മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളാണ് സുഷിൻ ശ്യാം. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സിനിമാ പ്രേക്ഷകരുടെ മനം കവരാൻ സുഷിനായി. അടുത്തിടെ റേ എന്ന പേരിൽ ഒരു മ്യൂസിക് വിഡിയോയും സുഷിൻ പുറത്തിറക്കിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു റേയ്ക്കും സംഗീത പ്രേമികൾക്കിടയിൽ നിന്നും ലഭിച്ചത്.
ഇപ്പോഴിതാ സംഗീത മേഖലയിൽ നിർമിത ബുദ്ധി സൃഷ്ടിച്ച വെല്ലുവിളിയെക്കുറിച്ച് സുഷിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിർമിത ബുദ്ധിയുടെ വ്യാപനത്തോടെ പാട്ടിന്റെ പകർപ്പവകാശം വൻ തുകയ്ക്ക് വാങ്ങുന്ന മ്യൂസിക് ലേബലുകൾ ഇവ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന ഉപാധി കൂടെ വെക്കുന്നുവെന്നാണ് സുഷിന്‍ പറയുന്നത്.
ഇത് വേദനാജനകമാണെന്നും സുഷിന്‍ പറഞ്ഞു. ഫ്രണ്ട് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സുഷിൻ ഇക്കാര്യം വ്യക്തമാക്കിയത്. "പുതിയ റെക്കോഡ് ലേബലുകള്‍ പാട്ടിന്റെ അവകാശം വാങ്ങുമ്പോള്‍ പാട്ട് എഐയെ ട്രെയിന്‍ ചെയ്യിക്കാന്‍ ഉപയോഗിക്കുമെന്ന ക്ലോസ് വെക്കും.
അത്തരം ഉപാധികള്‍ കാണുമ്പോള്‍ മ്യുസീഷ്യന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വേദന തോന്നും. ഉപാധി അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ പാട്ടിന്റെ അവകാശം വേണ്ടെന്ന് അവര്‍ പറയും. ഞാന്‍ അത്തരം ഉപാധികളുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍, അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മ്യുസീഷ്യന്മാരുണ്ട്'- സുഷിൻ പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം ഒരുക്കുന്ന ബാലൻ- ദ് ബോയ് എന്ന സിനിമയാണ് സുഷിന്റെ പുതിയ പ്രൊജക്ട്. ജിത്തു മാധവൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന് ഛായാഗ്രഹണം. വിവേക് ഹർഷനാണ് എഡിറ്റിങ്. ചിദംബരത്തിന്റെ സഹോദരൻ ഗണപതിയാണ് ബാലന്റെ സഹ നിർമാതാവ്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates