'സംവിധായകനായ എന്നോടും ടെലഗ്രാം ലിങ്ക് ചോദിച്ചവരുണ്ട്'; തിയറ്റര്‍ കൈ വിട്ടവന്റെ ഒടിടി വിജയം - വിനേഷ് വിശ്വനാഥ് അഭിമുഖം
ഇന്നത്തെ കാലത്ത് സ്റ്റോറി ടെല്ലിംഗിനേക്കാള്‍ പ്രയാസം സ്‌റ്റോറി സെല്ലിംഗ് ആണെന്ന് പറഞ്ഞത് സംവിധായകന്‍ റാം ആണ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷനിലിരുന്നത് ഇത് പറയുമ്പോള്‍ റാം ഓര്‍ത്തുകാണില്ല, അതേസമയം തന്നെ ഇങ്ങിപ്പുറത്ത് മലയാള സിനിമയില്‍ ഒരു സംവിധായകനും അദ്ദേഹത്തിന്റെ സിനിമയും ടെല്ലിംഗിനും സെല്ലിംഗിനും ഇടയില്‍ നെട്ടോട്ടമോടുന്നുണ്ടെന്ന്.
2024 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍'. കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞുവെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ തിയറ്ററുകള്‍ വിട്ടു. ഒപ്പമിറങ്ങിയ ബിഗ് ബജറ്റ് ചിത്രത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ആ കൊച്ചു ചിത്രത്തിന് സാധിച്ചില്ല. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈ അടുത്താണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ഒടിടിയിലേക്ക് എത്തുന്നത്. സൈന പ്ലേയിലൂടെയുള്ള രണ്ടാം വരവില്‍ സിനിമ അതിന്റെ പ്രേക്ഷകരിലേക്ക് എത്തി. പതിവ് പോലെ ഈ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് എല്ലാവരും ചോദിച്ചു. തന്റെ സിനിമയുടെ തിയറ്റര്‍ റണ്ണിനെക്കുറിച്ചും ഒടിടിയിലെ പുനര്‍ജന്മത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാ ണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥ്.
നന്നായി ഒരുക്കിയ സിനിമ തിയറ്ററില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാകാം?
കൃത്യമായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനും, ഇങ്ങനൊരു സിനിമ വരുന്നുണ്ട് എന്ന് ആളുകളെ അറിയിക്കാനും ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പ്രൊമോഷന് വേണ്ടി മിനിമം ഒരു കോടി രൂപയെങ്കിലും ചെലവാക്കണം. അതില്‍ കൂടുതലാണ് പലരും ഉപയോഗിക്കാറുള്ളത്. നമ്മള്‍ അതിന്റെ നാലിലൊന്ന് പോലും ഉപയോഗിച്ചിട്ടില്ല. നല്ല രീതിയല്‍ തന്നെ പ്രൊമോഷന്‍ ചെയ്യണം എന്നു കരുതിയിരുന്നതാണ്. പക്ഷെ സാഹചര്യങ്ങള്‍ മൂലം സാധിച്ചില്ല. അതിനാല്‍ പ്രേക്ഷകരെ കുറ്റം പറയില്ല. ഇങ്ങനൊരു സിനിമ വരുന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. പക്ഷെ തിയറ്ററില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയുടെ മാര്‍ക്കറ്റിംഗ് ദിവസം തോറും മാറിക്കൊണ്ടിരിക്കുകയാണ്. മേക്കേഴ്‌സ് എന്ന നിലയില്‍ അതേക്കുറിച്ച് ധാരണ കുറവുണ്ട്.
സിനിമ ഒടിടിയിലേക്ക് എത്താനും കുറച്ചുകാലം എടുത്തു. എന്തുകൊണ്ടാണത്?
തിയറ്റര്‍ റിലീസില്‍ പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായം നേടി എന്നതൊന്നും ഒടിടികള്‍ക്ക് ബാധകമല്ല. അവര്‍ക്ക് ഫിഗറുകളാണ് പ്രധാനം. എത്ര കളക്ട് ചെയ്തു, എത്ര ദിവസം ഓടി എന്നതൊക്കെയാണ് അവര്‍ നോക്കുന്നത്. പല വലിയ സിനിമകളും ഒടിടി ബിസിനസ് ആകാതെ നില്‍ക്കുകയാണ്. മറ്റെന്തിനേക്കാളും തിയറ്ററിലെ വിജയത്തിന് അവര്‍ പ്രാധാന്യം കൊടുക്കുന്നുണ്ട് ഇപ്പോള്‍. അതിനാല്‍ നല്ല പടം ആണെന്ന് കേട്ടാല്‍ തിയറ്ററില്‍ പോയി കാണണമെന്ന് പ്രേക്ഷകരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ റിലീസിന് ശേഷം സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായാണ് സൈന പ്ലേയില്‍ നിന്നും കിട്ടിയ വിവരം. മലയാളികള്‍ സിനിമകള്‍ കാണുന്നുണ്ടെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കാണുന്നത് കുറവാണ്. പലരുടേയും ധാരണ ടെലഗ്രാം ഒരു ഒടിടി പ്ലാറ്റ്‌ഫോം ആണെന്നതാണ്. അതും പൈറസിയാണെന്ന തിരിച്ചറിവ് പലര്‍ക്കും ഇല്ല. സംവിധായകനായ എന്നോട് പോലും ടെലഗ്രാം ലിങ്ക് ചോദിച്ചവരുണ്ട്.
ഒടിടി റിലീസിന് ശേഷം ധാരാളം പേര്‍ നല്ലത് പറയുന്നുണ്ട്. മനസില്‍ തങ്ങി നില്‍ക്കുന്നൊരു പ്രതികരണം എന്താണ്?
ഇതുവരെ അഞ്ച് സ്‌കൂളുകള്‍ ഈ സിനിമ മുന്നോട്ട് വെക്കുന്ന ബെഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. സാധാരണക്കാരില്‍ നിന്നുള്ള പ്രതികരണങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നിന്നും ഒരു രക്ഷിതാവ് വിളിച്ചു. അവരുടെ മകന്‍ സ്‌കൂള്‍ ബസില്‍ സ്ഥിരമായി ബുള്ളി ചെയ്യപ്പെടുന്നുണ്ട്. ഒരു നാള്‍ അടിയായി. ബുള്ളി ചെയ്ത പയ്യന് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കുറ്റബോധവും വിഷമവുമായി. ബുള്ളി ചെയ്യപ്പെട്ട പയ്യന്‍ അവനുമായി സംസാരിക്കുന്നത് നിര്‍ത്തി. കുടുംബവുമായി വന്ന് മാപ്പ് പറഞ്ഞിട്ടും കൂട്ടാക്കിയില്ല. മകന്റെ ചിരി തന്നെ നഷ്ടമായെന്നാണ് അവര്‍ പറയുന്നത്. ആ സമയത്താണ് അവര്‍ ഈ സിനിമ കാണുന്നത്. സിനിമ കണ്ടതോടെ അവനോട് ക്ഷമിച്ചേക്കാം എന്ന് അവന്‍ പറഞ്ഞു. കുറേ നാളുകള്‍ക്ക് ശേഷം എന്റെ മകന്‍ ചിരിച്ചെന്നാണ് അവര്‍ പറഞ്ഞത്. ഇത്തരം നിരവധി കോളുകള്‍ വരുന്നുണ്ട്. അതാണ് ഈ സിനിമയുടെ വിജയം.
ഫ്രണ്ട് ബെഞ്ചര്‍ ക്ലീഷേകള്‍ പൊളിച്ചെഴുതുക എന്നത് ബോധപൂര്‍വ്വമുള്ള തീരുമാനമായിരുന്നുവോ?
ഈ സിനിമ വണ്‍ സൈഡഡ് ആയിപ്പോകരുത് എന്നതില്‍ എനിക്ക് ആദ്യമേ നിര്‍ബന്ധമുണ്ടായിരുന്നു. എനിക്ക് ക്ലീഷേകളോട് താല്‍പര്യമില്ല. പഠിപ്പിസ്റ്റ് ക്ലീഷേ വേണ്ട എന്നത് ഞങ്ങള്‍ നാല് എഴുത്തുകാരും ഒരുമിച്ചെടുത്ത തീരുമാനമാണ്. 3ഇഡിയറ്റ്‌സിലെ ചതുറും സോള്‍ട്ട് ആന്റ് പെപ്പറിലെ കെ ടി മിറാഷുമൊക്കെ പഠിപ്പിസ്റ്റ് സ്റ്റീരിയോടൈപ്പുണ്ടാകുന്നതില്‍ വലിയ പങ്ക് വഹിച്ചവയാണ്. ആ കഥാപാത്രങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത കാരണം പഠിപ്പിസ്റ്റുകള്‍ ഇങ്ങനെയാണ് എന്നൊരു സ്റ്റീരിയോടൈപ്പ് ഉണ്ടായിട്ടുണ്ട്. അവരത് ഉദ്ദേശിച്ചില്ലെങ്കില്‍ കൂടിയും.
സ്താനാര്‍ത്തി ശ്രീക്കുട്ടനിലെ അമ്പാടിയ്ക്ക് പ്രിവിലേജുകളുണ്ട്. പക്ഷെ അവന്റെ പല സ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെടുന്നുണ്ട്. എപ്പോഴും മുന്‍ ബെഞ്ചില്‍ തന്നെ ഇരിക്കണം. ചെറിയൊരു കുസൃതി കാണിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. പഠിപ്പിസ്റ്റുകള്‍ പഠിത്തം എന്നതൊഴിച്ചു നിര്‍ത്തിയാല്‍ അണ്ടര്‍ഡോഗ്‌സ് ആണ്. ബാക്ക് ബെഞ്ചേഴ്‌സ് പഠിത്തത്തില്‍ മോശമാണെങ്കിലും ബാക്കി പരിപാടികളിലെല്ലാം സജീവമാകും. പഠിപ്പിസ്റ്റുകളെ സംബന്ധിച്ച് പഠിത്തം മാത്രമേ കാണൂ. ഒന്ന് പ്രണയിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.
ആദ്യ സിനിമ കുട്ടികളുടെ സിനിമയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്തായിരുന്നു?
2019 ലാണ് എഴുത്ത് തുടങ്ങുന്നത്, കോവിഡിന് മുമ്പ്. അന്നത്തെ കാലത്തിന് അനുസരിച്ച് ഡിസൈന്‍ ചെയ്ത സിനിമയാണ്. പിന്നീട് കോവിഡ് വന്നതോടെ സാഹചര്യം മാറി. ആദ്യ സിനിമ കുട്ടികളെ വച്ചും വളര്‍ത്തുമൃഗങ്ങളെ വച്ചും ചെയ്യരുതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഈ കഥ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു. ഒരുപാട് നിര്‍മാതാക്കളെ കണ്ടിട്ടുണ്ട്.
കാക്കമുട്ടൈ എന്ന സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലൊരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ കഥയിലേക്ക് എത്തുന്നത്. ഷോര്‍ട്ട് ഫിലിം ചെയ്യാം എന്നായിരുന്നു ആദ്യം കരുതിയത്. സംവിധായകന്‍ ജെനിത്ത് കാച്ചപ്പള്ളിയാണ് ഇതില്‍ സിനിമയുണ്ടെന്നും ഷോര്‍ട് ഫിലിം എടുത്ത് നശിപ്പിച്ചു കളയരുതെന്നും പറയുന്നത്. ഒരുപാട് കുട്ടികളെ ഇന്റര്‍വ്യു ചെയ്തു. വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ പോയി കുട്ടികളെ കണ്ടു സംസാരിച്ചു. ഈ പ്രശ്‌നം മിക്ക സ്‌കൂളുകളിലും ഉള്ളതാണെന്ന് മനസിലായി. അങ്ങനെയാണ് ഇത് പറഞ്ഞിരിക്കണം എന്ന് തോന്നുന്നത്. നമ്മള്‍ എവിടെയാണോ അവിടുത്തെ ഭാഷ സംസാരിക്കുന്ന സിനിമ ചെയ്യാം എന്ന തീരുമാനത്തിലേക്കും എത്തി.
സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് എപ്പോഴാണ്?
ഷോര്‍ട് ഫിലിമിന് പൊളിറ്റിക്കല്‍ ആസ്‌പെക്ട് ഉണ്ടായിരുന്നില്ല. പിന്നിട് നടന്ന ചര്‍ച്ചകളില്‍ നിന്നുമാണ് പൊളിറ്റിക്കൽ ആംഗിളുണ്ടാകുന്നത്. സ്‌കൂളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ബെഞ്ചിംഗ് സിസ്റ്റത്തിലെ പ്രശ്‌നം പലയിടത്തും ഉണ്ടെന്ന് മനസിലായി. ഞങ്ങള്‍ ചിന്തിച്ചത് ഇത്ര മാത്രമാണ്, ഇതൊരു ഏഴാം ക്ലാസുകാരന്റെ ബുദ്ധിയാണ്. അതിന്റെ പ്രായോഗിക വശം സമൂഹം ചര്‍ച്ച ചെയ്യട്ടെ. ഈ രീതിയ്ക്ക് പ്രശ്‌നമുണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ടൊരു ബദല്‍ ഉണ്ടാകട്ടെ.
അജു വര്‍ഗീസ് എപ്പോഴാണ് ഈ സിനിമയിലേക്ക് എത്തുന്നത്?
എന്നെ പഠിപ്പിച്ചിരുന്ന അധ്യാപികയില്‍ നിന്നുമാണ് ആ കഥാപാത്രമുണ്ടാകുന്നത്. തുടക്കത്തില്‍ ഇതൊരു സ്ത്രീ കഥാപാത്രമായിരുന്നു. മഞ്ജു വാര്യരോട് ആണ് ആദ്യം കഥ പറയുന്നത്. അവര്‍ക്ക് കഥയും കഥാപാത്രവുമൊക്കെ ഇഷ്ടമായി. പക്ഷെ വേറെ വര്‍ക്കുകളുള്ളതിനാല്‍ ചെയ്യാനായില്ല. പിന്നീട് പല നടിമാരേയും സമീപിച്ചുവെങ്കിലും അവര്‍ക്കാര്‍ക്കും ഇത്തരമൊരു അധ്യാപകയാകാന്‍ ധൈര്യക്കുറവുണ്ടായിരുന്നു. അജുവേട്ടന്‍ നേരത്തെ തന്നെ സിനിമയുടെ ഭാഗമായിരുന്നു. ഗുപ്തന്‍ എന്ന കഥാപാത്രമായിരുന്നു ചെയ്യാനിരുന്നത്. പിന്നീടാണ് സിപിയെ അദ്ദേഹത്തെ ഏല്‍പ്പിക്കുന്നത്.
അനുഭവത്തില്‍ നിന്നാണ് സിപി സാര്‍ ഉണ്ടാകുന്നത്. നമ്മളോട് ഒരു ടീച്ചര്‍ നന്നായി പെരുമാറുന്നു എന്നു കരുതി അവര്‍ മറ്റുള്ളവരോടും അവഗണന കാണിക്കുന്നില്ല എന്ന അര്‍ത്ഥമില്ല. ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്. എന്നോട് വളരെ സ്‌നേഹമുള്ളൊരു ടീച്ചര്‍ മറ്റൊരു കുട്ടിയോട് മോശമായി പെരുമാറുന്നത് പലവട്ടം കണ്ടിട്ടുണ്ട്. സംശയം ചോദിക്കുമ്പോള്‍ പോലും ഒരോരുത്തരോടും ഓരോ രീതിയിലാകും സംസാരിക്കുക. അന്നും ജാതി പരാമര്‍ശങ്ങളും ബോഡി ഷെയ്മിംഗും ടീച്ചര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കുട്ടികളെ വല്ലാതെ ഇന്‍സെക്യൂര്‍ ആക്കും അതെല്ലാം. സിപിമാര്‍ ഇപ്പോഴും ഉണ്ട്.
സൈജുവിന്റെ കഥാപാത്രം പൃഥ്വിരാജിനെ മനസില്‍ കണ്ട് എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്
വാണിജ്യ നേട്ടമുണ്ടാക്കണമെങ്കില്‍ വലിയൊരു താരം വേണം എന്നറിയാമായിരുന്നു. കാക്കമുട്ടിയിലെ ചിമ്പുവിന്റെ ക്യാരക്ടര്‍ ആയിരുന്നു റഫറന്‍സ്. ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വരണം. പൃഥ്വിരാജിന് ഒരു ഇലുമിനാറ്റി കോണ്‍സ്പിറന്‍സി ഉണ്ടല്ലോ. അതിനാല്‍ അദ്ദേഹത്തിനായി ഉണ്ടാക്കിയ കഥാപാത്രമായിരുന്നു ഇല്ലുമിനാറ്റി ബിനീഷ്. അദ്ദേഹം അത് ചെയ്തിരുന്നുവെങ്കില്‍ രസമായേനെ. പക്ഷെ അതിലേക്ക് എത്തിപ്പെടാനായില്ല. അതേസമയം, സൈജു കുറുപ്പ് ഒരു തരത്തിലും കോംപ്രമൈസ് ആയിരുന്നില്ല. ആ സമയത്ത് അദ്ദേഹത്തിന് ഡേറ്റിന്റെ പ്രശ്‌നമുണ്ടായിരുന്നു. എന്നിട്ടും മൂന്ന് ദിവസം ഞങ്ങള്‍ക്കായി ഉണ്ടാക്കി വന്നു.
ഒരുപാട് സിനിമ റഫറന്‍സുകള്‍ ഒരുപാടുള്ള സിനിമയാണല്ലോ. കുട്ടികളുടെ ഭാഷ എങ്ങനെയാണ് രൂപപ്പെടുത്തിയത്?
പല റഫറന്‍സുകളും ഇപ്പോഴും മനസിലായിട്ടുണ്ടാകില്ല. അമ്പത് ശതമാനമേ ഇപ്പോള്‍ ചര്‍ച്ചകളില്‍ വന്നിട്ടുള്ളൂ. പക്കാ വാണിജ്യ സിനിമയായിട്ടാണ് ഞങ്ങളിത് ഒരുക്കിയത്. ഭസ്മം ടീമിന്റെ ഇന്‍ട്രോയും സിപിയുടെ ഇന്‍ട്രോയും കോമിക് സ്‌റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ഇതൊരു റിയലിസ്റ്റിക് സിനിമയില്‍ സാധിക്കില്ല. ഞങ്ങള്‍ നാലു പേരും സംസാരിക്കുമ്പോള്‍ സിനിമ റഫറന്‍സുകള്‍ സ്ഥിരമായി കയറി വരാറുണ്ട്. അതുപോലെ തന്നെ എഴുത്തിലേക്കും വരികയായിരുന്നു. ക്രിക്കറ്റ് കമന്ററി സീനില്‍ തിരക്കഥയിലില്ലാത്ത റഫറന്‍സുകളൊക്കെ ഡബ്ബിംഗിന്റെ സമയത്ത് ചേര്‍ത്തിട്ടുണ്ട്.
ഏഴാം ക്ലാസിലെ കുട്ടികളെ കണ്ട് സംസാരിച്ചാണ് എഴുതിയത്. ഇല്ലുമിനാറ്റിയും കലാഷ്‌നിക്കോവും കിട്ടുന്നത് കുട്ടികളില്‍ നിന്നാണ്. പത്താം ക്ലാസ് കഴിഞ്ഞ് ഇല്ലുമിനാറ്റിയില്‍ ചേരാന്‍ പോവുകയാണെന്ന് പറഞ്ഞത് ഒരു കുട്ടിയാണ്. ഇല്ലുമിനാറ്റി എന്താണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞതാണ് ബോംബെയിലെ വലിയ ക്വട്ടേഷന്‍ ടീമാണെന്ന്. അത് സിനിമയിലേക്ക് എടുക്കുകയായിരുന്നു.
ഇന്‍ര്‍വെല്ലിലെ ടൈം ഫ്രീസിംഗ് എങ്ങനെയാണ് സാധ്യമാക്കിയത്?
അങ്ങനെയൊരു പരിപാടി ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. യൂട്യൂബ് ആണ് ഞങ്ങളുടെ ഫിലിം സ്‌കൂള്‍. ഇതുപോലൊരു പരിപാടി വലിയ ചെലവൊന്നുമില്ലാതെ ചെയ്യാനാകുമെന്ന് പഠിക്കുന്നത് യൂട്യൂബില്‍ നിന്നാണ്. അത് ഷൂട്ട് ചെയ്ത ദിവസം വേറെ സീനൊന്നും ഷൂട്ട് ചെയ്തിട്ടില്ല. അത് ഫ്രീസ് ചെയ്തതായി ആനിമേഷന്‍ ചെയ്തതല്ല, ശരിക്കും കുട്ടികള്‍ അനങ്ങാതെ നില്‍ക്കുകയായിരുന്നു. ശ്രീജിത്ത് കലയരസ് എന്നയാളാണ് സിജിഐ ചെയ്തത്. പല സീനുകളിലും ജനലിന് പുറത്തുള്ള കാഴ്ചകളും വിഎഫ്എക്‌സ് ആണ്. ശ്രീജിത്തിന്റെ വിഷന്‍ അതിലെല്ലാം വളരെയധികം സഹായിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ആളുകളും ഒരുപാട് പണച്ചിലവും വേണ്ടതാണ് വിഎഫ്എക്‌സ് സീനുകള്‍. പക്ഷെ ഞങ്ങളുടെ സിനിമയില്‍ ശ്രീജിത്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവന്‍ നന്നായി പണിയെടുത്തിട്ടുണ്ട്.
ഒരേ സമയം പൊളിറ്റിക്കലും എന്റര്‍ടെയ്‌നിംഗുമായി സിനിമയൊരുക്കിയ സംവിധായകന്റെ പ്രിയപ്പെട്ട സംവിധായകരും സിനിമകളും ഏതൊക്കെയാണ്?
ഞാനൊരു കാര്‍ത്തിക് സുബ്ബരാജ് ഫാനാണ്. അതുപോലെ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഇറങ്ങിയതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമകള്‍ കാക്കമുട്ടൈയും കടൈസി വ്യവസായിയുമാണ്. രണ്ടിന്റേയും സംവിധാനം മണികണ്ഠനാണ്. ഡേവിഡ് ഫിഞ്ചറുടെ മേക്കിംഗും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ബാക്ക് ടു ദ ഫ്യൂച്ചറാണ്. ഫാന്റസിയും സയന്‍സ് ഫിക്ഷനും എക്‌സ്‌പ്ലോര്‍ ചെയ്യണം എന്നുണ്ട്.
സിനിമയില്‍ രാഷ്ട്രീയം പറയുക എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണ്?
ഈ സിനിമയില്‍ ഒരിടത്തു പോലും ജാതി എന്ന വാക്കോ ജാതിയോ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല. അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാണ്. അത് പറയാതെ തന്നെ കാണുന്നവര്‍ക്ക് കിട്ടണം എന്നതായിരുന്നു ഞങ്ങളുടെ മുന്നിലെ ചലഞ്ച്. ആളുകള്‍ക്ക് മനസിലായില്ലെങ്കിലും കുഴപ്പമില്ല. ലൗഡ് ആയി പറയുന്നിടത്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് സിപിയ്ക്ക് ശ്രീക്കുട്ടനോട് ശത്രുത എന്നത് ഒരു ചോദ്യ ചിഹ്നമായി തന്നെ ഇരുന്നോട്ടെ. നേരിട്ട് പരാമര്‍ശിക്കുന്നത് എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നില്ല.
എല്ലാ തരം സിനിമകളും പൊളിറ്റിക്കലാണ്. നമ്മള്‍ ഏത് ശരിയുടെ കൂടെ നില്‍ക്കുന്നു എന്നതിലാണ് വ്യത്യാസം. മാസ് സിനിമയിലും കോമഡി സിനിമയിലും പൊളിറ്റിക്സ് ഉണ്ട്. വരുത്തപെടാത വാലിബര്‍ സംഘം എന്നൊരു തമിഴ് തമാശ പടമുണ്ട്. അതിനെപ്പറ്റി വെട്രിമാരന്‍ പറഞ്ഞത് 'ഇതൊരു വന്‍ പൊളിറ്റിക്കല്‍ പടമാണെന്നാണ്. ദുരഭിമാനക്കൊലയെയാണ് അവര്‍ കോമഡിയില്‍ പൊതിഞ്ഞ് പറഞ്ഞിരിക്കുന്നത്'. കോമഡി സിനിമ എന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. എല്ലാത്തരം കഥകളിലും പൊളിറ്റിക്‌സുണ്ട്. നാളെ ഞാന്‍ ചെയ്യുന്ന സിനിമയ്ക്കും പൊളിറ്റിക്കല്‍ ആംഗിള്‍ ഉണ്ടാകും. പക്ഷെ അതിനായി ഞാന്‍ ഒന്നും ചെയ്യില്ല, സ്വാഭാവികമായി തന്നെ സംഭവിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

