ആ അപകടത്തെക്കുറിച്ച് രണ്ടു വർഷം മുൻപ് ശ്രീയ പറഞ്ഞു, 'ഷവർമ്മയല്ല സിസ്റ്റമാണ് യഥാർത്ഥ വില്ലൻ'; നടിയുടെ കുറിപ്പ്

രണ്ടു വർഷം മുൻപ് വൃത്തിയില്ലാത്ത സാഹചര്യത്തിൽ വിൽപ്പന നടത്തുന്ന ഷവർമ്മയെക്കുറിച്ച് ശ്രീയ ഫേയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
2 min read

ദിവസങ്ങൾക്കു മുൻപാണ് ഷവർമ്മ കഴിച്ച് ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് ജീവൻ നഷ്ടപ്പെട്ടത്. അതിനു പിന്നാലെ സംസ്ഥാനത്തൊട്ടാകെ പരിശോധനകൾ നടക്കുകയാണ്. ഇപ്പോൾ നടി ശ്രീയ രമേഷിന്റെ ഫേയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഷവർമ്മയല്ല മറിച്ച് മായം കലർത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാർത്ഥ വില്ലൻ എന്നാണ് നടി പറയുന്നത്. രണ്ടു വർഷം മുൻപ് വൃത്തിയില്ലാത്ത സാഹചര്യത്തിൽ വിൽപ്പന നടത്തുന്ന ഷവർമ്മയെക്കുറിച്ച് ശ്രീയ ഫേയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. അത് ഷെയർ ചെയ്തുകൊണ്ട് അധികാരികൾക്കെതിരെ താരം തുറന്നടിച്ചത്. 

‘കുറച്ചു ദിവസം മുൻപ് കൊല്ലം ബൈപാസിൽ കണ്ട ഒരു കാഴ്ച... റോഡിന്റെ തൊട്ടടുത്ത കടയിൽ ഉള്ള ഷവർമ. ഒരു മറവും ഇല്ലാതെ പൊടിയും അടിച്ചു വിൽക്കുന്നു. അതു വാങ്ങാനും നമ്മൾ മലയാളികൾ, നമ്മൾ എങ്ങോട്ട് സുഹൃത്തുക്കളേ ?’- എന്ന കുറിപ്പിൽ ഒരു ഷവർമ്മ കടയുടെ ചിത്രമാണ് രണ്ടു വർഷം മുൻപ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ  അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം എന്നാണ് ശ്രീയ പറയുന്നത്. കാറ്ററിംഗ് രംഗത്ത് ഇനിയെങ്കിലും കര്ശനമായ ഇടപെടൽ വരണമെന്നും നടി വ്യക്തമാക്കി. 

ശ്രീയ രമേശിന്റെ കുറിപ്പ് വായിക്കാം

ഷവർമ്മയല്ല മറിച്ച് മായം കലർത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാർത്ഥ വില്ലൻ…
ഷവർമ്മ കഴിച്ച  ചിലർ  മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ  ആവർത്തിച്ചു വരുമ്പോൾ    കാര്യക്ഷമല്ലാത്ത  കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ ?എന്നാണ് എനിക്ക്  ചോദിക്കുവാൻ ഉള്ളത്.  
ഷവർമ്മ കഴിച്ച  ചിലർ  മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ വരുവാൻ തുടങ്ങിയിട്ട് കുറച്ചു  കാലമായി
നമ്മുടെ നാട്ടിൽ . ഇത് ആവർത്തിക്കുവാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ  അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലിയും വാങ്ങുവാൻ  ഉള്ള സാധ്യതയും തള്ളിക്കളയുവാൻ ആകില്ല.  ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ  വകുപ്പിൽ എന്തെങ്കിലും  നിയന്ത്രണം ഉണ്ടെങ്കിൽ  ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക.  ഭക്ഷ്യ വസ്തുക്കൾ വിൽക്കുവാൻ  ലൈസൻസ് നിർബന്ധമാക്കുകയും കടകൾ   കര്ശനമായ പരിശോധനയും നിയമ ലംഘകർക്ക്  പിഴയും നൽകിക്കൊണ്ട് മാത്രമേ  മനുഷ്യർക്ക് ധൈര്യമായി ഷവർമ്മ ഉൾപ്പെടെ ഉള്ള ഭക്ഷണങ്ങൾ ജീവഭയം ഇല്ലാതെ  കഴിക്കുവാൻ പറ്റൂ.  
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാൻ  ആവശ്യമായ  ആധുനിക സൗകര്യങ്ങൾ ഉള്ള ലാബുകൾ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരിൽ കുറെ പ്രതിമകളും , സ്മാരക മന്ദിരങ്ങളും  നിർമ്മിക്കുവാൻ കോടികൾ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകൾക്ക്  മഹാന്മാരുടെ പേരിട്ടാൽ  പൊതു ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും.  കനത്ത ശമ്പളത്തിൽ ഒരു പ്രയോജനവും ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത  ഒരുപാട് നിയമനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്, അതെ സമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയർത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലർത്തലും നിയന്ത്രിക്കുവാൻ എന്തുകൊണ്ട് നിയമനങ്ങൾ നടക്കുന്നില്ല? ഒരു പക്ഷെ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആവശ്യം ആയതുകൊണ്ടാകുമോ? 
ഗൾഫിൽ ധാരാളം ഷവർമ്മ കടകൾഉണ്ട്  അവിടെ   ഒത്തിരി ആളുകൾ ഷവർമ്മ കഴിക്കുന്നുമുണ്ട് എന്നാൽ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള    വാർത്തകൾ എന്തുകൊണ്ട്  അവിടെ നിന്നും ഉണ്ടാകുന്നില്ല എന്നു  ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ നിയമങ്ങൾ കര്ശനമാണ് അത് പോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകർക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസൻസ് റദ്ദു ചെയ്യും. അവിടെ സാധാരണക്കാർ പരാതി നൽകിയാലും നടപടി വരും  ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുമ്പങ്ങൾക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ അവർക്ക് ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കുവാൻ അമാന്തം? 
ഇനിയെങ്കിലും കാറ്ററിംഗ് രംഗത്തും കര്ശനമായ ഇടപെടൽ വരണം.  എല്ലാ ഭക്ഷ്യ വിതരണ കടകൾക്കും ലൈസൻസ് നിർബന്ധമാക്കുകയും  വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അത് പോലെ മത്സ്യത്തിൽ മായം ചേർക്കുന്നതിനുള്ള പരിശോധന കർശനമാക്കുകയും വേണം.
മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുവാൻ  മാറ്റങ്ങൾ വരുത്തുവാൻ പൊതു ജനം ഒരു കാമ്പെയിൻ തന്നെ തുടങ്ങണം. സങ്കുചിതമായ മത - രാഷ്‌ടീയ താല്പര്യങ്ങൾ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവര്മയിലും പൊതിച്ചോറിലും മായവും  മതവും  കലർത്താതിരിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com