

വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിച്ചെത്തുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തിൽ പ്രധാനവേഷത്തിൽ നടൻ ചിമ്പു എത്തുന്നുണ്ട്. തഗ് ലൈഫ് പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിലും തഗ് ലൈഫ് ടീം എത്തിയിരുന്നു. പ്രൊമോഷനിടെ ചിമ്പു പറഞ്ഞ കാര്യങ്ങളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നായകനായി സിനിമയിലെത്തിയ ശേഷം ഒരുപാട് വിവാദങ്ങൾ തേടിയെത്തിയിട്ടുള്ള നടൻ കൂടിയാണ് ചിമ്പു. ഏറ്റവും കൂടുതൽ നടന് എതിരെ വന്നിട്ടുള്ള വിമർശനം കൃത്യസമയത്ത് ഷൂട്ടിങ്ങിന് എത്തില്ല എന്നതായിരുന്നു. മണിരത്നം സിനിമയുടെ സെറ്റുകളിൽ താൻ കൃത്യനിഷ്ഠ പാലിക്കുന്നതിന്റെ കാരണം പറയുകയാണ് ചിമ്പു.
"തഗ് ലൈഫിലെ ജിംഗ്ച്ച സോങ് റിലീസ് ചെയ്യുന്നതിന് തലേദിവസം വരെ റഹ്മാൻ സാർ അതിന്റെ മിനുക്ക് പണിയിലായിരുന്നു. ഇനിയും എന്തെങ്കിലുമൊക്കെ ചെയ്ത് കൂടുതൽ നന്നാക്കാൻ പറ്റുമോ എന്നാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. ആദ്യ സിനിമ മുതൽ ഈ സിനിമ വരെയും അദ്ദേഹം അത് ചെയ്യുന്നുണ്ട്. മണി സാറും അതുപോലെയാണ്. അദ്ദേഹം ഷൂട്ടിങ് അതിരാവിലെ വെയ്ക്കുന്നുവെന്ന പരാതി പലരും പറഞ്ഞ് കേൾക്കാറുണ്ട്.
വളരെ സ്ട്രിക്ടാണ്. എല്ലാം കൃത്യമായി നടക്കണമെന്ന് നിർബന്ധമുള്ളയാളുമാണ്. ഞാൻ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം പലരും എന്നോട് ചോദിച്ച ചോദ്യമുണ്ട്. മണി സാറിന്റെ സിനിമയാണെങ്കിൽ സമയക്രമം പാലിക്കാൻ ചിമ്പുവിന് അറിയാമല്ലോ..? എന്താ മണി സാറിനെ പേടിയാണോ? അതോ അദ്ദേഹം സ്ട്രിക്ടാണോ എന്നൊക്കെ എന്നോട് പലരും ചോദിക്കാറുണ്ട്. എനിക്ക് അദ്ദേഹത്തെ പേടിയില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.
മണി സാറിന്റെ സിനിമയുടെ ഷൂട്ടിങിന് ഒരു ദിവസം പോലും ഞാൻ വൈകി സെറ്റിൽ പോയിട്ടില്ല. ചിലപ്പോഴൊക്കെ മണി സാർ എത്തും മുമ്പ് സെറ്റിൽ എത്തിയിട്ടുമുണ്ട്. ഒരു സംവിധായകനേയും നിർമാതാവിനേയും വിശ്വസിച്ച് ഒരു അഭിനേതാവ് സെറ്റിൽ ഷൂട്ടിന് എത്തുമ്പോൾ പറഞ്ഞ സമയത്ത് ഷൂട്ടിങ് നടക്കണം. അതുപോലെ സംവിധായകൻ സമയത്ത് വരണം. മണി സാർ അത് ചെയ്യാറുണ്ട്. സംവിധായകൻ അത് ചെയ്യുമ്പോൾ മാത്രമേ അഭിനേതാക്കളും മറ്റുള്ളവരും അദ്ദേഹത്തെ പിന്തുടരുകയുള്ളൂ.
എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന കൃത്യമായ ധാരണയും അദ്ദേഹത്തിനുണ്ട്. അതുപോലെ ഒരു അഭിനേതാവിന്റെയും സമയമോ കോൾ ഷീറ്റോ ഒന്നും അദ്ദേഹം വെറുതെ പാഴാക്കില്ല. പറഞ്ഞ സമയത്ത് എല്ലാം ചെയ്ത് പൂർത്തിയാക്കും, പടം റിലീസ് ചെയ്യും. കൃത്യമായി പെയ്മെന്റും തരും. ഇത്രയൊക്കെ ഒരാൾ വർഷങ്ങളായി പെർഫെക്ടായി ചെയ്ത് വരുമ്പോൾ ഞാനെന്നല്ല ആരായാലും കൃത്യസമയത്ത് ഷൂട്ടിന് സെറ്റിൽ എത്തില്ലേ?". ചിമ്പു പറഞ്ഞു.
"മണിരത്നത്തെ പോലുള്ള സംവിധായകരെ കിട്ടിയിരുന്നെങ്കിൽ ഞാൻ കൂടുതൽ സിനിമകൾ ചെയ്യുമായിരുന്നു, എന്റെ ആരാധകർക്ക് അത് സന്തോഷം ആകുമായിരുന്നു. ആളുകൾ കരുതുന്നത് ഞാൻ ഷൂട്ടിന് പോകാറില്ല, കൃത്യസമയത്ത് വരാറില്ല എന്നൊക്കെയാണ്. പക്ഷേ സിനിമയല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല, അപ്പോൾ ഷൂട്ടിങ്ങിന് പോകാതെ ഞാൻ എന്തിനാണ് വീട്ടിൽ ഇരിക്കുന്നത്.
ആളുകൾ തെറ്റായ ധാരണ വച്ചു പുലർത്തിയിരിക്കുകയാണ്. മണിരത്നം സാർ മറ്റൊരു സിനിമയിലേക്ക് എന്നെ വിളിച്ചാൽ, ഞാൻ എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. അത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ്".- ചിമ്പു കൂട്ടിച്ചേർത്തു. ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates