

തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ശിവകാർത്തികേയൻ. പരാശക്തിയാണ് ശിവകാർത്തികേയന്റേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം വൻ ഹൈപ്പോടെയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ചിത്രത്തിന്റെ കഥ പോരാ എന്നായിരുന്നു സിനിമ കണ്ടവർ ഒന്നടങ്കം ഉന്നയിച്ചത്.
ശിവകാർത്തികേയന്റെ പെർഫോമൻസിനെ അഭിനന്ദിച്ചും സിനിമാ പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. മലയാളി താരം ബേസിൽ ജോസഫും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. ലോകമെമ്പാടുമായി ഇതുവരെ 84.55 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് 52 കോടി ചിത്രം കളക്ട് ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഥർവ, രവി മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ഇപ്പോഴിതാ സംവിധായിക സുധ കൊങ്കര ശിവകാർത്തികേയനെക്കുറിച്ച് പറഞ്ഞ ഒരു കാര്യവും അതിന് നടൻ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പരാശക്തിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള സുധയുടെ പരാമർശമാണ് വൈറലായി മാറിയിരിക്കുന്നത്. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, പൃഥ്വി പാണ്ഡ്യരാജ് എന്നിവരും സുധയ്ക്ക് ഒപ്പമുണ്ടായിരുന്നു.
സ്ക്രിപ്റ്റ് വായിക്കുന്നതിനെക്കുറിച്ചാണ് സുധ കൊങ്കര സംസാരിക്കുന്നത്. "അഥർവയും രവി മോഹനും സ്ക്രിപ്റ്റ് വായിക്കും. പക്ഷേ ശിവകാർത്തികേയൻ അത്രയൊന്നും വായിക്കില്ല".- എന്നായിരുന്നു സുധയുടെ പരാമർശം. ഉടനെ ശിവകാർത്തികേയൻ ഇതിന് മറുപടി പറയുകയായിരുന്നു. "ഒരു മിനിറ്റ് മാഡം, അങ്ങനെ പറയരുത്.
ഇതിപ്പോൾ നിങ്ങൾ വന്ന് എന്റെ ജീവിതം ജീവിച്ചതു പോലെയാണല്ലോ. ഞാൻ തീർച്ചയായും എന്റെ സ്ക്രിപ്റ്റുകൾ വായിക്കുന്ന ആളാണ്. അമരൻ, മദിരാസി, മാവീരൻ ഇതിന്റെയെല്ലാം സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടുണ്ട്. സെറ്റിൽ അല്പം ഫൺ ആയി ഇരിക്കുന്നത് കൊണ്ട് എനിക്ക് വായനാശീലം ഇല്ല എന്ന് പറയുന്നതിൽ അർഥമില്ല.
പിന്നെ മാഡം, സ്ക്രിപ്റ്റ് വായിക്കുന്ന ശീലം കണ്ടുപിടിച്ചത് നിങ്ങൾ ആണെന്ന് തോന്നുന്ന രീതിയിലാണല്ലോ നിങ്ങൾ സംസാരിക്കുന്നത്".- ശിവകാർത്തികേയൻ പറഞ്ഞു. ശിവകാർത്തികേയന്റെ മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates