അന്ന് കാണുമ്പോൾ നാലു വയസ്, പലഹാരങ്ങളുമായി ശ്രീദേവിയെ കാണാൻ വീട്ടിലെത്തി സുരേഷ് ​ഗോപി, ചേർത്തുപിടിച്ചു; ചിത്രം

നാലു വയസുകാരിയുടെ അമ്മയാണെങ്കിലും സുരേഷ് ​ഗോപിയെ കണ്ടതോടെ അവൾ പഴയ കുഞ്ഞായി. അദ്ദേഹം ചേർത്തുപിടിച്ചപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

തൃശൂർ; സുരേഷ് ​ഗോപിയെ ആദ്യമായി കാണുമ്പോൾ ശ്രീദേവിന്ന് നാലു വയസായിരുന്നു പ്രായം. ഭിക്ഷാടന മാഫിയ ഏൽപ്പിച്ച് മുറിപ്പാടുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ ആശ്വാസവും പുതിയ വീടു കിട്ടിയതിന്റെ സന്തോഷത്തിലുമായിരുന്നു അന്ന് ശ്രീദേവി. സുരേഷ് ​ഗോപിയുടെ  ശുപാർശ കത്തിലാണ് ജനസേവ ശിശുഭവൻ ഈ നാലു വയസുകാരിക്ക് അഭയകേന്ദ്രമാകുന്നത്. വർഷങ്ങൾക്കിപ്പുറം ശ്രീദേവിയുടെ വീട്ടിലേക്ക് താരം എത്തി. നാലു വയസുകാരിയുടെ അമ്മയാണെങ്കിലും സുരേഷ് ​ഗോപിയെ കണ്ടതോടെ അവൾ പഴയ കുഞ്ഞായി. അദ്ദേഹം ചേർത്തുപിടിച്ചപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല. 

വർഷങ്ങൾക്കു മുൻപു മലപ്പുറം കോട്ടയ്ക്കലിലെ തെരുവിൽ പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ടതാണ് ശ്രീദേവി. ആക്രി പെറുക്കി ജീവിക്കുന്ന തങ്കമ്മയാണ് ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. പ്ലാസ്റ്റിക് മറച്ച കുടിലാണെങ്കിലും അവളുടേതായി ഒരു കുടുംബമുണ്ടായി. എന്നാൽ മൂന്നാം ക്ലാസിൽ തങ്കമ്മ മരിച്ചതോടെ ശ്രീദേവിയുടെ ജീവിതം വീണ്ടും തെരുവിലാവുകയായിരുന്നു.  ഭിക്ഷാടകരുടെ കൈകളിലായ കുഞ്ഞിന്റെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞും മറ്റും മുറിവേൽപിച്ച് ഭിക്ഷാടനത്തിന് എത്തിച്ചതു വാർത്തയായി.

തുടർന്ന് അനേകമാളുകൾ സഹായഹസ്തവുമായെത്തി. അക്കൂട്ടത്തിൽ സുരേഷ് ഗോപിയുമുണ്ടായിരുന്നു. സന്നദ്ധ സംഘടനകളും മമ്മൂട്ടി ഫാൻസ് അസോസിയേഷനും കൈകോർത്തപ്പോൾ ശ്രീദേവി ആലുവയിലെ ജനസേവ ശിശുഭവനിലെത്തി. ആയിടയ്ക്ക് ജനസേവ ശിശുഭവനിലെത്തിയ സുരേഷ് ഗോപി താൻ ശുപാർശ കത്ത് നൽകി പ്രവേശനം നേടിയ ശ്രീദേവിയെ കണ്ടു. 

ജനസേവയിൽ താമസിച്ച് 10ാം ക്ലാസ് പാസായ ശ്രീദേവിക്ക് തൊഴിൽ പരിശീലനവും ലഭിച്ചു. കാവശേരി മുല്ലക്കൽ തെലുങ്കപ്പാളയത്തിലെ സതീഷിനെ വിവാഹം കഴിച്ച ശ്രീദേവിക്ക് ശിവാനി എന്നു പേരുള്ള മകളുണ്ട്. കാവശേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒറ്റമുറി വീട്ടിലാണ് ഇവർ താമസിക്കുന്നത്. അതിനോട് ചേർന്ന് ഫാൻസി സ്റ്റോറുമുണ്ട്. കോവിഡ് വ്യാപനത്തോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. കട തുടങ്ങാൻ എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടിസ് വന്നു. താമസിക്കുന്ന വാടക മുറിക്ക് പ്രത്യേകം നമ്പർ ലഭിച്ചിട്ടില്ലാത്തതിനാൽ റേഷൻ കാർഡും കിട്ടിയിട്ടില്ല. 

ഇന്നലെ പാലക്കാട്ട് സുരേഷ് ഗോപി എത്തുമെന്നറിഞ്ഞ് കാണാനുള്ള  ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ്  അദ്ദേഹം നേരിട്ടു വീട്ടിലെത്താമെന്നറിയിച്ചത്. മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി എത്തിയത്. തനിക്കൊരു വീടു വേണമെന്ന അപേക്ഷ കേട്ടപ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നറിയിച്ചാണ് അദ്ദേഹം മടങ്ങയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com