

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ മികച്ച വിജയം നേടിയ സിനിമകളിലൊന്നായിരുന്നു ശിവകാർത്തികേയൻ നായകനായെത്തിയ അമരൻ. 300 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം ആരാധകരുടെയും നിരൂപകരുടെയും പ്രശംസകൾ ഒരുപോലെ നേടുകയും ചെയ്തു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ശിവകാർത്തികേയൻ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമായി.
ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ. ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് സിനിമ ചെയ്യുന്നതിനേക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
"ഇതിനിടെ ഒരു ഹിന്ദി സിനിമയ്ക്ക് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ നിങ്ങൾക്കറിയാമല്ലോ, എല്ലാ ചർച്ചകളും യാഥാർഥ്യമായി മാറാറില്ല എന്ന്. ചെയ്യണമെന്ന് എനിക്ക് താല്പര്യമുണ്ട്. ഇതേക്കുറിച്ച് ആദ്യമായാണ് ഞാൻ സംസാരിക്കുന്നത്. ആമിർ ഖാൻ സാറുമായി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്റെ ആദ്യത്തെ ഹിന്ദി ചിത്രം അദ്ദേഹത്തിന്റെ ബാനറിലായിരിക്കുമെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ കൈയിൽ എന്തെങ്കിലും സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ അത് കൊണ്ടുവരാനും അദ്ദേഹം പറഞ്ഞിരുന്നു. ഒരു തിരക്കഥ ഞാൻ കേട്ടിരുന്നു, പക്ഷേ അത് നടന്നില്ല. നല്ല കഥ വരുമ്പോൾ ഉറപ്പായും അത് സംഭവിക്കും."- ശിവകാർത്തികേയൻ പറഞ്ഞു.
എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. എസ്കെ23 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തുക. ഇതിന് പുറമേ സുധ കൊങ്കരയ്ക്ക് ഒപ്പവും ശിവകാർത്തികേയൻ ചിത്രം ചെയ്യുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates