

കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം പങ്കുവെക്കാൻ ഇൻസ്റ്റഗ്രാമിൽ നേരിട്ട് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. ചിത്രത്തിന്റെ റിലീസിന് നാട്ടിൽ ഇല്ല എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് ടൊവിനോ പറഞ്ഞത്.
നിലവിൽ കുടുംബത്തിനൊപ്പം അവധിആഘോഷത്തിലാണ് താരം. ഫിൻലാൻഡിൽ നിന്നുമായിരുന്നു താരം ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയത്. ഏറെ സന്തോഷകരമായ ദിവസമാണ് ഇതെന്നാണ് താരം പറഞ്ഞത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ഈ നിമിഷം നാട്ടിൽ ഉണ്ടാകാൻ സാധിക്കാത്തത്. എല്ലാവരും നല്ലത് പറയുമ്പോൾ, അത് നേരിട്ട് കാണാനും അറിയാനും അനുഭവിക്കാനും അവിടെ ഉണ്ടാകാനായില്ല. സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമിരുന്ന് തിയറ്ററിൽ സിനിമ കാണാൻ പറ്റിയില്ല എന്നത് എന്നും നഷ്ട ബോധത്തോടെ ഓർക്കുന്ന ഒന്നായിരിക്കും.- ടൊവിനോ പറഞ്ഞു. രണ്ട് ദിവസത്തിൽ താൻ നീട്ടിലേക്ക് തിരിച്ചെത്തുമെന്നും അതിനുശേഷം കുടുംബത്തോടൊപ്പം പോയി നിറഞ്ഞസദസ്സിൽ ചിത്രം കാണുമെന്നും ടൊവിനോ പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവത്തേക്കുറിച്ചും താരം വിഡിയോയിൽ പറയുന്നുണ്ട്. എളുപ്പമുള്ളൊരു ഷൂട്ടിങ് ആയിരുന്നില്ല സിനിമയുടേത്. നല്ല കട്ടപ്പണിയുള്ള ഷൂട്ട് ആയിരുന്നു. അന്നുണ്ടായ ബുദ്ധിമുട്ടുകളൊക്കെ തൃണവത്കരിച്ച് കൊണ്ട് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്ത് ഒരു കലാകാരൻ എന്ന നിലയ്ക്ക് ഇതിനെക്കാൾ വലിയ അംഗീകാരമില്ല എന്നാണ് താരം പറയുന്നത്.
സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ചും ടൊവിനോ വാചാലനായി. ജൂഡ് ചേട്ടാ, ഇത് നിങ്ങളുടെ ഇത്രയും വർഷത്തെ അധ്വാനത്തിന്റെ പ്രതിഫലം ആണ് ഇപ്പോൾ കിട്ടിക്കെണ്ടിരിക്കുന്നത്. നിങ്ങൾ ഷൂട്ടിങ് സമയത്ത് ആ റെയിൽ കോട്ടുമിട്ട് മൈക്കും പിടിച്ച് വെള്ളത്തിനു നടുവിൽ നിൽക്കുന്നത് ഓർമയുണ്ട്. രാവിലെ അഞ്ചു മണിക്കുപോലും നിങ്ങൾ ആവേശത്തിലായിരിക്കും. എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി.- ടൊവിനോ പറഞ്ഞു.
മലയാള സിനിമ കാണാൻ തിയറ്ററിൽ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ എന്നും ടൊവിനോ ചോദിച്ചു. ഓരോ കാലഘട്ടത്തിന് അനുസരിച്ച് സിനിമകൾ വരുമ്പോൾ, തീർച്ചയായും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ തെളിവാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു. ചിത്രം വൈകാതെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുമെന്നും താരം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates