

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. ‘സീൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഏറെ നാളുകൾക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന സൂര്യയെയാണ് ടീസറിൽ കാണാൻ കഴിയുന്നത്. 'ആവേശം' എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും സീനിന് ഉണ്ട്.
സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലിനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി എത്തുന്നത് നസ്രിയ ആണ്. ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സൂര്യ എത്തുന്നത്. സൂര്യയുടെ മാസ് ആക്ഷൻ രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം ഏറെ സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.
ഈ വർഷം നവംബർ 6 ന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വമ്പൻ ബജറ്റിൽ വൻ കാൻവാസിലാണ് ഈ മാസ് എന്റർടെയ്നർ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം ആണ്.
സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates