

മലയാള സിനിമയ്ക്ക് ദൃശ്യഭംഗിയുടെ പുതിയ ഭാഷ നൽകിയ ഛായാഗ്രാഹകൻ. ക്യാമറയ്ക്ക് മുന്നിൽ മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജുമടക്കമുള്ള താരങ്ങൾ വിസ്മയങ്ങൾ തീർത്തപ്പോൾ, ആ അഭിനയമുഹൂർത്തങ്ങളെ മനോഹരമായ ഫ്രെയിമുകളിലേക്ക് പകർത്തിയ കലാകാരൻ. 'നരൻ', 'പുലിമുരുകൻ', 'ഒടിയൻ', 'തുടരും' തുടങ്ങി അൻപതിലേറെ സിനിമകളിലൂടെ മലയാള സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്തിയ ഷാജി കുമാറാണ് ക്യാമറക്കണ്ണുകളടച്ച് ഓർമകളിലേക്ക് മായുന്നത്.
സിനിമയോടുള്ള അടങ്ങാത്ത മോഹവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനക്കരുത്തുമായിരുന്നു ഷാജി കുമാറിന്റെ കരുത്ത്. ഓരോ സിനിമയും പുതിയ അനുഭവമായി കണ്ട അദ്ദേഹം, തന്റെ ഏറ്റവും മികച്ച ഷോട്ട് ഇനിയും പകർത്താനിരിക്കുന്നതാണെന്ന് വിശ്വസിച്ചു. ആ വാക്കുകൾ ബാക്കിവച്ചാണ് 57-ാം വയസ്സിലെ വിടവാങ്ങൽ.
പെരുമ്പാവൂരിൽ വളർന്ന ഷാജി കുമാർ പ്രീഡിഗ്രി പഠനത്തിനുശേഷം സിനിമാരംഗത്തേക്ക് എത്തുന്നത് മനസ്സിലെ അടങ്ങാത്ത മോഹംകൊണ്ടാണ്. സുഹൃത്തിന്റെ ബന്ധുവായ ഛായാഗ്രാഹകൻ അഴഗപ്പന്റെ സഹായിയായി സിനിമയിൽ തുടക്കം കുറിച്ചു. പിന്നീട് പഠനത്തിനായി സിനിമയിൽനിന്ന് മാറിനിന്നെങ്കിലും ആ ഇടവേള അധികം നീണ്ടില്ല. ഇരുപതാം വയസ്സിൽ വീണ്ടും സിനിമയിലെത്തിയ ഷാജി, ബന്ധുവായ മോഹൻ വഴി പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവർത്തിച്ചാണ് ക്യാമറയുടെ സാങ്കേതിക വശങ്ങളും ദൃശ്യഭാഷയുടെ സാധ്യതകളും അടുത്തറിയുന്നത്.
'ഉത്തമ' അരങ്ങേറ്റം
2001ൽ അനിൽ ബാബു സംവിധാനം ചെയ്ത 'ഉത്തമൻ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ഈ അവസരത്തിലേക്ക് ഷാജിയെ എത്തിച്ചതിൽ സ്വന്തം നാട്ടുകാരനായ നടൻ ജയറാമിനും നിർണായക പങ്കുണ്ടായിരുന്നു. ജയറാമിന്റെ മുൻചിത്രങ്ങളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഷാജിക്ക് 'ഉത്തമനി'ലൂടെ സ്വതന്ത്രമായി ക്യാമറ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചു.
വഴിത്തിരിവായ 'നരൻ'
2005ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'നരൻ' ഷാജി കുമാറിന്റെ കരിയറിലെ നിർണായക വഴിത്തിരിവായി. ആന്റണി പെരുമ്പാവൂരാണ് സംവിധായകൻ ജോഷിക്കും മോഹൻലാലിനും മുന്നിൽ ഷാജിയുടെ പേര് നിർദേശിച്ചത്. തുടർന്ന് പുഴയുടെയും പ്രകൃതിയുടെയും പശ്ചാത്തലത്തിൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രത്തെ ഒപ്പിയെടുത്തു ഷാജികുമാർ. നരന്റെ ഈർപ്പമുള്ള ഫ്രെയിമുകൾ മലയാളസിനിമയുടെ സിനിമാറ്റിക് ഗ്രാമർതന്നെ തിരുത്തി.
ഹൊഗനക്കലിലെ അപകടകരമായ പുഴയിലായിരുന്നു ചിത്രത്തിലെ പ്രധാന രംഗങ്ങൾ പലതും ചിത്രീകരിച്ചത്. മഴക്കാലത്ത് കുത്തിയൊഴുകുന്ന പുഴയും വന്യമൃഗങ്ങളുടെ സാന്നിധ്യവുമെല്ലാം ചിത്രീകരണത്തെ വെല്ലുവിളി നിറഞ്ഞതാക്കി. മോഹൻലാലിന്റെ സാഹസികമായ പ്രകടനങ്ങൾ ക്യാമറയിൽ പകർത്തുമ്പോൾ ഷാജി കുമാറിനും വലിയ അപകടസാധ്യതകൾ നേരിടേണ്ടിവന്നു.
മോഹൻലാലുമായുള്ള സൗഹൃദവും ആ സിനിമയിലൂടെ കൂടുതൽ ദൃഢമായി. പിന്നീട് 'ഒടിയൻ', 'പുലിമുരുകൻ', 'തുടരും' തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരുടെയും കൂട്ടുകെട്ട് തുടർന്നു.
'പുലിമുരുകൻ'; വെല്ലുവിളികളും തീരാനഷ്ടവും
2016ൽ പുറത്തിറങ്ങിയ 'പുലിമുരുകൻ' ഷാജി കുമാറിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ സിനിമയിലെ ആക്ഷൻ രംഗങ്ങളും വനമേഖലകളിലെ ദൃശ്യങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു.
യഥാർഥ കടുവയ്ക്കൊപ്പമുള്ള ചിത്രീകരണം ഷാജിയുടെ ജീവിതത്തിലെ ഏറ്റവും അപകടകരമായ അനുഭവങ്ങളിലൊന്നായിരുന്നു. കടുവയുടെ ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ടായിരുന്നു ക്യാമറയ്ക്ക് പിന്നിലെ പ്രവർത്തനം. കടുവയുടെ കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരിക്കേണ്ടിവന്ന അനുഭവം പിന്നീട് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
എന്നാൽ 'പുലിമുരുകൻ' റിലീസ് ചെയ്തപ്പോൾ ആ സന്തോഷം പങ്കിടാൻ ഷാജിക്കൊപ്പം ഭാര്യ സ്മിത ഉണ്ടായിരുന്നില്ല. അർബുദത്തെ തുടർന്ന് 2014 ഫെബ്രുവരി 10നായിരുന്നു സ്മിതയുടെ മരണം. ഷാജിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രം കാണാൻ ഭാര്യയ്ക്ക് സാധിച്ചില്ലെന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വേദനയായി.
ഭാര്യയുടെ വിയോഗം ഷാജി കുമാറിനെ ആഴത്തിൽ തളർത്തി. കുറച്ചുകാലം സിനിമയിൽനിന്ന് മാറിനിൽക്കുകയും ചെയ്തു. അച്ഛൻ രാവിലെ ജോലിക്ക് പോയി രാത്രി തിരിച്ചെത്തുന്ന മറ്റേതെങ്കിലും ജോലി കണ്ടെത്താനാകുമോയെന്ന മക്കളുടെ ചോദ്യം അദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഷാജി കൈലാസ്, ജോഷി, വിനയൻ, വൈശാഖ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിൽ സജീവമായി തുടർന്നു.
മലയാളത്തിനുമപ്പുറം
മലയാള സിനിമയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഷാജി കുമാറിന്റെ സിനിമായാത്ര. തമിഴ്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. 2011ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'പൊന്നർ ശങ്കർ' അദ്ദേഹത്തിന് നിരൂപകശ്രദ്ധ നേടിക്കൊടുത്തു.
ഫിലിം ക്യാമറകളുടെ കാലത്ത് സിനിമാരംഗത്തെത്തിയ അദ്ദേഹം ഡിജിറ്റൽ സിനിമയുടെ കാലത്തും തന്റെ സാങ്കേതിക മികവ് നിലനിർത്തി. വെളിച്ചം, നിറങ്ങളുടെ വിന്യാസം, ഫ്രെയിമിങ് എന്നിവയിലെ സൂക്ഷ്മതയായിരുന്നു അദ്ദേഹത്തിന്റെ ദൃശ്യഭാഷയുടെ പ്രത്യേകത.
'നസ്രാണി', 'റോബിൻഹുഡ്', 'ബാബാ കല്യാണി', 'വെള്ളിനക്ഷത്രം', 'അത്ഭുതദ്വീപ്', 'മധുരരാജ', 'റിങ് മാസ്റ്റർ', 'മല്ലു സിങ്', 'രാമലീല', 'പത്തൊൻപതാം നൂറ്റാണ്ട്' തുടങ്ങി അൻപതിലേറെ സിനിമകളാണ് അദ്ദേഹത്തിന്റെ കരിയറിന്റെ ഭാഗമായത്.
'തുടരും' മുതൽ 'അതിമനോഹരം' വരെ
മോഹൻലാലിനൊപ്പം പ്രവർത്തിച്ച ചിത്രങ്ങളിൽ 'ഒടിയൻ' വേറിട്ട അനുഭവമായിരുന്നു. ഒരേ സിനിമയിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള മോഹൻലാലിനെ ക്യാമറയിൽ പകർത്താനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.
2025ൽ പുറത്തിറങ്ങിയ തരുൺ മൂർത്തി ചിത്രം 'തുടരും' ഷാജി കുമാറിന്റെ ദൃശ്യപരിചയത്തിന്റെ മറ്റൊരു ഉദാഹരണമായി. സിനിമയിലെ എഴുപത് ശതമാനത്തിലേറെ രംഗങ്ങളും രാത്രിയിലായിരുന്നു ചിത്രീകരിച്ചത്. വാളയാറിലും ധോണിയിലുമുള്ള വനമേഖലകൾ, മഴ, പുലർകാല കാഴ്ചകൾ, ഉരുൾപൊട്ടൽ രംഗങ്ങൾ തുടങ്ങി നിരവധി ദൃശ്യങ്ങൾ സിനിമയുടെ ആസ്വാദനത്തിന് കരുത്തായി.
മോഹൻലാലിനൊപ്പം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം', സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പൻ' എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ. എന്നാൽ 'അതിമനോഹരം' തിയറ്ററിലെത്തുന്നത് കാണാൻ ഷാജി കുമാറില്ല.
ഫ്രെയിമുകളിൽ ജീവിച്ച ഷാജികുമാർ
ഷാജി കുമാറിന്റെ ജീവിതം സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ചുള്ള മുന്നേറ്റത്തിന്റെയും കഥയാണ്. വ്യക്തിജീവിതത്തിലെ വലിയ നഷ്ടങ്ങൾക്കിടയിലും ക്യാമറയോടുള്ള ഇഷ്ടം കൈവിടാതെ അദ്ദേഹം യാത്ര തുടർന്നു.
താൻ ചെയ്ത സിനിമകളിൽ ഏറ്റവും മികച്ച ഷോട്ട് ഏതാണെന്നു ചോദിച്ചാൽ ഷാജി കുമാറിന് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ: 'ഇനി ഞാൻ എടുക്കാനിരിക്കുന്നതാണ് ഏറ്റവും മികച്ച ഷോട്ട്.' ആ മറുപടിയിൽ ഒരു ഛായാഗ്രാഹകന്റെ ആത്മവിശ്വാസവും സിനിമയോടുള്ള പ്രണയവുമുണ്ടായിരുന്നു. ഇനി പകർത്താനിരുന്ന ആ മികച്ച ഷോട്ടുകൾ ബാക്കിവച്ച് ഷാജി കുമാർ മടങ്ങുമ്പോൾ, അദ്ദേഹം പകർത്തിയ ദൃശ്യങ്ങളിലൂടെ ആ കലാകാരൻ മലയാള സിനിമയിൽ തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates