

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നിലപാട് എടുത്ത അവതാരകയും നടിയുമായ പേളി മാണിക്ക് കനത്ത തിരിച്ചടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് നേരിട്ടത്. നിരവധി ഫോളോവേഴ്സാണ് സോഷ്യൽ മീഡിയയിൽ നിന്ന് പേളിയെ അൺഫോളോ ചെയ്ത് പോയത്. സംഭവത്തിൽ മാപ്പ് പറഞ്ഞും ഖേദം പ്രകടിപ്പിച്ചുമൊക്കെ പേളി രംഗത്തെത്തിയെങ്കിലും ഇപ്പോഴും വിമർശനങ്ങളും ട്രോളുകളും തുടരുകയാണ്.
നാല് ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് പേളിക്ക് നഷ്ടമായത്. പേളിക്കെതിരെ നിരവധി പേർ തുറന്ന് പറച്ചിലുകളുമായെത്തുകയും ചെയ്തു. ആരതി രാജ് എന്ന സ്റ്റൈലിസ്റ്റ് പേളി മാണിക്കെതിരെ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മുൻപ് പേളിയുടെ സ്റ്റൈലിസ്റ്റ് ആയും ആരതി വർക്ക് ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ കാണുന്നത് പോലെയല്ല പേളിയുടെ പെരുമാറ്റമെന്ന് ഇവർ ആരോപിക്കുന്നു. ചിലപ്പോൾ വാക്കുകൾക്ക് വെളിപ്പെടുത്താൻ കഴിയാത്ത സത്യം കാലം പുറത്ത് കൊണ്ട് വരും. കാമറയ്ക്ക് മുൻപിൽ നിങ്ങൾക്ക് ഇമേജുണ്ടാക്കാം, കരുണയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചും സംസാരിക്കാം. എന്നാൽ നിങ്ങളുടെ യഥാർത്ഥ മുഖം ഒരിക്കൽ വെളിച്ചത്ത് വരുമെന്നും ആരതി കുറിച്ചു.
എനിക്ക് മൂന്ന് മില്യൺ ഫോളോവേഴ്സുണ്ട്, ഒരു പോസ്റ്റിന് മൂന്ന് ലക്ഷം രൂപ ചാർജ് ചെയ്യുന്നു. നിനക്കെത്ര ഫോളോവേഴ്സുണ്ട് ആരതി ?- എന്ന് പേളി ചോദിച്ചത് ഞാനിപ്പോഴും ഓർക്കുന്നു. എനിക്ക് മില്യൺ കണക്കിന് ഫോളോവേഴ്സ് കാണില്ല. പക്ഷേ ഇവിടം തിരഞ്ഞെടുത്ത ആത്മാർഥതയുള്ള ആയിരങ്ങളുണ്ടെന്ന് ഞാൻ പുഞ്ചിരിച്ച് മറുപടി നൽകിയെന്നും ആരതി രാജിന്റെ പോസ്റ്റിൽ പറയുന്നു.
പേളി മാണി മോശമായി പെരുമാറിയ മറ്റ് പലരുടെയും അനുഭവം താൻ കേട്ടിട്ടുണ്ടെന്നും ആർത്തവമോ പ്രെഗ്നൻസിയോ ആണ് മോശം പെരുമാറ്റത്തിന് കാരണമായി പേളി പറയാറെന്നും ആരതി രാജ് പറയുന്നു. ന്യായീകരണങ്ങൾ കണ്ടെത്തുന്നതിനേക്കാൾ പ്രധാനം സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ്.
ഏറ്റവുമൊടുവിൽ, ആളുകൾ ഒരു ബിംബത്തെ ആരാധിച്ചേക്കാം. എന്നാൽ ശാശ്വതമായ ബഹുമാനം നേടിയെടുക്കുന്നത് നമ്മുടെ തുടർച്ചയായ നല്ല പ്രവർത്തികളിലൂടെയാണ്. അല്ലാതെ കുടുംബപ്പേര് കൊണ്ടോ, ന്യായീകരണങ്ങൾ കൊണ്ടോ, പബ്ലിക് ഇമേജ് കൊണ്ടോ അല്ല എന്നും ആരതി കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates