2024ൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 താരങ്ങൾ

10 പേരുടെ ലിസ്റ്റില്‍ ആറു പേരും തെന്നിന്ത്യന്‍ താരങ്ങളാണ് എന്നത് ഏറ്റവും പ്രധാനം
highest paid actors
ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 താരങ്ങൾ

ന്ത്യന്‍ സിനിമാരംഗം കുതിപ്പിന്റെ പാതയിലാണ്. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ ബജറ്റിന്റെ വലിയ ഒരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലമാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 നടന്മാര്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഐഎംഡിബി വിവരങ്ങള്‍ പ്രകാരം ഫോബ്‌സ് തയ്യാറാക്കിയ ലിസ്റ്റില്‍ 2024ല്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനാണ്. തെന്നിന്ത്യന്‍ താരങ്ങളായ രജനീകാന്തും വിജയ് യുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 10 പേരുടെ ലിസ്റ്റില്‍ ആറു പേരും തെന്നിന്ത്യന്‍ താരങ്ങളാണ് എന്നത് ഏറ്റവും പ്രധാനം.

1. ഷാരുഖ് ഖാന്‍

shah rukh khan
ഷാരുഖ് ഖാൻചിത്രം; പിടിഐ

കിങ് ഖാനാണ് പട്ടികയില്‍ ആദ്യ സ്ഥാനം കയ്യാളുന്നത്. 150 കോടി മുതല്‍ 250 കോടി വരെയാണ് താരം ഒരു സിനിമയില്‍ നിന്ന് പ്രതിഫലമായി വാങ്ങുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം 2023ല്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ഷാരുഖ് ഖാന്‍ ബോളിവുഡിന് സമ്മാനിച്ചത് രണ്ട് ബ്ലോക്ബസ്റ്ററുകളായിരുന്നു. ജവാനും പത്താനും. രണ്ട് ചിത്രങ്ങളും ആഗോളതലത്തില്‍ 2000 കോടിയില്‍ അധികമാണ് കളക്റ്റ് ചെയ്തത്. പിന്നാലെ എത്തിയ ഡങ്കിയും മികച്ച വിജയമായി. 1987ല്‍ ടെലിവിഷന്‍ രംഗത്തിലൂടെ കാമറയ്ക്കു മുന്നിലെത്തിയ ഷാരുഖ് സൂപ്പര്‍താരമായി ഉയരുന്നത് 1992ലെ ധീവാനയിലൂടെയാണ്. 6300 കോടിയാണ് താരത്തിന്റെ ആസ്തി.

2. രജനീകാന്ത്

rajinikanth
രജനീകാന്ത്ഫെയ്സ്ബുക്ക്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് പട്ടികയില്‍ രണ്ടാമത്. തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്നത് സൂപ്പര്‍താരം എന്ന സ്ഥാനം രജനിക്കാണ്. 115 മുതല്‍ 270 കോടി വരെയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. 1975ല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ജയിലര്‍ വന്‍ വിജയമായിരുന്നു. 110 കോടി രൂപയായിരുന്നു ചിത്രത്തിന് പ്രതിഫലമായി താരം വാങ്ങിയത്. 430 കോടി രൂപയാണ് താരത്തിന്റെ ആസ്തി.

3. വിജയ്

vijay
വിജയ് ഫെയ്‌സ്ബുക്ക്‌

തമിഴ് സൂപ്പര്‍താരം വിജയ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 130 കോടി മുതല്‍ 250 കോടി വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. തെന്നിന്ത്യയില്‍ ശക്തമായ ഫാന്‍ പവറുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം പണം വാരാറുണ്ട്. 2023ല്‍ റിലീസ് ചെയ്ത വാരിസ് 300 കോടിയില്‍ അധികമാണ് നേടിയത്. അവസാനം തിയറ്ററില്‍ എത്തിയ ലിയോയുടെ കളക്ഷന്‍ 612 കോടിയായിരുന്നു. 2023ല്‍ ഏറ്റവും പണം വാരിയ തമിഴ് ചിത്രമായിരുന്നു ലിയോ. 1984ല്‍ ബാലതാരമായി സിനിമയിലേക്ക് ചുവടുവെച്ച താരത്തിന്റെ ആസ്തി 474 കോടി രൂപയാണ്.

4. ആമിര്‍ ഖാന്‍

AAMIR KHAN
ആമിര്‍ ഖാന്‍ഇന്‍സ്റ്റഗ്രാം

മികച്ച സിനിമകളിലൂടെ ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആമിര്‍ ഖാന്‍. 100 കോടി മുതല്‍ 275 കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്നത്. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നാണ് താരം അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിജയപാതയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് താരം. ദംഗലിന്റേയും സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റേയും വിജയത്തിനു ശേഷം തിയറ്ററില്‍ എത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ശ്രദ്ധിക്കപ്പെട്ടില്ല. 2022 ല്‍ റിലീസ് ചെയ്ത ലാല്‍ സിങ് ഛദ്ദയുടെ പരാജയത്തിനു പിന്നാലെ താരം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. സിത്താരെ സമീന്‍ പറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. 1862 കോടിയാണ് താരത്തിന്റെ ആസ്തി.

5. പ്രഭാസ്

prabhas
പ്രഭാസ്

എസ്എസ് രാജമൗലിയുടെ ബാഹുബലിയിലൂടെയാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി വളരുന്നത്. അതിനു ശേഷം താരം അഭിനയിച്ചത് എല്ലാം ബിഗ് ബജറ്റ് സിനിമകളിലായിരുന്നു. 100 കോടി മുതല്‍ 200 കോടി വരെയാണ് താരം വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ആദിപുരുഷ് വന്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് എത്തിയ സലാറിലൂടെ താരം വിജയം തിരിച്ചുപിടിച്ചു. ഇപ്പോള്‍ റിലീസ് ചെയ്ത കല്‍ക്കി വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 241 കോടിയാണ് താരത്തിന്റെ ആസ്തി. എട്ട് വര്‍ഷത്തിനുള്ളില്‍ താരത്തിന്റെ ആസ്തിയില്‍ 94 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

6. അജിത് കുമാര്‍

ajith kumar
അജിത് കുമാര്‍ഇന്‍സ്റ്റഗ്രാം

തമിഴ് സൂപ്പര്‍താരം അജിത്താണ് ലിസ്റ്റിലുള്ള മറ്റൊരു താരം. 105 കോടി മുതല്‍ 165 കോടി വരെയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. 2023ല്‍ റിലീസ് ചെയ്ത താരത്തിന്റെ തുനിവ് മികച്ച വിജയമാണ് നേടിയത്. ഗുഡ് ബാഡ് അഗ്ലി, വിടാ മുയര്‍ച്ചി എന്നിവയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. 196 കോടിയാണ് താരത്തിന്റെ ആസ്തി.

7. സല്‍മാന്‍ ഖാന്‍

salman khan
സല്‍മാന്‍ ഖാന്‍

ബോളിവുഡില്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ 100 കോടി മുതല്‍ 150 കോടി വരെയാണ് ഒരു സിനിമയില്‍ നിന്ന് വാങ്ങുന്നത്. 1990കളില്‍ പ്രണയ നായകനായി നിറഞ്ഞു നിന്നിരുന്ന താരത്തിന് ഇപ്പോള്‍ ആക്ഷന്‍ ഹീറോ പരിവേഷമാണ്. അവസാനം തിയറ്ററിലെത്തിയ ടൈഗര്‍ 3 ചിത്രം 466.63 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. 2900 കോടിയാണ് സല്‍മാന്റെ നെറ്റ് വര്‍ത്ത്.

8. കമല്‍ ഹാസന്‍

kamal haasan
കമല്‍ ഹാസന്‍

തെന്നിന്ത്യയിലെ സൂപ്പര്‍താരം കമല്‍ഹാസന്‍ 100 കോടി മുതല്‍ 150 കോടി വരെയാണ് പ്രതിഫലമായി കൈപറ്റുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആണ് താരം സൂപ്പര്‍താര പദവി തിരിച്ചുപിടിക്കുന്നത്. പ്രഭാസ് നായകനായി എത്തിയ കല്‍ക്കിയില്‍ വില്ലന്‍ കഥാപാത്രമായി അമ്പരപ്പിച്ചിരിക്കുകയാണ് താരം. ഇന്ത്യന്‍ 2 ആണ് ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. കൂടാതെ മണി രത്‌നത്തിനൊപ്പം തഗ് ലൈഫും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

9. അല്ലു അര്‍ജുന്‍

allu arjun
അല്ലു അര്‍ജുന്‍

യുവാക്കളുടെ ആവേശമാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. പുഷ്പ: ദി റൈസിലൂടെയാണ് താരം പാന്‍ ഇന്ത്യന്‍ പദവിയിലേക്ക് ഉയരുന്നത്. ചിത്രത്തിലെ പ്രകടനം താരത്തിന് ദേശിയ പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. 100 കോടി മുതല്‍ 125 കോടിയാണ് താരം പ്രതിഫലമായി കൈപ്പറ്റുന്നത്. 350 കോടിയാണ് താരത്തിന്റെ ആസ്തി. പുഷ്പയുടെ രണ്ടാം ഭാഗമാണ് റിലീസിന് ഒരുങ്ങുന്നത്.

10. അക്ഷയ് കുമാര്‍

akshay kumar
അക്ഷയ് കുമാര്‍

ബോളിവുഡ് താരം അക്ഷയ് കുമാര്‍ 60 കോടി മുതല്‍ 145 കോടി വരെയാണ് ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. എന്നാല്‍ 2023 താരത്തിന് അത്ര മികച്ച വര്‍ഷമായിരുന്നില്ല. തുടര്‍ച്ചയായ പരാജയങ്ങളാണ് താരത്തിന്റെ കരിയറിലുണ്ടായത്. 2500 കോടിയാണ് താരത്തിന്റെ ആസ്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com