

തിരുവനന്തപുരം: പ്രേം നസീർ വിഷയത്തിൽ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്ന് നടൻ ടിനി ടോം. സദുദ്ദേശ്യത്തോടെ നടത്തിയ പരാമർശമാണത്. പ്രേം നസീറിന്റെ ആരാധകരോട് മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു. മനസിൽ സദുദേശ്യം മാത്രം ലക്ഷ്യമിട്ട് പറഞ്ഞ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. "ലൈം ലൈറ്റിൽ ഉള്ളപ്പോൾ എല്ലാവരും ഉണ്ടാകും ഇല്ലെങ്കിൽ ആരുമുണ്ടാകില്ല എന്നാണ് പറയാനുദ്ദേശിച്ചത്.
മലയാള സിനിമയുടെ ദൈവം എന്ന് തന്നെ പറയാവുന്ന നസീർ സാറിനെ തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു. പ്രേം നസീർ ഫൗണ്ടേഷൻ്റെ ചെയർമാനായ നിർമാതാവ് സുരേഷ് എന്നെ വിളിച്ചു സംസാരിച്ചു. ഫൗണ്ടേഷൻ അംഗങ്ങൾ കൂടിയായ നസീർ സാറിൻ്റെ അടുത്ത ബന്ധുക്കളായ ഫൈസൽ, നാസർ എന്നിവരെ ഇന്ന് നേരിട്ടു കണ്ടു. നിങ്ങളുടെ ഉദ്ദേശ്യത്തെ തെറ്റായി വ്യാഖ്യാനിച്ചത് ആണെന്ന് മനസിലായെന്നും വിഷമിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.
നസീർ സാറിനും മധു സാറിനും സത്യൻ സാറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മധു സാറിനെ വീട്ടിലെത്തി സന്ദർശിക്കാറുണ്ട്. സത്യൻ സാറിൻ്റെ മകന് അമ്മയിൽ അംഗത്വം കൊടുക്കാൻ മുന്നിൽ നിന്ന് ഞാൻ വാദിച്ചിട്ടുണ്ട്. നസീർ സാറിൻ്റെ മകൻ ഷാനവാസുമായും നല്ല ബന്ധമാണ്.
എന്തോ ഒരു അപകടം പറ്റിയത് പോലെയാണ് ഇപ്പോഴത്തെ വിവാദം. എൻ്റെ നാക്ക് പിഴ തന്നെയാണ് ഉണ്ടായത്. പറഞ്ഞ രീതി ശരിയായില്ല. തെറ്റായിട്ട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. യുകെയിൽ ആയിരുന്നതിനാലാണ് മാധ്യമങ്ങളെ കാണാത്തത്. മനസിൽ പോലും ചിന്തിക്കാത്ത കാര്യമാണ് സംഭവിച്ചത്". നസീർ സാറിൻ്റെ ലോകത്തുള്ള എല്ലാ ആരാധകരുകരോടും മാപ്പ് ചോദിക്കുന്നതായും ടിനി പറഞ്ഞു.
"നസീർ സാറിനെ പോലെ ഒരാളെ പറ്റി അങ്ങനെ പറയാനുള്ള ഒരു യോഗ്യതയും എനിക്കില്ല. അതുകൊണ്ടു തന്നെയാണ് ഫൗണ്ടേഷൻ്റെ ആളുകളെ നേരിട്ട് പോയി കണ്ട് മാപ്പ് പറഞ്ഞത്. പ്രേംനസീറിൻ്റെ ബന്ധുക്കൾ വളരെ മാന്യമായാണ് പെരുമാറിയത്. ഫൗണ്ടേഷൻ്റെ മെമ്പർഷിപ്പ് എടുക്കണമെന്ന് ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടു. നസീർ സാറിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന ഫൗണ്ടേഷനിൽ ഞാനും അംഗമായി മാറി.
തന്നോട് ആരാണ് ഇക്കാര്യം പറഞ്ഞതെന്ന് പറഞ്ഞവർക്കറിയാം. എത്ര കൈമലർത്തിയാലും പറഞ്ഞയാൾക്ക് ഉള്ളിൻ്റെ ഉള്ളിൽ അതു വ്യക്തമായി അറിയാം. എൻ്റെ കൈയിൽ തെളിവൊന്നുമില്ല. ബോധപൂർവം ഒരാളെ ഇകഴ്ത്തി പറയുന്ന ഒരാളല്ല ഞാന്‍. ഒരാളുടെ മനസ് വേദനിപ്പിക്കുന്ന കാര്യം പറയുന്നത് പാപമാണെന്നാണ് എൻ്റെ വിശ്വാസം.
ഒന്ന് രണ്ട് പേർ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ ഞാൻ അങ്ങനെ പറഞ്ഞു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടത്തി. ഒരാൾ വീണു കിടന്നാൽ എല്ലാരും കൂടി വളഞ്ഞിട്ട് ആക്രമിക്കും. ഒരുപാട് സൈബർ ആക്രമണം നേരിട്ടു. പക്ഷേ എൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഞാൻ ഡിലീറ്റ് ചെയ്തു പോകില്ല.
കമൻ്റ് ബോക്സ് തുറന്നു വയ്ക്കും. തെറി പറയാനുള്ളവരെല്ലാം പറഞ്ഞോട്ടെ. എല്ലാവരും കല്ലെറിഞ്ഞ് അവരുടെ ദേഷ്യങ്ങളെല്ലാം തീർത്തോട്ടെ. പക്ഷേ ഞാൻ ഒളിച്ചോടില്ല. ഞാൻ ഇവിടെതന്നെ ഉണ്ടാകും".- ടിനി ടോം പറഞ്ഞു.
Actor Tiny Tom apologizes for his remarks against Prem Nazir.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
