

നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ശ്രീകുമാര്‍ തമ്പി. ക്ഷേത്രോത്സവത്തില്‍ ക്രീസ്തീയ ഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദം ഭജന്‍സിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. നന്ദഗോവിന്ദത്തോട് ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നത്.
മാതൃഭൂമിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. സംഗീതത്തിന് എന്തിനാണ് ജാതിമത വേരുകളെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഹിന്ദുവായ താന്‍ എത്രയോ ക്രിസ്ത്യന്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. തന്നോട് എഴുതരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശമെന്നും അദ്ദേഹം ചോദിക്കുന്നു.
''നന്ദഗോവിന്ദം ഭജന്‍സ് ചെറുപ്പക്കാരുടെ ഒരു സംഘമാണ്. കോട്ടയത്ത് വെമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രതിഫലം വാങ്ങാതെയാണ് അവര്‍ പരിപാടി നടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതും ക്ഷേത്രത്തിനുപുറത്തുള്ള വേദിയില്‍. അതിനിടെ അവര്‍ ഒരുക്രിസ്തീയ ഭക്തിഗാനം പാടുകയും ചെയ്തു. അതു പാടില്ലത്രേ. അതുപറയാന്‍ ആര്‍ക്കാണവകാശം?'' അദ്ദേഹം ചോദിക്കുന്നു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പരിപാടികളിലും ഉത്സവവേളകളിലും സജീവമായി സഹകരിക്കുന്നത് അടുത്തുള്ള ക്രിസ്ത്യന്‍ ദേവാലയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ ദീപങ്ങള്‍ കത്തുമ്പോള്‍ പള്ളിയിലും വിളക്കുതെളിയിക്കുന്നു. ഈ മനോഹരമായ സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
തന്റെ നാടായ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ മുന്‍പ് കൊടിമരത്തിന്റെ കവുങ്ങ് കൊടുത്തിരുന്നത് മുസ്ലിം സഹോദരങ്ങളാണ്. തങ്ങളുടെ നാട്ടില്‍ ശബരിമലയില്‍പ്പോയി വന്നാല്‍ മാലയൂരുന്നത് അര്‍ത്തുങ്കല്‍ പള്ളിയിലാണ്. എരുമേലി പള്ളിയില്‍ പോയിട്ടല്ലേ എല്ലാവരും ശബരിമലയില്‍ പോകുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. സംഗീതത്തിനു മതമില്ല. അത് കലര്‍ത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിക്കുന്നു. സനാതനധര്‍മം എല്ലാ മനുഷ്യരെയും ഏകോപിപ്പിക്കുന്ന ദര്‍ശനമാണ്. സംഗീതവും അങ്ങനെത്തന്നെ. സംഗീതത്തില്‍ മതം കാണുന്നവര്‍, കലര്‍ത്തുന്നവര്‍ ഇതൊക്കെ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'സത്യനായകാ മുക്തി ദായകാ എന്ന തന്റെ ഹിറ്റു ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. എത്രയെത്ര വേദികളില്‍ അതു പാടുന്നു. എത്രയെത്ര ക്രിസ്ത്യന്‍ സഹോദരര്‍ അതു കേട്ടു കണ്ണീര്‍വാര്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
''യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്. ഗുരുവായൂരിന്റെ പകലുകളെ ഭക്തിസാന്ദ്രമാക്കുന്നത് യേശുവിന്റെ ശബ്ദമല്ലേ. മലയാളത്തിലെ മനോഹരമായ മാപ്പിളപ്പാട്ടുകളൊക്കെ എഴുതിയത് പി. ഭാസ്‌കരനല്ലേ. യൂസഫലി കേച്ചരി കൃഷ്ണഭക്തി ഗാനങ്ങളെഴുതിയിട്ടില്ലേ. അതു പാടിയത് യേശുദാസല്ലേ. ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി കേട്ടാണ് കാശി വിശ്വനാഥന്‍ ഉണരാറ് എന്നു കേട്ടിട്ടുണ്ട്'' എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates