

മലയാളികളുടെ പ്രിയ നായികയാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട് നവ്യ. വിവാഹ ശേഷം പത്ത് വര്‍ഷത്തോളം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു നവ്യ. തിരിച്ചുവരവില്‍ നവ്യയോട് മലയാളിയ്ക്കുണ്ടായിരുന്ന സ്‌നേഹത്തിന് തെല്ലും കുറവ് സംഭവിച്ചിരുന്നില്ല. ഇന്ന് സിനിമയിലും നൃത്തത്തിലുമൊക്കെയായി സജീവമാണ് നവ്യ.
നവ്യയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിലേക്ക് നവ്യ എത്തിയതിനെക്കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. അവിചാരിതായമായി കണ്ടൊരു മാസികയുടെ കവര്‍ ചിത്രത്തില്‍ നിന്നുമാണ് നവ്യ നായര്‍ എന്ന നടിയുണ്ടാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ആ വാക്കുകളിലേക്ക്.
ഇന്നലെ നവ്യ നായരുടെ ഒരു വീഡിയോ ഞാന്‍ ഷെയര്‍ ചെയ്തിരുന്നു.. മനോരമയുടെ കവര്‍പേജ് കണ്ടിട്ട് തന്നെയാണ് നവ്യയെ ഓഡിഷന് വിളിച്ചത്. അതില്‍ നവ്യയ്ക്ക് അറിയാത്ത കുറച്ചു കാര്യം കൂടി ഉണ്ട്. ഇത് ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയിട്ടുള്ളതാണ്.
2001ല്‍ ഇഷ്ടം സിനിമയുടെ എഴുത്തും, ലൊക്കേഷന്‍ നോക്കലും, നായികയെ തിരയലും ഒക്കെയായി ഞങ്ങള്‍ തൃശൂരില്‍ ലൂസിയ ഹോട്ടലില്‍ താമസിക്കുന്ന സമയം. നിര്‍മാണം ഡേവിഡ് കാച്ചപ്പള്ളിചേട്ടന്‍, സംവിധാനം സിബി മലയില്‍ സാര്‍, നായകന്‍ ദിലീപ്. ലൊക്കേഷന്‍ നോക്കുന്ന സമയത്ത് ഞാന്‍ ഗുരുവായൂര്‍ വീട്ടിലാണ് താമസം. രാവിലെ ഗുരുവായൂര്‍ നിന്ന് തൃശൂര്‍ വരും വൈകീട്ട് തിരിച്ചു പോകും.
സിബി സാറിന്റെ പടത്തിലേക്ക് നായികയെ അന്വേഷിക്കുന്ന കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ജോലികളും ഒന്നിച്ചു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ നായികയെ ഫിക്‌സ് ചെയ്തു. ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുള്ള കുട്ടിയാണ് മാതൃഭാഷ തെലുങ്ക്. ആ പടത്തിന്റെ കാസിറ്റ് കണ്ടു. നല്ല ആര്‍ട്ടിസ്റ്റ് ആണ് എന്ന് എല്ലാവര്‍ക്കും ബോധ്യമായി. സിബി സാര്‍ അന്ന് മദ്രാസില്‍ ആണ് താമസം. ഒരു ദിവസത്തേക്ക് സിബിസാര്‍ വീട്ടില്‍ പോകുന്നു. ആ പെണ്‍കുട്ടിക്ക് കൊടുക്കാനുള്ള അഡ്വാന്‍സ് സാറിന്റെ കയ്യില്‍ കൊടുത്തയക്കാന്‍ ഡേവിഡ് കാച്ചപ്പിള്ളി ചേട്ടന്‍ തീരുമാനിച്ചു.
മദ്രാസിലെ അന്നത്തെ മാനേജര്‍ അഗസ്റ്റിനെ വിളിച്ചു പറഞ്ഞു സിബിസാര്‍ മറ്റന്നാള്‍ വരും നായികക്കുള്ള അഡ്വാന്‍സ് കൊടുത്തയാക്കുന്നുണ്ട്. സിബിസാര്‍ മദ്രാസിലേക്ക് പോകുന്ന അന്ന് രാവിലെ ഞാന്‍ തൃശൂര്‍ക്ക് പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ ഭാര്യ അന്ന് വന്ന മനോരമ വീക്കിലിയുടെ കവര്‍ പേജ് എന്നെ കാണിച്ചു സിബി സാറിന്റെ പടത്തിനു പറ്റുമോ എന്ന് നോക്കാന്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ.ജീന്‍സും ടി ഷര്‍ട്ടും ടി ഷര്‍ട്ടിനു മേലെ വേറെ ഒരു ഡ്രസ്സ് കൂടി ഉണ്ട്. കാലിന്മേല്‍ കാല്‍കയറ്റിവെച്ചുള്ള ഇരിപ്പും കൊള്ളാം. അകത്തെ പേജില്‍ പേര് നോക്കി ധന്യ.
കാസിനോയില്‍ കലവൂര്‍ രവികുമാറിന്റെ റൂമില്‍ എത്തിയ ഉടനെ ആ പടത്തിന്റെ കാഷ്യര്‍ ബാലമുരളിയ വിളിച്ച് ഒരു മനോരമ വാങ്ങിപ്പിച്ചു . ഫോട്ടോഗ്രാഫറുടെ പേര് നോക്കി ഒരു ലേഡിയാണ്. അപ്പോഴാണ് സിബി സാറിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ്മാരാര്‍ വരുന്നത്. ഗിരീഷ് പറഞ്ഞു സിദ്ധു ഞാന്‍ സിഗരറ്റ് വാങ്ങാന്‍ പെട്ടിക്കടയില്‍ ചെന്നപ്പോള്‍ മനോരമ വീക്കിലി കണ്ടു അതിന്റെ കവര്‍പേജ് ഒരു പെണ്‍കുട്ടി കൊള്ളാം. ഇതല്ലേ ഞാന്‍ വീക്കിലി കാണിച്ചു .
ഞാന്‍ സിബി സാറിന്റെ റൂമില്‍ ചെന്നു. ഡേവിഡ് ചേട്ടനുമുണ്ട് റൂമില്‍. വീക്കിലി ഞാന്‍ സിബിസാറിനെ കാണിച്ചു നോക്കിയിട്ട് സാര്‍ ഡേവിഡ് ചേട്ടനു കൊടുത്തു. പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായില്ല. ഞാന്‍ റൂമിലേക്ക് മടങ്ങി.
ഒരാളെ സിനിമാതാരമാവാന്‍ ദൈവം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്.അതുകൊണ്ടാവാം സിബിസാറില്‍ നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞിട്ടും ഈ കുട്ടി ആരാണ് എന്ന ചോദ്യം വെറുതെ മനസ്സില്‍ തികട്ടിവന്നു. അന്വേഷിക്കാന്‍ തീരുമാനിച്ചു. തൃശൂര്‍ മനോരമയിലേക്കു വിളിച്ചു. ഗിരീഷ് ആണ് വിളിച്ചത്. കവര്‍പേജിന്റെ കാര്യം തൃശൂര്‍കാര്‍ക്ക് അറിയില്ല അതിന് കോട്ടയത്ത് വിളിക്കണം. കോട്ടയത്തെ നമ്പര്‍ തന്നു. വിളിച്ചു കോട്ടയത്തുനിന്ന് ഫോട്ടോഗ്രാഫറുടെ നമ്പര്‍ കിട്ടി. തൃശൂര്‍കാരിയാണ് ഫോട്ടോഗ്രാഫര്‍.
വൈകീട്ട് ഞാന്‍ തൃശൂരില്‍ നിന്ന് വീട്ടിലേക്കു പോകുന്നത് വരെ ആ നമ്പറില്‍ മാറി മാറി വിളിച്ചു ഞാനും ഗിരീഷും. ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല.വൈകീട്ട് സിബിസാര്‍ നായികക്കുള്ള അഡ്വാന്‍സുമായി മദ്രാസിലേക്ക് പോകുകയും ചെയ്തു. വീട്ടില്‍ എത്തിയിട്ടും ഞാന്‍ വിളി തുടര്‍ന്നു. രാത്രി 9.30 തോടുകൂടി ഫോണില്‍ കിട്ടി.
പകല്‍ മുഴുവന്‍ ആ ഫോണ്‍ ഔട്ട് ഓഫ് ഓര്‍ഡര്‍ ആയിരുന്നു. അപ്പോള്‍ മറ്റൊരു കാര്യം കൂടി അറിഞ്ഞു. ഫോട്ടോഗ്രാഫര്‍ പുരുഷന്‍തന്നെയാണ്. പക്ഷെ അദ്ദേഹം എടുക്കുന്ന ഫോട്ടോസ് ചില പ്രത്യേക പ്രസിദ്ധീകരണങ്ങളിലെ പ്രസിദ്ധീകരിക്കാന്‍ പാടുള്ളു. അതുകൊണ്ട് അദ്ദേഹം എടുക്കുന്ന ചില ഫോട്ടോസ് വൈഫിന്റെ പേരിലാണ് മറ്റു പ്രസിദ്ധീകരണങ്ങളില്‍ വരാറ്. കാര്യം പറഞ്ഞു. അദ്ദേഹം നമ്പര്‍ തന്നു വിളിച്ചോളാന്‍ പറഞ്ഞു.
രാത്രി അസമയത്ത് ഒരു വീട്ടിലേക്കു വിളിച്ച് സിനിമയില്‍ അഭിനയിക്കുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ടാകാവുന്ന പ്രതികരണം അറിയാവുന്നതുകൊണ്ട് ഞാന്‍ പറഞ്ഞു താങ്കള്‍ വിളിക്കുക. സമ്മതമാണെന്ന് പറഞ്ഞാല്‍ ഞാന്‍ വിളിച്ചോളാം. സമ്മതം -5 മിനിറ്റിനുള്ളില്‍ മറുപടിയെത്തി. ഒരു കാര്യം കൂടി പറഞ്ഞു പുള്ളി. ഞാന്‍ എടുത്ത ഈ കുട്ടിയുടെ കുറച്ചു ഫോട്ടോസ് കൂടി ഉണ്ട്. നാളെ തൃശൂരില്‍, ഒരു ഫോട്ടോ സ്റ്റുഡിയോയുടെ പേര് പറഞ്ഞു. ഞാന്‍ അവിടെ ഫോട്ടോസ് കൊടുക്കാം നിങ്ങള്‍ അത് വാങ്ങിച്ചോളൂ.
ഞാന്‍ ധന്യയെ വിളിച്ചു. അച്ഛനെ ഫോണില്‍ കിട്ടി. കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു മോള്‍ sslc എക്‌സാം എഴുതി ഇരിക്കുകയാണ്. കുറേകാലമായി ഉറക്കമൊഴിഞ്ഞു പഠിച്ചു കോലംകെട്ട അവസ്ഥയിലാണ്. രണ്ട് മൂന്ന് ആഴ്ചകഴിഞ്ഞു വന്നാല്‍ മതിയോ. അതുപറ്റില്ല രണ്ട് ആഴ്ച കഴിഞ്ഞാല്‍ ഷൂട്ടിങ് തുടങ്ങും. വരികയാണെങ്കില്‍ മറ്റന്നാള്‍ വരു. മറ്റന്നാള്‍ സിബിസാര്‍ മദ്രാസില്‍ നിന്ന് വരും. വരാമെന്ന് അവര്‍ സമ്മതിച്ചു. സിബിസാര്‍ ആയത് കൊണ്ടാണ് ഞാന്‍ ധൈര്യമായി അവരോട് വരാന്‍ പറഞ്ഞത്. എന്തും ശാന്തമായി സൗമ്യമായി കൈകാര്യം ചെയ്യുന്ന ആളാണ് സിബിസാര്‍.
നമ്മള്‍ ഒരാള്‍ക്ക് അഡ്വാന്‍സ് കൊടുത്തിരിക്കയല്ലേ ആര് പറഞ്ഞു ഇവരോട് വരാന്‍ പറയാന്‍ എന്ന ചോദ്യം സിബിസാറായതുകൊണ്ട് ഉണ്ടാവില്ല എന്ന ധൈര്യം. ഞാന്‍ അപ്പോള്‍തന്നെ ഗിരീഷിനെ വിളിച്ച് വിവരം പറഞ്ഞു. നാളെ വരുമ്പോള്‍ ഫോട്ടോസ് വാങ്ങി വരാമെന്ന് ഗിരീഷ് ഏറ്റു. പിറ്റേന്ന് ഫോട്ടോ കിട്ടി. മറുനാള്‍ ഞാന്‍ ഹോട്ടലില്‍ എത്തുമ്പോള്‍ സിബിസാറും ഡേവിഡ് ചേട്ടനും ലൊക്കേഷന്‍ കാണാന്‍ പോകാന്‍ റെഡിയായി നില്‍ക്കുന്നു. ഞങ്ങള്‍ പുറപ്പെട്ടു.
യാത്രയില്‍ ഫോട്ടോ സിബിസാറിനെ കാണിച്ചു. കളിവീടില്‍ മഞ്ജുവാരിയരെ പോലെ തോന്നുന്ന ഒരു ഫോട്ടോ അതില്‍ ഉണ്ടായിരുന്നു. അത് സിബിസാറിന് ഇഷ്ടമായി. മിനിഞ്ഞാന്ന് മനോരമയില്‍ കണ്ട കുട്ടിയാണെന്നും ഇന്ന് അവരോടു വരാന്‍ പറഞ്ഞിട്ടുണ്ടെന്നും ഞാന്‍. വരട്ടെ ഇതായിരുന്നു സാറിന്റെ പ്രതികരണം. വന്നു. ആ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിട്ടുള്ള കുട്ടിയാണ് ധന്യ. അങ്ങിനെയാണ് ഫോട്ടോ കവര്‍പേജായി വന്നതെന്ന് തോനുന്നു.
വന്നു, കണ്ടു സംസാരമെല്ലാം കഴിഞ്ഞു. ഡയറക്ടര്‍ k മധു സാറിന്റെ പെങ്ങളുടെ മകളാണ് ധന്യ എന്ന് മനസിലായി. അപ്പോള്‍ ഒരുപദേശം കൊടുക്കാന്‍ സിബിസാര്‍ മറന്നില്ല, സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ നായികയായി അഭിനയിക്കണം. ഇതു കേട്ടപ്പോള്‍ സിബി നമ്മുടെ പടത്തിനു വേണ്ടിയല്ലേ നോക്കുന്നത് എന്ന് ഡേവിഡ് ചേട്ടന്റെ ചോദ്യം എന്റെ ചെവിയില്‍.
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം കലോത്സവത്തില്‍ ചെയ്ത ഏതെങ്കിലും ഒരൈറ്റം ചെയ്യുവാന്‍ സിബിസാര്‍ ആവശ്യപ്പെട്ടു. കിടിലന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ധന്യ കാഴ്ചവെച്ചത്. സിബി സാറും ഡേവിഡ് ചേട്ടനും അത്ഭുതപ്പെട്ടുപോയി ഞാനും .അവിടെ ധന്യയില്‍ നിന്ന് നവ്യാനായര്‍ ജനിക്കുകയായിരുന്നു.
പെര്‍ഫോം ചെയ്ത കാസിറ്റ് ദിലീപിനെ കാണിച്ചു. സിബിസാറിന്റെ പ്രത്യേക ആവശ്യപ്രകാരം മഞ്ജുവും അത് കണ്ടു. ധന്യയില്‍ ഒരു വലിയ കലാകാരി ഉറങ്ങിക്കിടക്കുന്നു എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.ജ്യോതിര്‍മയിയുടെയും ആദ്യ സിനിമ ഇഷ്ടം ആണെന്നാണ് എന്റെ ഓര്‍മ. തൃശൂരിലെ ഒരു മാളില്‍ എസ്‌കലേറ്ററില്‍ മുകളിലേക്കു വരുന്നതായിരുന്നു നവ്യയുടെ ആദ്യ ഷോട്ട്. സിനിമയുടെ ഉയരങ്ങളിലേക്കുള്ള ധന്യയുടെ യാത്രയുടെ തുടക്കമായിരുന്നു അത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates