

വെട്രിമാരൻ- ചിമ്പു കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് അരസൻ. ഇപ്പോഴിതാ അരസന്റെ പ്രൊമോ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ വടാ ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തിൽ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രൊമോ വിഡിയോ നൽകുന്ന സൂചന.
ചെറുപ്പക്കാരന്റെ ഗെറ്റപ്പിലും മധ്യവയസ്കന്റെ ഗെറ്റപ്പിലുമുള്ള ചിമ്പുവിനെ വിഡിയോയിൽ കാണാൻ കഴിയുക. സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെയും വിഡിയോയിൽ കാണാം. അൻ അൺടോൾഡ് ടെയ്ൽ ഫ്രം ദ് വേൾഡ് ഓഫ് വടാ ചെന്നൈ എന്നാണ് പ്രൊമോ വിഡിയോയുടെ അവസാനം കൊടുത്തിരിക്കുന്ന ടാഗ്ലൈൻ.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അനിരുദ്ധും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന പ്രൊജക്ട് കൂടിയാണ് അരസൻ. വെട്രിമാരനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ആടുകളം, വടാ ചെന്നൈ, അസുരൻ, വിസാരണൈ, വിടുതലൈ തുടങ്ങി മികച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വെട്രിമാരൻ ചിമ്പുവിനെ നായകനാക്കി ചിത്രമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് തെന്നിന്ത്യൻ പ്രേക്ഷകരും.
വടാ ചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും വടക്കൻ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരൻ എത്തുമ്പോൾ തമിഴ് സിനിമയിലെ മറ്റൊരു ഫിലിം ഫ്രാഞ്ചൈസിക്ക് കൂടിയാണ് തുടക്കമാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates