

മലയാള സിനിമയിലെ സാധാരണക്കാരന്റെ പ്രതിനിധിയായിരുന്നു ശ്രീനിവാസന്‍. താരശരീരത്തിന്റെ ചട്ടക്കൂടുകള്‍ക്ക് വഴങ്ങാത്ത ശ്രീനി പറഞ്ഞത് മധ്യവര്‍ഗ മലയാളിയുടെ ആകുലതകളും കോംപ്ലക്‌സുകളുമായിരുന്നു. അരാഷ്ട്രീയവാദിയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് പോലും ശ്രീനിവാസന്റെ സിനിമകളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കും.
മലയാളിയ്ക്ക് മാത്രം കണക്ടാകുന്നൊരു തരം കോമഡിയുണ്ട്. പോപ്പ് കള്‍ച്ചര്‍ റഫറന്‍സുകള്‍ നിറഞ്ഞ മലയാളി ബ്രാന്റ് ഓഫ് തമാശ. അതിനൊരു ബ്രാന്റ് അംബാസിഡര്‍ ഉണ്ടെങ്കിലത് ശ്രീനിവാസനാണ്. മലയാളി ജീവിതത്തില്‍ ഇത്രമേല്‍ ഇഴുകിച്ചേര്‍ന്ന തമാശകളെഴുതിയ മറ്റൊരാരാളില്ല.
അഭിനയവും എഴുത്തുമെല്ലാം നിര്‍ത്തിയിട്ട് കാലങ്ങളായിട്ടും ശ്രീനിവാസന്‍ തമാശകളില്ലാത ഒരു ദിവസം പോലും മലയാളിയുടെ ജീവതത്തില്‍ കടന്നു പോകുന്നില്ല. സോഷ്യല്‍ മീഡിയയുടെ ഈ കാലത്തും മീമുകളിലൂടേയും റീലുകളിലൂടേയും ശ്രീനിവാസന്‍ ചിരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ ചിന്തിപ്പിക്കുകയും അവനവന്റെ ഉള്ളിലെ പൊള്ളത്തരത്തിലേക്ക് നോക്കിപ്പിക്കുകയും ചെയ്യുന്നതാണ് ശ്രീനിവാസന്‍ തമാശകള്‍.
ശ്രീനിവാസന്‍ ഡയലോഗുകള്‍ അറിഞ്ഞോ അറിയാതെയോ കടന്നു വരാത്തൊരു ദിവസം പോലും മലയാളി ജീവിതത്തില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിയശയോക്തിയാകില്ല. മലയാളിയുടെ സൗഹൃദത്തിന്റെ ടെംപ്ലേറ്റ് പോലും ശ്രീനിയുടെ ദാസനും വിജയനുമാണ്.
ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും മലയാളിയ്ക്ക് പരസ്പരം തിരിച്ചറിയാനുള്ള കോഡ് ഭാഷയാണ് സാധനം കയ്യിലുണ്ടോ എന്നത്. അത് കേട്ടാല്‍ മസില്‍ മെമ്മറിയെന്നത് പോലെ ഏതൊരു മലയാളിയും അറിയാതെ സാധനം കയ്യിലുണ്ട് എന്ന് പറഞ്ഞു പോകും. ജീവിതത്തില്‍ തന്റെ തീരുമാനം ശരിയാകുമ്പോഴൊക്കെ അടുത്തു നില്‍ക്കുന്നവനോട് തിരിഞ്ഞു നിന്ന് നമ്മള്‍ ചോദിക്കും, എട ദാസാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാത്തത് എന്ന്. അതിനുള്ള മറുപടി എന്നും ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് മാത്രമായിരിക്കും.
എന്തെങ്കിലും അറിയാനുള്ള ആകാംഷ കൂടുമ്പോള്‍ ആരായും ഒന്ന് തേങ്ങ ഉടയ്ക്ക് സ്വാമിയെന്ന് പറഞ്ഞുപോകും. പോളണ്ടിനെക്കുറിച്ച് ഒന്നുമറിയാത്തവര്‍ക്കും, പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന അലിഖിത നിയമമറിയാം. മലയാളിയുടെ ഫൈറ്റ് ക്ലബ് റൂളാണത്. തന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത പണിയാണെങ്കിലും മലയാളി ഒട്ടും ആത്മവിശ്വാസം കുറയാതെ ഇപ്പോ ശരിയാക്കിത്തരാം എന്ന് തന്നെയാണ് ഇന്നും പറയുന്നത്. മലയാളിയുടെ ആത്മവിശ്വാസത്തിന്റെ അടയാളമാണ് ആ വാചകം.
പണക്കാരെ ബഹുമാനിക്കാന്‍ പഠിക്കാന്‍ പറയുന്ന, എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ എന്ന് ശഠിക്കുന്നവര്‍ തന്നെ എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്വപ്‌നം കാണുമ്പോള്‍ ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നമെന്ന് പറഞ്ഞു പോകും. ഒരു ഒലക്ക കിട്ടുമോ, മീനവയില്‍, അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ... അങ്ങനെ പാരമ്പര്യമായി കൈമാറി വരുന്ന എത്രയെത്ര ഡയലോഗുകള്‍. വാക്കുകള്‍ കൊണ്ട് മാത്രമല്ല, ഫ്രണ്ട്‌സിലെ നിര്‍ത്താന്‍ പറ്റാത്ത ചിരിയിലൂടേയും, അടക്കിപ്പിടിച്ച ആ പഴയ കള്ളച്ചിരിയിലൂടേയുമെല്ലാം ശ്രീനി മീമുകളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.
സര്‍ക്കാസവും ജീവിതാകുലതകളും മാത്രമല്ല, മനോഹരമായി പ്രണയവും വിരഹവും പങ്കുവെക്കാനും ശ്രീനിയുടെ വാക്കുകള്‍ മലയാളികള്‍ക്ക് കൂട്ടെത്താറുണ്ട്. മിഥുനത്തില്‍, അതുവരെ കണ്ടിട്ടില്ലാത്തത്ര ജീവനുള്ള പ്രണയാഭ്യര്‍ത്ഥന നടത്തുന്നുണ്ട് ശ്രീനിവാസന്‍. ''എന്നെ ഇങ്ങോട്ട് ഇഷ്ടപ്പെടണം എന്ന് ഞാന്‍ പറയുന്നില്ലല്ലോ. സൂര്യനോട് ചോദിച്ചിട്ടല്ല താമര വിടരുന്നത്. ഏകലവ്യന്‍ ദ്രോണാചാര്യര്‍ക്ക് ഗുരുസ്ഥാനം കല്‍പ്പിച്ചത് അങ്ങേരോട് ചോദിച്ചിട്ടല്ല. വെറുപ്പമാണ് അഥമമായ വികാരം. ഇത് സ്‌നേഹമാണ്. ഒരാള്‍ക്ക് ഒരാളെ സ്‌നേഹിക്കാന്‍ ഈ ലോകത്ത് ആരുടേയും സമ്മതം ആവശ്യമില്ല.''
ഇതേ ശ്രീനി തന്നെ മറ്റൊരിക്കല്‍ 'മറക്കണം, മറന്നേ പറ്റൂ. ഓര്‍മിക്കാന്‍ വേണ്ടി ഞാനിപ്പോള്‍ ആര്‍ക്കുമൊന്നും ചെയ്തു കൊടുക്കാറില്ല'' എന്ന വാക്കുകളില്‍ ഒരു സാദാ കാമുകന്റെ സകലവേദനയും ആവാഹിച്ചെടുക്കുന്നുണ്ട്. മറക്കണമെന്നാണ് ശ്രീനി പറഞ്ഞതെങ്കിലും, മലയാളി ശ്രീനിയെ എന്നും ഓര്‍ക്കും, ഓര്‍ക്കാതിരിക്കാനാകില്ല...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates