിരുന്നു രാജുവിന്റെ സമ്മാനം 2008 ല്‍. എന്റെ ഇളയ മകന്‍ ഉണ്ണി ചെറിയ കുട്ടിയാണ് അന്ന്. അവന്‍ എന്നോട് ചോദിച്ചു എല്ലാവര്‍ക്കും കാറുണ്ടല്ലോ അച്ഛന് എന്താ കാര്‍ ഇല്ലാത്തത്. ഈ സംസാരം മല്ലിക ചേച്ചിയുടെ ചെവിയില്‍ എത്തുകയും ചേച്ചി ഉണ്ണിയുടെ ചോദ്യം രാജുവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാര്‍ സമ്മാനമായി ലഭിച്ചത്. അതിനുമുന്‍പും എന്റെ മക്കള്‍ക്ക് കമ്പ്യൂട്ടര്‍, മൂത്തമകന്‍ എസ്എസ്എല്‍സി പാസായപ്പോള്‍ ലാപ്‌ടോപ് അങ്ങനെ നിരവധി സമ്മാനങ്ങള്‍ രാജു എന്റെ മക്കള്‍ക്കും നല്‍കിയിട്ടുണ്ട്.
ആന്റണി പെരുമ്പാവൂര്‍ വിദേശത്ത് പോയി വരുമ്പോഴൊക്കെ നിരവധി സമ്മാനങ്ങള്‍ തന്നിട്ടുണ്ട് എനിക്ക്. ദൃശ്യം 2 വില്‍ അഭിനയിച്ച എന്റെ ഇളയ മകന് ഒരു സ്വര്‍ണ നാണയം ആണ് ആന്റണി സമ്മാനിച്ചത്. ആശിര്‍വാദിന്റെ സിനിമകള്‍ കൂടുതലും എന്നെക്കൊണ്ട് ചെയ്യിക്കുന്നു എന്നുള്ളതാണ് ആന്റണി എനിക്ക് തരുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം.
63 സിനിമകളായി ഞാന്‍ ഇയാളെ സഹിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ലൂസിഫര്‍ സിനിമയുടെ വിജയാഘോഷ വേളയില്‍, വലിയ സദസ്സിനു മുന്നില്‍ ലാലേട്ടന്‍ പറഞ്ഞത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അമൂല്യമായ സമ്മാനമാണ്.
ഞാന്‍ വര്‍ക്ക് ചെയ്ത സല്യൂട്ട് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ്. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ദുല്‍ഖറിന്റെ കമ്പനിയിലെ സുജയ് എന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. ദുല്‍ഖറിന്റെതായി ഒരു സമ്മാനം പാക്കറ്റ് എന്നെ ഏല്‍പ്പിച്ചു. എനിക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ ഭരമുള്ളതായിരുന്നു ആ സമ്മാന പാക്കറ്റ്. വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സ്വീറ്റ്‌സ്, ചോക്ലേറ്റ് സൗന്ദര്യവര്‍ധകവസ്തുക്കള്‍, മാസ്‌ക്, കലണ്ടര്‍ ഡയറി, സ്‌പ്രേ ഇനിയും പല ഐറ്റങ്ങള്‍. ഇതൊന്നും സാധാരണ കടകളില്‍ വാങ്ങാന്‍ കിട്ടുന്നവ ആയിരുന്നില്ല.
ദുല്‍ഖറിന്റെ കൈയില്‍നിന്ന് മുന്‍പും എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട്, ഞാന്‍ അദ്ദേഹത്തിന്റെ സോളോ എന്ന പടം വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് മകള്‍ ജനിച്ചത്. ആ സമയത്തും അദ്ദേഹം സമ്മാനം തന്നിരുന്നു. രാജു എനിക്ക് സമ്മാനിച്ച കാറിന്റെ ഡെലിവറി സമയത്ത് എടുത്ത ഫോട്ടോയാണ് ഇതിനോടൊപ്പം ഉള്ളത്. ഇനിയുമിനിയും സമ്മാനങ്ങള്‍ വാങ്ങാനുള്ള ഭാഗ്യം എനിക്കും സമ്മാനങ്ങള്‍ തരാനുള്ള മനസ് അവര്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates