

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ലോക: ചാപ്റ്റർ വൺ – ചന്ദ്ര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കല്യാണി പ്രിയദർശനും നസ്‌ലിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആദ്യഭാഗം തെന്നിന്ത്യയെ മാത്രമല്ല ബോളിവുഡിനെയും അമ്പരപ്പിച്ചിരുന്നു.
ദുൽഖർ സൽമാന്റെയും ടൊവിനോ തോമസിന്റെയും അതിഥി വേഷങ്ങളും പ്രേക്ഷക മനം കവർന്നു. ഇപ്പോൾ ‘ലോക: ചാപ്റ്റർ 2’നെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമകളിലൊന്നായിരിക്കും ‘ലോക 2’ എന്ന് ടൊവിനോ പറഞ്ഞു.
"എന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ലോക 2 എന്ന സിനിമ. ഇതിൽ മറ്റ് 389 കഥാപാത്രങ്ങളുണ്ട്. എല്ലാവരെയും ഒരൊറ്റ സിനിമയിൽ കാണിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല, എല്ലാവരെയും കൊണ്ട് വന്നാൽ, അവരെ എല്ലാം കാണിച്ചു തീരുമ്പോഴേക്കും അതൊരു ഇൻട്രൊഡക്ഷൻ മാത്രം ആയി മാറും.
അപ്പോഴേക്കും സിനിമ തീരും, അപ്പോൾ കഥ അറിയാൻ നമുക്ക് ലോക 3 വരെ കാത്തിരിക്കേണ്ടി വരും".- ടൊവിനോ പറഞ്ഞു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമായ ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ പ്രേക്ഷകർക്കിടയിൽ വലിയ വിജയം നേടിയ ഒന്നായിരുന്നു.
വലിയ പ്രീ റിലീസ് ഹൈപ്പുകളൊന്നുമില്ലാതെ തന്നെ ആഗോള ബോക്സ് ഓഫീസിൽ 300 കോടി കളക്ഷൻ സ്വന്തമാക്കി ‘ലോക’ മലയാള സിനിമയ്ക്ക് പുതിയൊരു റെക്കോർഡ് സമ്മാനിച്ചു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണായക വേഷങ്ങളിൽ ശ്രദ്ധ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates