ഫൈറ്റ്, റൊമാൻസ്, പാട്ട്! ട്രിപ്പിൾ റോളിൽ സ്ട്രോങ്ങായി ടൊവിനോ
ട്രിപ്പിൾ റോളിൽ ത്രില്ലടിപ്പിച്ച് ടൊവിനോ(4 / 5)
ടൊവിനോയുടെ അമ്പതാമത്തെ ചിത്രം; ഒന്നല്ല, രണ്ടല്ല മൂന്ന് റോളുകളിൽ ടൊവിനോ, അഞ്ച് ഭാഷകളിൽ റിലീസ് അങ്ങനെ ഒട്ടേറെ പ്രത്യേകതകളോടെയായിരുന്നു അജയന്റെ രണ്ടാം മോഷണം എന്ന എആർഎം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഈ ഓണക്കാലത്ത് തിയറ്ററുകൾ ഉത്സവപ്പറമ്പാക്കാനുള്ള എല്ലാ ചേരുവകളോടെയുമാണ് ടൊവിനോയും സംവിധായകൻ ജിതിൻ ലാലും എത്തിയിരിക്കുന്നത്. അടി, ഇടി, റൊമാൻസ്, പാട്ട് അങ്ങനെയെല്ലാം കൂടിച്ചേർന്നൊരു ഗംഭീര ഓണ വിരുന്ന് തന്നെയാണ് എആർഎം.
കഥ
മോഹൻലാലിന്റെ നറേഷനിലൂടെയാണ് സിനിമ തുടങ്ങുന്നത്. കഥയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതും മോഹൻലാലിന്റെ ഈ നറേഷൻ തന്നെയാണ്. മൂന്ന് കാലഘട്ടങ്ങൾ പശ്ചാത്തലമാക്കിയാണ് എആർഎമ്മിന്റെ സഞ്ചാരം. ടൊവിനോയുടെ കുഞ്ഞി കേളു, മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ആദ്യം മുതൽ അവസാനം വരെ ഈ മൂന്ന് കഥാപാത്രങ്ങളെയും കണക്ട് ചെയ്തിരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. സുജിത് നമ്പ്യാർ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്.
ഒരു മുത്തശി കഥ കേൾക്കുന്നതു പോലെയാണ് എആർഎം ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകർക്ക് തോന്നുക. ഫിക്ഷനും റിയലിസവും കൂട്ടിയോജിപ്പിച്ചാണ് കഥയുടെ ഒഴുക്ക്. മൂന്ന് കാലഘട്ടങ്ങളേയും കഥാപാത്രങ്ങളേയും വ്യക്തതയോടെ അവതരിപ്പിക്കാൻ സംവിധായകൻ ജിതിൻ ലാലിന് കഴിഞ്ഞിട്ടുണ്ട്. ഒരു നവാഗത സംവിധായകന്റെ യാതൊരു താളപ്പിഴകളോ പതർച്ചയോ എആർഎമ്മിൽ പ്രേക്ഷകന് കാണാനാകില്ല.
മേക്കിങ്
ഏറ്റവും എടുത്ത് പറയേണ്ടത് മേക്കിങ് സ്റ്റൈൽ തന്നെയാണ്. ആദ്യ പകുതിയേക്കാൾ മേക്കിങ്ങിൽ രണ്ടാം പകുതിയിലാണ് സംവിധായകൻ ഞെട്ടിച്ചത്. തിയറ്റർ എക്സ്പീരിയൻസിന് വേണ്ട എല്ലാ ചേരുവകളും രണ്ടാം പകുതിയിൽ കാണാം. ഈ ഓണത്തിന് ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാണ് സംവിധായകനൊരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, കളറിങ്, എഡിറ്റിങ് അങ്ങനെയെല്ലാം ഒന്നിനൊന്ന് മികവ് പുലർത്തിയിട്ടുണ്ട്. കാലഘട്ടങ്ങളെ സംയോജിപ്പിച്ചിരിക്കുന്ന രീതിയിലും നല്ല നിരീക്ഷണം നടത്തിയിട്ടുണ്ട് സംവിധായകൻ. കുഞ്ഞി കേളുവിലൂടെ തുടങ്ങി മണിയനിലൂടെ സഞ്ചരിച്ച് അജയനിലേക്ക് എത്തുകയാണ് കഥ. ഫിക്ഷനും റിയലിസവും കോർത്തിണക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.
പെർഫോമൻസ്
പെർഫോമൻസിന്റെ കാര്യത്തിൽ ഏറ്റവും ഞെട്ടിച്ചത് ടൊവിനോ തന്നെയാണ്. ഓരോ കഥാപാത്രത്തെയും ശരിക്കും മനസിലാക്കിയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നതും. ഓരോ കഥാപാത്രങ്ങളുടെയും മാനറിസവും ശരീരഭാഷയും ലുക്കും എല്ലാം ടൊവിനോയിൽ ഭദ്രമായിരുന്നു. ക്യാരക്ടർ വച്ച് നോക്കുകയാണെങ്കിൽ കേളുവിനേക്കാളും അജയനേക്കാളും മികച്ച് നിന്നത് മണിയൻ എന്ന കഥാപാത്രമാണ്.
മണിയന്റെ നോട്ടം തന്നെ പലയിടങ്ങളിലും പ്രേക്ഷകരെ അമ്പരപ്പിച്ചു. ഒരു ചെറിയ സസ്പെൻസ് എലമെന്റും കൂടി ചേർത്താണ് മണിയൻ എന്ന കഥാപാത്രത്തെ സംവിധായകൻ വികസിപ്പിച്ചിരിക്കുന്നതും. കുഞ്ഞി കേളുവിന്റെയും മണിയന്റെയും ധീരതയും അജയന്റെ നിസാഹയതുമെല്ലാം ടൊവിനോ എന്ന നടനിൽ പലപ്പോഴും ഭദ്രമായിരുന്നു. ടൊവിനോയ്ക്കൊപ്പം തന്നെ പിടിച്ചു നിന്ന മറ്റൊരു കഥാപാത്രമായിരുന്നു ജഗദീഷിന്റെയും.
വളരെ കുറച്ചു സമയമേ ജഗദീഷ് സ്ക്രീനിൽ ഉള്ളൂവെങ്കിലും ലുക്ക് കൊണ്ടും അഭിനയം കൊണ്ടും അദ്ദേഹം പ്രേക്ഷക മനസിലേക്ക് ഒന്നുകൂടി ആഴ്ന്നിറങ്ങി. സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ഹരീഷ് ഉത്തമൻ, രോഹിണി, അജു വർഗീസ്, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി തുടങ്ങിയവരും അവരവരുടെ ഭാഗങ്ങൾ മികച്ചതാക്കി.
പശ്ചാത്തല സംഗീതം, ഛായാഗ്രഹണം
എആർഎമ്മിൽ ഏറ്റവും കൂടുതൽ കൈയ്യടി നേടിയ ഒരു ഘടകം ഛായാഗ്രഹണമാണ്. ഓരോ ഫ്രെയിമുകളും അത്ര മനോഹരമായാണ് ജോമോൻ ടി ജോൺ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. കാലഘട്ടങ്ങളെ ചിത്രീകരിക്കുന്നതിലും അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട് ഛായാഗ്രഹകൻ. വിഎഫ്എക്സും വലിയ പാകപിഴകളില്ലാതെ വർക്ക് ആയിട്ടുണ്ട്.
ഡിബു നൈനാൻ തോമസാണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ഫൈറ്റ് രംഗങ്ങളിലുൾപ്പെടെയുള്ള പശ്ചാത്തല സംഗീതം ഗംഭീരമാണെന്ന് പറയാതെ വയ്യ. കഥയ്ക്കും സന്ദർഭത്തിനുമനുസരിച്ചാണ് ചിത്രത്തിൽ പാട്ടുകളൊരുക്കിയിരിക്കുന്നതും.
ആക്ഷൻ
എആർഎമ്മിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആക്ഷൻ രംഗങ്ങളാണ്. കളരിപ്പയറ്റിലൂടെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളൊരുക്കിയിരിക്കുന്നതും. രണ്ടാം പകുതിയിൽ ഫൈറ്റ് രംഗങ്ങളിലാണ് ടൊവിനോ കൂടുതൽ തിളങ്ങിയത്. മാജിക് ഫ്രെയിംസ്, യുജിഎം എൻ്റർടെയ്മെന്റ്സ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് കുടുംബത്തിനൊപ്പം കണ്ടിരിക്കാവുന്ന മികച്ച ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

