

അന്തരിച്ച സഹോദരി തുളസി ഗോപിനാഥന്റെ വേർപാടിൽ വേദന പങ്കുവച്ച് കവിയും ഗാനരചയിതാവുമായി ശ്രീകുമാരൻ തമ്പി. കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഞങ്ങൾ നാല് സഹോദരന്മാരുടെ ഏകസഹോദരിയാണ് തുളസി എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. അമ്മയെ പോലെ എന്റെ അനിയത്തിയും അന്നദാനപ്രിയയായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് രോഗത്തിന്റെ ബുദ്ധിമുട്ടിനിടയിലും തനിക്ക് ദോശ ചുട്ടുതന്നു എന്നാണ് അദ്ദേഹം കുറിച്ചത്. എന്റെ മകൻ മരിക്കുന്നു ,എന്റെ അനുജത്തി മരിക്കുന്നു. പക്ഷേ
ഞാൻ ജീവിച്ചിരിക്കുന്നു. ഈശ്വരൻ എന്ന ശക്തിയുണ്ടെങ്കിൽ ആ ശക്തി എന്നോട് അധർമ്മമാണ് ചെയ്യുന്നത്- ശ്രീകുമാരൻ തമ്പി കുറിച്ചു.
ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് വായിക്കാം
എന്റെ പെങ്ങൾ
ഞങ്ങൾ നാല് സഹോദരന്മാരുടെ ഏകസഹോദരി ഇന്ന് അന്ത്യയാത്ര പറഞ്ഞു.എന്നേക്കാൾ പതിനൊന്നു വയസ്സിനു താഴെയാണവൾ.അമ്മയ്ക്ക് നോമ്പുനോറ്റു കിട്ടിയ പെൺതരി .തുളസീഭായിതങ്കച്ചി എന്നാണ് അവളുടെ ശരിയായ പേര്. ഞങ്ങൾ വീട്ടിൽ അവളെ അമ്മിണി എന്ന് വിളിച്ചു.മുൻ ചീഫ് സെക്രെട്ടറി ജി.പി. എന്നപേരിൽ അറിയപ്പെട്ടിരുന്ന ജി.പരമേശ്വരൻ പിള്ളയുടെ അനന്തരവനും മുൻ ദിവാൻ പേഷ്ക്കാർ കൊച്ചുകൃഷ്ണപിള്ളയുടെ മകനുമായ കെ.ഗോപിനാഥൻ നായരെ വിവാഹം കഴിച്ചതോടെ പതിനെട്ടാം വയസ്സിൽ അവൾ 'തുളസി ഗോപിനാഥ് 'ആയി.
അമ്മയെ പോലെ എന്റെ അനിയത്തിയും അന്നദാനപ്രിയയായിരുന്നു.
ഭാര്യ, മരുമകൾ,മകന്റെ രണ്ടു പെണ്മക്കൾ എന്നിവരോടൊപ്പം ചെന്നൈ
നഗരത്തിൽ താമസിക്കുന്ന ഞാൻ എന്റെ സാംസ്കാരികപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനതപുരത്ത് തങ്ങുന്ന ദിവസങ്ങളിൽ എന്റെ ഹോംസിക്ക് നെസ് അകറ്റിയിരുന്നത്.
തൊട്ടടുത്ത് എന്റെ പെങ്ങളുണ്ട് എന്ന ആശ്വാസമായിരുന്നു, ഏതു സമയത്തു കടന്നു ചെന്നാലും "കൊച്ചിത്താത്തനുള്ള ഭക്ഷണം" അവിടെയുണ്ടായിരിക്കും. 'അമ്മ പാചകം ചെയ്യുന്ന അവിയലിന്റെയും തീയലിന്റെയും രുചി ഓർമ്മകളെ താലോലിക്കും.
മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച ഒരു ജന്മം. തനിക്കു ക്യാൻസർ രോഗം ബാധിച്ചു എന്ന് സംശയം തോന്നിയിട്ടും പ്ലസ് ടൂവിന് പഠിക്കുന്ന കൊച്ചുമകന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി അവൾ ഭർത്താവിനെപോലും ആ വിവരം അറിയിച്ചില്ല.ഒടുവിൽ രോഗം സ്ഥിരീകരിക്കപ്പെട്ടതിനു ശേഷവും അവൾ പരാതിയോ പരിഭവമോ പറഞ്ഞില്ല, തികഞ്ഞ ധീരതയോടെ അതിനെ നേരിട്ടു. ഒരാഴ്ച മുൻപും "പോയി കിടക്കു മോളെ" എന്ന് ഞാൻ നിർബന്ധിച്ചിട്ടും "ഓ --സാരമില്ല "എന്ന് പറഞ്ഞ് എനിക്ക് അവൾ ദോശ ചുട്ടു തന്നു. ഒരാഴ്ചയിൽ കൂടുതൽ അവൾ ഹോസ്പിറ്റലിൽ കിടന്നിട്ടില്ല..
രണ്ടു ദിവസം മുൻപ് സംസാരം കുറഞ്ഞു. അർദ്ധബോധാവസ്ഥയിലേക്കു
നീങ്ങി.ഇന്നലെ വെളുപ്പിന് വന്ന ഒരു ഹാർട്ട് ആറ്റക്കോടുകൂടി. അവൾ നിശ്ചലയായി.
എന്റെ മകൻ മരിക്കുന്നു ,എന്റെ അനുജത്തി മരിക്കുന്നു. പക്ഷേ--
ഞാൻ ജീവിച്ചിരിക്കുന്നു. ഈശ്വരൻ എന്ന ശക്തിയുണ്ടെങ്കിൽ ആ ശക്തി
എന്നോട് അധർമ്മമാണ് ചെയ്യുന്നത്.
ദേഹികളണിയും ദേഹങ്ങൾ എരിയും
ആ ഭസ്‌മം ഗംഗയിൽ അലിയും
എന്തെന്തു മോഹചിതാഭസ്മ ധൂളികൾ
ഇന്നോളം ഗംഗയിൽ ഒഴുകി
ആർക്കു സ്വന്തം ആർക്കു സ്വന്തമാ ഗംഗാജലം
അനുജത്തീ , ആശ്വസിക്കൂ...
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates