

ഒരുകാലത്ത് തെന്നിന്ത്യയാകെ ഉയര്‍ന്നു കേട്ട ശബ്ദം. സിനിമയിലെന്നത് പോലെ സ്‌റ്റേജ് ഷോകളിലും നിറഞ്ഞു നിന്നിരുന്ന ഗായിക, ചിത്ര അയ്യര്‍. പലരും കരിയര്‍ അവസാനിക്കുന്ന മുപ്പത്തിനാലാം വയസില്‍ പിന്നണി ഗാന രംഗത്തേക്ക് കടന്നു വന്ന് ഇഷ്ടമല്ലെടാ, ചുണ്ടത്ത് ചെത്തിപ്പൂ, മാട്ടുപ്പെട്ടി കോവിലിലേ തുടങ്ങി ഒരുകാലത്തെ യുവാക്കളെ കയ്യിലെടുത്ത പാട്ടുകള്‍ പാടിയ ഗായികയാണ് ചിത്ര അയ്യര്‍.
ചിത്രയുടെ സംഗീത യാത്രയ്ക്ക് 25 വയസാവുകയാണ്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി സിനിമയുടെ സംഗീത ലോകത്ത് ചിത്രയില്ല. ഇടക്കാലത്ത് അഭിനയത്തിലേക്കും കടന്നു വന്നിരുന്നു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചിത്ര അയ്യര്‍. താന്‍ എവിടേയും പോയതല്ലെന്നാണ് ഇടവേളയെക്കുറിച്ച് ചിത്ര പറയുന്നത്.
''എങ്ങും പോയിട്ടില്ല, ഇതെന്റെ നാടല്ലേ. സിനിമാ ഗാനങ്ങള്‍ പാടുന്നില്ലെന്നത് ശരിയാണ്. അവസരങ്ങള്‍ ലഭിക്കണ്ടേ. അതുകൊണ്ട് അഭിനയത്തിലേക്ക് കടന്നു. ഇപ്പോള്‍ വീണ്ടും സ്‌റ്റേജ് ഷോകള്‍ ചെയ്യാന്‍ തുടങ്ങി. സ്വന്തമായി ഒരു മ്യൂസിക് ബാന്റുണ്ട്'' എന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറയുന്നുണ്ട്.
ആരോടും ചാന്‍സ് ചോദിച്ചില്ല. ചോദിക്കണമായിരുന്നു. എനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് കാരണം ഞാന്‍ തന്നെയാണ്. അല്ലാതെ എന്നെ ഫീല്‍ഡില്‍ നിന്നും പുറത്താക്കാന്‍ ആരും പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതല്ല. അവസരങ്ങള്‍ ചോദിക്കണമായിരുന്നു. പക്ഷെ ചെയ്തില്ല. അമൃത ചാനലിലെ റിയാലിറ്റി ഷോയില്‍ ഞാനും ജയചന്ദ്രന്‍ സാറും വിധികര്‍ത്താക്കളായിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അദ്ദേഹത്തോട് ഞാന്‍ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും താരം പറയുന്നു.
സംഗീതവും കുടുംബവും ഉത്തരവാദിത്തങ്ങളും വളര്‍ത്തു മൃഗങ്ങളും എല്ലാം കൂടിച്ചേരുന്നതാണ് എന്റെ ലോകം. പാടാനിഷ്ടമാണ്. പാചകം ചെയ്യാനും. ജീവിതത്തിലെ സകല വേഷങ്ങളും ഞാന്‍ ആസ്വദിക്കുന്നുവെന്നാണ് തന്റെ ലോകത്തെക്കുറിച്ച് ചിത്ര പറയുന്നത്.
കഴിഞ്ഞ വര്‍ഷം അമ്മ മരിച്ചു. അതുവരെ അമ്മയെ പരിചരിക്കുന്നതായിരുന്നു ശ്രദ്ധ. അക്കാരണത്താല്‍ ഷോകള്‍ കുറഞ്ഞു. പതിയെ അവസരങ്ങളും കുറഞ്ഞു. കൊവിഡ് രണ്ട് തവണ പിടികൂടി. ശബ്ദത്തെ ബാധിച്ചു. വയ്യാതായി. സംഗീത ലോകത്തു നിന്ന് വിരമിക്കാം എന്നുവരെ തീരുമാനിച്ചു. അങ്ങനെയാണ് അഭിനയത്തിലേക്ക് കടന്നതെന്നും ഗായിക പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates