

തന്റെ ഭാര്യ ജ്യോതികയോട് നന്ദി പറഞ്ഞ് നടൻ സൂര്യ. തന്നെ എപ്പോഴും കൈ പിടിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് ഭാര്യ ആണെന്നും സൂര്യ പറഞ്ഞു. സൂര്യ നായകനായെത്തുന്ന സീനിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു നടൻ. ജയ പരാജയങ്ങളെക്കുറിച്ചും സൂര്യ പറഞ്ഞു. മാനിഫെസ്റ്റ് ചെയ്യണമെന്ന് പറയാറുണ്ട്.
അത് മാത്രം ചെയ്തു കൊണ്ടിരിക്കരുത്. എപ്പോഴും നിങ്ങളുടെ മികച്ചത് തന്നെ നൽകണം. നന്നായി കഠിനാധ്വാനം ചെയ്യണമെന്നും സൂര്യ പറഞ്ഞു. "ജയിച്ചിട്ടേ മാരാ എന്ന് പറയുമ്പോൾ, വിജയം എന്നതിനേക്കുറിച്ച് എനിക്കൊന്ന് പറയാനുണ്ട്. എന്ത് ചെയ്തിട്ടാണ് ജയിക്കുന്നത്, അത് മാത്രം മതിയോ.
ജയവും തോല്‌വിയുമൊക്കെ നമ്മുടെ ജീവിതത്തിൽ നടക്കുന്ന വിഷയങ്ങളായിട്ടാണ് ഞാൻ കാണുന്നത്. 20 വയസിൽ ജയിക്കണം എന്നൊക്കെ ഞാൻ പണ്ട് വിചാരിച്ചിരുന്നു. 20-ാം വയസിൽ ഒരു ജോലി വേണം, 25-ാം വയസിൽ ഇത്ര സാലറി വാങ്ങണം, ഒരു 30- 35 വയസിലൊരു വീട് വാങ്ങണം അല്ലെങ്കിൽ ഒരു 40- 50 വയസിൽ വീട് വയ്ക്കണം എന്നിങ്ങനെ പല സ്വപ്നങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്.
ഇപ്പോൾ എനിക്ക് 50 വയസ് കഴിഞ്ഞു. ഇപ്പോൾ ഞാൻ വിചാരിക്കുന്നത്, സമാധാനം വേണം, അതായത് മനസമാധാനം വേണം, അതുപോലെ നല്ല ആരോഗ്യം വേണം. ഇത് രണ്ടും ഉണ്ടാകണമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇത് രണ്ടും ഉണ്ടെങ്കിൽ ബാക്കിയെല്ലാം ഉണ്ട്. ബാക്കിയെല്ലാം പിന്നെ വന്നുചേരും.
ഒരുപാട് കാര്യങ്ങൾ പറയണമെന്ന് ആഗ്രഹമുണ്ട്. അച്ഛനെയും അമ്മയെയും എനിക്ക് തള്ളിക്കളയാനാകില്ല, അതുപോലെ എന്റെ സഹോദരൻമാരെയും സഹോദരിമാരെയും. കാരണം ഞാൻ ആ വീട്ടിലാണ് ജനിച്ചത്, ഞാൻ അവരോടൊപ്പമുണ്ട്. എന്നാൽ, നല്ലൊരു ഭാര്യയെ ലഭിക്കുന്നത് ദൈവം തന്ന വരമാണ് എന്ന് പറയാറില്ലേ.
ഇപ്പോൾ ഞാനിവിടെ നിൽക്കുന്നുണ്ടെങ്കിൽ, എനിക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം എന്റെ ജീവിതത്തിലെ ശരിയായ കാര്യങ്ങളെല്ലാം.. അങ്ങനെ എല്ലാ സമയത്തും എനിക്കൊരു കൈ തന്ന് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത് എന്റെ ഭാര്യയാണ്. കുറേ തെറ്റുകൾ പറ്റിയിട്ടുണ്ട്, ഞാൻ കാലിൽ വീണിട്ടുണ്ട് അപ്പോഴെല്ലാം... ഓരോ തവണയും എന്റെ കൈ പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ജോ ആണ്.
എന്റെ ജീവിതത്തിന്റെ ഭാഗമായതിന് നന്ദി ജോ. എന്നെ ഈ വഴിയിലൂടെ നടത്തിച്ചതിന് നന്ദി ജോ. അവളാണ് ഏറ്റവും നല്ല അമ്മ, അവളാണ് ഏറ്റവും നല്ല സുഹൃത്ത്, അവളാണ് ഏറ്റവും മികച്ച ജീവിത പങ്കാളി. വളരെ സ്ട്രോങ് ആയ നടിയും വ്യക്തിയുമാണ്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങൾക്കും എന്റെ ഭാര്യ എന്റെ കൂടെ തന്നെയുണ്ട്. എപ്പോഴും നമ്മളെന്താണോ വിചാരിക്കുന്നത് അതാണ് നമ്മളാകുന്നത്.
മാനിഫെസ്റ്റ് ചെയ്യണമെന്ന് പറയാറുണ്ട്. അത് മാത്രം ചെയ്തു കൊണ്ടിരിക്കരുത്. എപ്പോഴും നിങ്ങളുടെ മികച്ചത് തന്നെ നൽകണം. നന്നായി കഠിനാധ്വാനം ചെയ്യണം. ഓൺലൈനിൽ മാത്രം ഇരിക്കരുത്, ഓഫ്‌ലൈനിലും ഇരിക്കണം. അടിവേരുകളിൽ വരെ ചെന്ന് ജോലികൾ ചെയ്യുക. ജീവിതത്തിൽ വിശ്വസിക്കുക, ജീവിതം മനോഹരമാണ്". - സൂര്യ പറഞ്ഞു.
സൂര്യ പറഞ്ഞു നിർത്തിയതിന് പിന്നാലെ ജ്യോതികയും തന്റെ ഭർത്താവിനെക്കുറിച്ച് വാചാലയായി. "എനിക്ക് ഇവിടെയിരുന്ന് സംസാരിക്കുമ്പോൾ നല്ല ടെൻഷനുണ്ട്. ഒരുപാട് വർഷമായി ഞാനൊരു ഫങ്ഷന് വന്നിട്ട്. എന്നോടൊപ്പം നിൽക്കുന്നതിന് നന്ദി സൂര്യ.
എന്താണ് ഞാൻ പറയേണ്ടത്. സ്കോട്ട്ലൻഡിലെ വിഡിയോ നിങ്ങളെല്ലാവരും കണ്ടതല്ലേ. വളരെയേറെ ഭാഗ്യവതിയാണെന്ന് മാത്രമേ എനിക്കിപ്പോൾ പറയാനുള്ളൂ. നല്ലൊരു കുടുംബവും നല്ലൊരു ഭർത്താവും. സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ടവളാണ് ഞാൻ. നന്ദി".- ജ്യോതിക പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates