Sruthy Jayan
Sruthy Jayanഇന്‍സ്റ്റഗ്രാം

'മലയാളത്തില്‍ സ്ഥിരം പാവപ്പെട്ട വീട്ടിലെ കുട്ടി, അംഗീകരിക്കപ്പെട്ടത് മറ്റ് ഭാഷകളില്‍'; രാജീവ് ഗാന്ധിയെ വധിച്ച ധനുവാകാന്‍ ഭയന്നില്ല

മലയാളത്തിലെ ഇടവേളയുടെ കാരണം
Published on

ചിലരുണ്ട്, സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ കാലങ്ങളുടെ പരിചയം തോന്നുന്നവര്‍. അങ്ങനൊരാളാണ് ശ്രുതി ജയന്‍. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെയായിരുന്നു ശ്രുതിയുടെ തുടക്കം. പിന്നാലെ വന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലും കയ്യടി നേടി. ജൂണിലെ ടീച്ചര്‍ വേഷത്തിലും തിളങ്ങി. എന്നാലും ശ്രുതിയുടെ സമയം മാറുന്നത് മലയാളത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാന്‍ തീരുമാനിക്കുന്നതോടെയാണ്.

ഇപ്പോഴിതാ സോണി ലിവിന്റെ സെന്‍സേഷണല്‍ സീരീസ് ദ ഹണ്ടിലൂടെ കയ്യടി നേടുകയാണ് ശ്രുതി. രാജീവ് ഗാന്ധി വധത്തിന്റെ കഥ പറയുന്ന സീരീസില്‍ മനുഷ്യബോംബായി മാറിയ ധനുവായിട്ടാണ് ശ്രുതി അഭിനയിച്ചിരിക്കുന്നത്. ശ്രുതി ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രവും പ്രകടനവും. പാന്‍ ഇന്ത്യന്‍ റീച്ച് നേടി സീരീസ് മുന്നേറുമ്പോള്‍ ശ്രുതിയെ തേടിയും അഭിനന്ദന പ്രവാഹമാണ്. സീരീസിനെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ ശ്രുതി സമകാലിക മലയാളത്തോട് സംസാരിക്കുകയാണ്.

Q

ദ ഹണ്ടിന് ലഭിക്കുന്ന പ്രതികരണങ്ങള്‍

A

നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ റീച്ച് ലഭിക്കുന്നുണ്ട്. ഞാന്‍ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. അതിനാല്‍ അവിടെ നിന്നും നിരവധി സംവിധായകരും താരങ്ങളുമൊക്കെ മെസേജ് അയക്കുന്നുണ്ട്. ആളുകളിലേക്ക് എത്തി തുടങ്ങുന്നത് രണ്ടാമത്തെ ആഴ്ചയോടെയാണ്.

Q

എങ്ങനെയാണ് ദ ഹണ്ടിലേക്ക് എത്തുന്നത്?

A

തെലുങ്കില്‍ ഞാന്‍ രണ്ട് മൂന്ന് സീരീസുകള്‍ ചെയ്തിട്ടുണ്ട്. ദൂത എന്ന സീരീസില്‍ അഭിനയിച്ചിരുന്നു. അത് കാസ്റ്റിങ് ഡയറക്ടര്‍ കണ്ടിരുന്നു. നാഗേഷ് സാര്‍ സൗത്ത് ഇന്ത്യന്‍ കാസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്നെ അദ്ദേഹം സജസ്റ്റ് ചെയ്യുകയായിരുന്നു. ഓഡിഷനുണ്ടായിരുന്നു. വീഡിയോ അയച്ചു കൊടുത്തു. അടുത്ത ദിവസം വിളിക്കുകയും ധനുവായി തീരുമാനിച്ചതായി അറിയിക്കുകയും ചെയ്തു.

Q

ഇതുപോലൊരു സെന്‍സിറ്റീവായ വിഷയം കൈകാര്യം ചെയ്യുന്ന സീരീസില്‍, ധനുവിനെപ്പോലൊരു കഥാപാത്രം ലഭിക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നുവോ?

A

ഭയമൊന്നുമുണ്ടായിരുന്നില്ല. അഭിനേതാവ് എന്ന നിലയില്‍ എക്‌സ്‌പ്ലോര്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഭയങ്കര സന്തോഷം തോന്നി. നന്നായി ചെയ്യണം എന്നു കരുതി. കാരണം നമ്മള്‍ സാധാരണയായി കാണുന്ന രീതിയിലല്ല കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. ചെയ്യാന്‍ എളുപ്പമല്ല. കാം ആന്റ് കംപോസ്ഡ് ആണ്. ഒരുപാട് വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്തി പെരുമാറുന്ന കഥാപാത്രമാണ്. അത് ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. അഭിനയിക്കുകയാണെങ്കിലും അഭിനയിക്കുകയാണെന്ന് തോന്നരുത്. ധനുവിനെ നമ്മള്‍ അറിയുന്നത് കൊലപാതകി എന്ന നിലയിലാണ്. അതിന് അപ്പുറത്തേക്ക് പോകുന്നതാണ് സീരീസ്. തലേദിവസത്തെ അവരുടെ അവസാനത്തെ അത്താഴവും, ആ രാത്രി അവള്‍ എന്ത് ചെയ്തുവെന്നെല്ലാം സീരീസില്‍ കാണിക്കുന്നുണ്ട്.

Q

എന്തൊക്കെയായിരുന്നു ധനുവാകാനുള്ള തയ്യാറെടുപ്പുകള്‍?

A

വളരെ കുറച്ച് മെറ്റീരിയലുകളേ നമ്മുടെ പക്കലുള്ളൂ. ഗൂഗിളില്‍ നിന്നും കിട്ടിയ കുറച്ച് ഫോട്ടോകളും വാര്‍ത്തകളും. പിന്നെ കുറച്ച് ഡോക്യുമെന്ററികളും. ഡോക്യുമെന്ററിയില്‍ അവരുടെ ട്രെയ്‌നിംഗ് കാണിക്കുന്നുണ്ട്. ട്രെയ്‌നിംഗിന് ശേഷം അവര്‍ വളരെ കൂളാണ്. പാട്ട് വച്ച് ഡാന്‍സ് ചെയ്യുന്നുണ്ട്. അവര്‍ക്ക് മാനുഷികമായ എല്ലാ വികാരങ്ങളുമുണ്ട്. ചെറുപ്പം മുതലേ ട്രെയ്‌നിംഗ് നേടിയിട്ടുണ്ട് ധനുവിന്. എവിടെയോ വായിച്ചത് ഏഴാം വയസ് മുതല്‍ ട്രെയ്‌നിംഗിന് പോയിത്തുടങ്ങിയിരുന്നുവെന്നാണ്. കാലിന് പരുക്കേറ്റതോടെയൊണ് സൂയിസൈഡ് ബോംബറിലേക്ക് മാറുന്നത്. അവരെ സംബന്ധിച്ച് നാടിന് വേണ്ടിയുള്ള ത്യാഗമാണ്. സ്വയം ഹീറോയായിട്ടാണ് കാണുന്നത്.

ചന്ദ്രനെ നോക്കി സംസാരിക്കുന്ന ഡയലോഗായിരുന്നു എനിക്ക് ഓഡിഷനില്‍ ലഭിച്ചത്. അതില്‍ നിന്നു തന്നെ കഥാപാത്രത്തെ മനസിലാക്കാന്‍ സാധിച്ചിരുന്നു. ധനുവിന്റെ പഴയ ഫോട്ടോകളില്‍ അവളുടെ പ്രത്യേകതയുള്ള ചിരി കാണാന്‍ കഴിഞ്ഞു. അത് ഞാന്‍ കഥാപാത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.

Q

വളരെ ഡൈവേഴ്‌സായൊരു ഫിലിമോഗ്രഫിയുള്ള സംവിധായകനാണ് നാഗേഷ് കുക്കുനൂര്‍. അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത് എങ്ങനെയാണ്?

A

കൃത്യമായി ബാലന്‍സ് ചെയ്തിട്ടുണ്ട് അദ്ദേഹം. സീരീസിന് ആധാരമായ പുസ്തകത്തിന്റെ എഴുത്തുകാരന്‍ അനിരുദ്ധ്യ മിത്ര എനിക്ക് മെസേജ് അയച്ചിരുന്നു. ധനുവിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. പക്ഷെ നിന്നിലൂടെ ഞാന്‍ ധനുവിനെ കണ്ടു എന്ന് പറഞ്ഞു. നളിനിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വച്ചാണ് അദ്ദേഹം ധനുവിനെക്കുറിച്ച് എഴുതുന്നത്. ധനു എന്താണ് എന്നതില്‍ നാഗേഷ് സാറിന് വളരെയധികം വ്യക്തതയുണ്ടായിരുന്നു. വികാരങ്ങള്‍ കണ്ണിലൂടെ മാത്രമായിരിക്കണം കാണിക്കേണ്ടതെന്ന് പറഞ്ഞു തന്നിരുന്നു. അദ്ദേഹം ഒരു നടന്‍ കൂടെ ആയതിനാലാകാം അത് സാധ്യമാകുന്നത്. ഓഡിഷന് ശേഷം അദ്ദേഹത്തെ കാണുന്നത് സെറ്റില്‍ വച്ച് മാത്രമാണ്. അല്ലാതെ കോണ്ടാക്ടൊന്നുമില്ല. എനിക്കത് അത്ഭുതമായിരുന്നു. എന്നിട്ടും ഇത്രയും നല്ല റിസള്‍ട്ടുണ്ടാക്കാന്‍ സാധിക്കുന്നുണ്ട് അദ്ദേഹത്തിന്. അഭിനയിച്ചത് മോണിറ്ററില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെയാണോ ഇതെന്ന് തോന്നിപ്പോയി. അഭിനയിക്കുന്നവരെ മാത്രമല്ല, സെറ്റില്‍ വര്‍ക്ക് ചെയ്യുന്ന ഏല്ലാവരേയും ഒരുപോലെ കണ്ട് സംസാരിക്കുന്ന വ്യക്തിയാണ് നാഗേഷ് സാര്‍. അഭിനന്ദിക്കാന്‍ യാതൊരു മടിയുമില്ല. പ്രൊഫഷണലിസത്തിന്റെ ഹൈ ലെവല്‍ ആണ് സാര്‍.

Q

മലയാളത്തിലെ ഇടവേളയുടെ കാരണം എന്താണ്?

A

നല്ലത് മാത്രം തിരഞ്ഞെടുത്ത് ചെയ്യുന്നതിനാലാണ്. ചെയ്യാനായി ചെയ്യാറില്ല. എനിക്ക് എന്തെങ്കിലും വര്‍ക്ക് ചെയ്യാനുണ്ട് എന്ന് തോന്നണം. കഥയുടെ ഗതിയില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളേ ചെയ്യൂ എന്ന് തീരുമാനിച്ചിരുന്നു. ഇവിടെ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടിരുന്നു. അതു കാരണം കുറേ കഥാപാത്രങ്ങള്‍ വേണ്ടെന്ന് വച്ചിരുന്നു. എപ്പോഴും വിഷമമുള്ള, സാധാരണ വീട്ടിലെ കുട്ടി വേഷങ്ങളാണ് കൂടുതലും ലഭിച്ചിട്ടുള്ളത്. ജൂണ്‍ ഇറങ്ങിയ ശേഷം വന്നതെല്ലാം ടീച്ചര്‍ വേഷങ്ങളായിരുന്നു. തുടക്കത്തില്‍ അതൊന്നും നോക്കരുത് എന്ന് എല്ലാവരും പറയുമായിരുന്നു. ചില സമയത്ത് സാമ്പത്തിക വശം നോക്കുമ്പോള്‍ നമ്മള്‍ ചെയ്തു പോകും. പക്ഷെ പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് നമുക്ക് യാതൊരു വളര്‍ച്ചയും ഉണ്ടായിട്ടുണ്ടാകില്ലെന്ന് അറിയുന്നത്.

ഞാന്‍ സിനിമ ചെയ്യണം എന്ന് തീരുമാനിക്കുന്നത് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നു കരുതിയാണ്. ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. അതിനുള്ള വഴി മലയാളത്തില്‍ അല്ലെങ്കില്‍ മറ്റ് ഭാഷകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ഇവിടുത്തേക്കാളും എന്നെ ആളുകള്‍ അംഗീകരിച്ചിട്ടുള്ളത് അവിടെയാണ്. ഇപ്പോഴാണ് ഇവിടുത്തെ സംവിധായകര്‍ എന്നെ മനസിലാക്കുന്നത്. ഹണ്ട് കണ്ട ശേഷം കുറേ പേര്‍ മെസേജ് അയച്ചു.

ഞാന്‍ ഡാന്‍സര്‍ കൂടെയാണ്. നൃത്ത അധ്യാപികയാണ്. രണ്ടും കൂടെയാണ് ഒരുമിച്ചു കൊണ്ടു പോകുന്നത്. അതിനാല്‍ വളരെ സൂക്ഷിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. എന്തെങ്കിലും ചെയ്ത് അങ്ങ് പോകാമെന്ന ധാരണയില്ല. ഉള്ളിടത്തോളം ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമുണ്ട്. ഭാഷ ഒരു പ്രശ്‌നമല്ല. ഇപ്പോള്‍ അത്തരം അതിരുകളൊന്നുമില്ല. സിനിമ എന്ന് മാത്രമേയുള്ളൂ.

Q

മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ്?

A

സ്‌കെയില്‍ വ്യത്യാസമുണ്ട്. അവിടെയെല്ലാം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. നമുക്ക് ബജറ്റിന്റെ കാര്യത്തിലൊക്കെ പരിമിതികളുണ്ട്. ഇവിടുത്തെ സിനിമകളാണ് അവിടുത്തുകാര്‍ കൂടുതലും കാണുന്നത്. മലയാള സിനിമയില്‍ നിന്നുള്ള ആളാണെന്ന് പറയുമ്പോള്‍ ലഭിക്കുന്ന ബഹുമാനം വേറെ തന്നെയാണ്. തുടക്കത്തില്‍ അങ്കമാലി ഡയറീസ് എന്ന വിലാസം എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. എല്ലാവരും കണ്ടിട്ടുള്ള സിനിമയാണത്.

Sruthy Jayan
Sruthy Jayanഇന്‍സ്റ്റഗ്രാം
Q

കലാ കുടുംബത്തില്‍ നിന്നുമാണ് സിനിമയിലേക്ക് വരുന്നത്. ആ യാത്ര എങ്ങനെയായിരുന്നു?

A

ആദ്യത്തെ സിനിമ അങ്കമാലി ഡയറീസാണ്. കലാക്ഷേത്രയിലെ കോഴ്‌സ് കഴിഞ്ഞ് ചെന്നൈയില്‍ പഠിപ്പിക്കുകയായിരുന്നു. എന്റെ സഹൃത്ത് എന്നോട് ചോദിക്കാതെ അങ്കമാലി ഡയറീസിന്റെ ടീമിന് എന്റെ ഫോട്ടോ അയക്കുകയായിരുന്നു. ഓഡിഷന്‍ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. നൃത്തത്തിന്റേതായ വേറൊരു ലോകത്തായിരുന്നു ഞാന്‍. പുതിയൊരു ലോകമായിരുന്നു സിനിമ. എങ്കിലും അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. നൃത്തത്തിലും അഭിനയമുണ്ടല്ലോ. കുറേക്കൂടി ആഴത്തില്‍ കഥാപാത്രത്തെ അറിയാന്‍ അഭിനയം സഹായിക്കും. അതൊരു അനുഭവമാണ്. എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമാണ്. ഇഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചു പോകാന്‍ സാധിക്കില്ല എന്നതാണ് സിനിമയുടെ പ്രത്യേകത.

Q

അച്ഛന്റേയും അനിയന്റേയും ആരോഗ്യ പ്രശ്‌നങ്ങളും മരണങ്ങളുമൊക്കെ നേരിടേണ്ടി വരുമ്പോഴും കലാജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധ്യമായത് എങ്ങനെയാണ്?

A

എന്റെ അച്ഛന്‍ സംഗീതജ്ഞനായിരുന്നു. ചെറുപ്പം മുതലേ എന്നെ പരിശീലിപ്പിച്ചിരുന്നു. അച്ഛന്റെ അച്ഛന്‍ മരിച്ചപ്പോഴും അദ്ദേഹം സ്‌റ്റേജില്‍ പാട്ട് പാടിയിട്ടുണ്ട്. അനിയന്‍ മരിച്ച് മൂന്നാമത്തെ ദിവസം ഞാന്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് എന്നെ പരിശീലിപ്പിച്ചിരുന്നത്. നമ്മള്‍ കലാകാരന്മാരാണ്. നമുക്ക് മരണങ്ങളും ആഘോഷങ്ങളുമില്ല. നമ്മുടെ പ്രയോരിറ്റി കലയാണ്. ഒരു പരിപാടി ഏറ്റിട്ടുണ്ടെങ്കില്‍ അതിനാണ് ഫസ്റ്റ് പ്രയോരിറ്റി. അച്ഛന്‍ അങ്ങനെയാണ് എന്നെ വളര്‍ത്തിയത്.

അനിയന്‍ മരിക്കുമ്പോള്‍ ഞാന്‍ കോളേജില്‍ പഠിക്കുകയാണ്. ആറ് മാസമായി ശാകുന്തളം പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഞാനില്ലെങ്കില്‍ ആ ഡ്രാമ അന്ന് അവിടെ നടക്കില്ലായിരുന്നു. നീ പോകണമെന്ന് അച്ഛന്‍ പറഞ്ഞു. പോയി, പെര്‍ഫോം ചെയ്തു, വന്നു. അതാണ് ചെറുപ്പം മുതല്‍ ഞാന്‍ അച്ഛനില്‍ കാണുന്നതും. അച്ഛന്‍ ഹൃദ്രോഗിയായിരുന്നു. കൊറേ കഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആശുപത്രിയില്‍ നിന്നും പോയി പാട്ട് റെക്കോര്‍ഡ് ചെയ്യിപ്പിക്കാന്‍ പോയിട്ടുണ്ട്.

താങ്ങാന്‍ ആളില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ ഒരു എനര്‍ജി നമുക്ക് എങ്ങനെയോ ലഭിക്കും. അടുത്തൊരു മരം ഉണ്ടെങ്കിലേ ചായാന്‍ നമുക്ക് തോന്നത്തുള്ളൂ. അങ്ങനെ ആരുമില്ലാതാകുമ്പോള്‍ മനസിന് തനിയെ ശക്തി വരും. അതിനാല്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പ്രൊഫഷണല്‍ ജീവിതവുമായി കൂട്ടിക്കലര്‍ത്താറില്ല. അതേസമയം തന്നെ, മനുഷ്യനാണ് എന്തെങ്കിലുമൊക്കെ സമ്മര്‍ദ്ധങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വരും. ആ സമയം ഞാന്‍ തന്നെ സ്വയം വിട്ടു നില്‍ക്കുകയും കൗണ്‍സലിംഗിന് പോവുകയുമൊക്കെ ചെയ്യും. സ്വന്തമായൊരു ഹീലിംഗ് പ്രോസസ് ഉണ്ടെനിക്ക്.

Q

ഇടയ്‌ക്കൊരിക്കല്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടൊരു സംഭവമുണ്ടായല്ലോ. എന്താണ് സംഭവിച്ചത്?

A

എന്താണ് കാരണം എന്ന് ഇപ്പോഴും അറിയില്ല. പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ആയുര്‍വേദ ചികിത്സ നടന്നു കൊണ്ടിരിക്കെയാണ് സംഭവം. ഒരാഴ്ച കൊണ്ട് കാഴ്ച കുറഞ്ഞ് കുറഞ്ഞ് വന്ന് കാഴ്ചയില്ലാതാവുകയായിരുന്നു. എന്താണ് കാരണമെന്ന് കണ്ടെത്താനായില്ല. ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഡാന്‍സിംഗ് ചെയ്തു തുടങ്ങി. മുറിയുടെ അളവൊക്കെ മനസിലാക്കി വീട്ടില്‍ വച്ച് തന്നെ ഡാന്‍സ് പ്രാക്ടീസ് ചെയ്തു. കണ്ണ് കാണുന്നില്ലെങ്കിലും ഡാന്‍സ് ചെയ്യണം എന്നായിരുന്നു എനിക്ക്. മൂന്നു മാസം കഴിഞ്ഞപ്പോള്‍ പതിയെ കാഴ്ച തിരികെ വന്നു തുടങ്ങി.

Q

പുതിയ പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?

A

ഒരു തെലുങ്ക് വെബ് സീരീസ് തുടങ്ങാനുണ്ട്. താസാ ഖബര്‍ എന്ന ഹിന്ദി സീരീസിന്റെ റീമേക്കാണത്. തെലുങ്കില്‍ വേറെ രണ്ട് സിനിമകളുമുണ്ട്. മലയാളത്തില്‍ ഒരു സിനിമ സംസാരിച്ചിരുന്നു. പിന്നീട് ഫാര്‍മ എന്ന വെബ് സീരീസ് റിലീസാവാനുണ്ട്. അമല പോളിനൊപ്പമുള്ള സീരീസുമുണ്ട് റിലീസിന്. എല്ലാ ഭാഷയും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധ്യമാകുന്നതില്‍ സന്തോഷമുണ്ട്.

Summary

Sruthy Jayan interview: actress talks about playing Dhanu in Sony Liv Series The Hunt. recalls her life and journey in the film field.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com