

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചതനായ നടനാണ് ശരത്ത്. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളായ ഫൈവ് ഫിംഗേഴ്‌സിലെ ഒരംഗമായിരുന്നു ശരത്ത്. 2015ല്‍ ഉണ്ടായൊരു അപകടത്തില്‍ ശരത്ത് മരണപ്പെട്ടു. മരിക്കുമ്പോള്‍ ശരത്തിന് 23 വയസായിരുന്നു. പോയ വര്‍ഷമാണ് ശരത്തിന്റെ അമ്മ മരണപ്പെടുന്നത്. ശരത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് ഓട്ടോഗ്രാഫില്‍ ഒപ്പം അഭിനയിച്ചിരുന്ന ശ്രീക്കുട്ടി. ശരത്തിന്റെ അമ്മയുടെ ആണ്ടിന് പോയതിന്റെ വ്‌ളോഗിലാണ് ശ്രീക്കുട്ടി കൂട്ടുകാരനെ ഓര്‍ക്കുന്നത്.
''ഞാനിന്ന് കൊല്ലം പാരിപ്പള്ളിയിലേക്ക് പോവുകയാണ്. പാരിപ്പള്ളിയില്‍ എനിക്ക് വേണ്ടപ്പെട്ടൊരു കുടുംബമുണ്ട്. പാരിപ്പള്ളി വഴി പോകുമ്പോള്‍ മനസിലൊരു വിങ്ങലാണ്. അത് എപ്പോഴും അങ്ങനെയാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസിനൊരു വിഷമമാണ്. ഞാനും അച്ഛനും അമ്മയും കൂടെ അങ്ങോട്ട് പോവുകയാണ്. ഞാന്‍ അഭിനയിച്ച ഓട്ടോഗ്രാഫ് സീരിയലില്‍ ഞങ്ങള്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഞാന്‍, രഞ്ജിത്ത്, അംബരീഷ്, സോണിയ, ശരത്ത്. അതില്‍ ഏറ്റവും ചെറുത് ഞാനായിരുന്നു. എല്ലാവരും എന്നേക്കാള്‍ അഞ്ചും മൂന്നും നാലും വയസ് മുതിര്‍ന്നവരായിരുന്നു. ഞാന്‍ എല്ലാവരേയും പേരായിരുന്നു വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്.'' ശ്രീക്കുട്ടി പറയുന്നു.
''ഇപ്പോള്‍ അഞ്ചു പേരില്ല. ഒരു വിരല്‍ മുറിഞ്ഞുപോയി. ശരത്തിന്റെ വീട്ടിലേക്കാണ് ഇപ്പോള്‍ പോകുന്നത്. ഷൂട്ട് കഴിഞ്ഞ കുറേക്കാലം ഞങ്ങള്‍ അഞ്ചു പേരും അങ്ങനെ തന്നെയായിരുന്നു. ജീവിതത്തിലും ഞങ്ങള്‍ ഫൈവ് ഫിംഗേഴ്‌സ് പോലെയായിരുന്നു. പിന്നീട് പലരും പല സ്ഥലത്തായപ്പോഴാണ് ആ ബന്ധത്തിന്റെ ആഴം കുറഞ്ഞത്. എങ്കിലും ശരത്തിന്റെ വാര്‍ത്ത ഞങ്ങളെയെല്ലാവരേയും വളരെ വേദനിപ്പിച്ചതാണ്. ശരത്ത് മരിച്ചപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു. വിഷമം സഹിക്കാനാകില്ലായിരുന്നു. എന്റെ കല്യാണത്തിനും ശരത്തിന്റെ അച്ഛനും അമ്മയും സഹോദരനുമൊക്കെ വന്നിരുന്നു''.
''ശരത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ എപ്പോഴും പോകാന്‍ സാധിക്കില്ല. അവിടെ ചെല്ലുമ്പോള്‍ തന്നെ ശരത്തിന്‌റെ സാന്നിധ്യം അനുഭവിക്കാനാകും. അതിനാല്‍ പോകാറുണ്ടായിരുന്നില്ല. ഇപ്പോള്‍ ശരത്തിന്റെ വീട്ടില്‍ പോകാന്‍ കാരണമുണ്ട്. ഒരു വര്‍ഷം മുമ്പാണ് ശരത്തിന്റെ അമ്മ മരിക്കുന്നത്. വളരെ വൈകിയാണ് അറിഞ്ഞത്. പിന്നീട് പോകാന്‍ പറ്റിയിരുന്നില്ല. ആന്റിയുടെ മരണത്തിന് ഒരു വര്‍ഷം ആയതിന്റെ ചടങ്ങിന് അങ്കിള്‍ വിളിച്ചിരുന്നു. അതിനാല്‍ പോവുകയാണ്.'' താരം പറയുന്നു.
വീട്ടില്‍ എവിടെ നോക്കിയാലും ശരത്തിന്റെ ഫോട്ടോയാണ്. ഇപ്പോഴും ശരത്തിനെക്കുറിച്ച് കമന്റിലൂടെ പലരും ചോദിക്കാറുണ്ട്. അതിനാലാണ് കാണിച്ചു തരുന്നത്. അമ്മ ഒരുപാട് കാലം കാത്തിരുന്ന് കിട്ടിയ മകനായിരുന്നു ശരത്ത്. പെണ്‍മക്കളെ അച്ഛന്‍ കൊണ്ടു നടക്കുന്നതു പോലെയായിരുന്നു അച്ഛന്‍ ലൊക്കേഷനിലൊക്കെ ശരത്തിനെ കൊണ്ടു നടന്നിരുന്നത്. തറയില്‍ വെക്കാതെയാണ് അച്ഛനും അമ്മയും ശരത്തിനെ കൊണ്ടുനടന്നത്. ബൈക്കപകടത്തിലാണ് ശരത്ത് മരണപ്പെടുന്നത്. ശരത്ത് ഉറങ്ങുന്നതിന് തൊട്ടടുത്തായിട്ടാണ് അമ്മയും ഇറങ്ങുന്നതെന്നും ശ്രീക്കുട്ടി പറയുന്നു.
Sreekutty S remembers her autograph co star late Sarath. His mother passed away last year. she pays a visit to his home in her latest vlog.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates