

സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ സംവിധായകന്റെ തലയില്‍ മാത്രമായി കെട്ടിവെക്കരുതെന്ന് ഉദയകൃഷ്ണ. സംവിധായകരുടെ അഭിപ്രായങ്ങളും സംശയങ്ങളും കേട്ട് തിരുത്തലുകള്‍ വരുത്തിയാണ് തിരക്കഥയെഴുതുന്നത്. അല്ലാതെ താനൊരു തിരക്കഥയെഴുതി ആരേയും കാണിക്കാതെ രഹസ്യമായി ഷൂട്ട് ചെയ്യുന്നതല്ലെന്നാണ് ഉദയകൃഷ്ണ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''സിനിമയുടെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തിരക്കഥാകൃത്തിന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കരുത്. ഞാന്‍ എഴുതിയിട്ടുള്ള സംവിധായകരെല്ലാം മലയാളത്തിലെ പ്രഗല്ഭരാണ്. അവര്‍ തീരുമാനിച്ചുറപ്പിച്ച തിരക്കഥകള്‍ മാത്രമേ സിനിമയാക്കപ്പെട്ടിട്ടുള്ളു'' എന്നാണ് ഉദയകൃഷ്ണ പറയുന്നത്.
നാലോ അഞ്ചോ കഥകളുമായിട്ടാണ് സംവിധായകരേയും നിർമാതാക്കളേയും സമീപിക്കുന്നത്. അതില്‍ നിന്നും സംവിധായകന്‍, നായകന്‍, നിര്‍മാതാവ് തുടങ്ങിയവരെല്ലാം ചേര്‍ന്നു വിജയസാധ്യത ഉള്ളതെന്നു കരുതുന്ന ഒരെണ്ണം തിരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു. അവരുടെയൊക്കെ സംശയങ്ങളും അഭിപ്രായങ്ങളും കേട്ട് ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തിയാണ് ഷൂട്ട് ചെയ്യുന്നത്. അല്ലാതെ, ഞാനൊരു തിരക്കഥയെഴുതി ആരെയും കാണിക്കാതെ രഹസ്യമായി ഷൂട്ട് ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തിന്റെ ക്രെഡിറ്റില്‍ എല്ലാവരും പങ്കുകാരാകുന്നുണ്ടെങ്കില്‍, പരാജയത്തിന്റെ ഉത്തരവാദിത്തവും എല്ലാവര്‍ക്കും കൂടിയുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം 'ആറാട്ടും' 'ക്രിസ്റ്റഫറും' പോലുള്ള ചിത്രങ്ങള്‍ക്ക് റിലീസിനു മുന്‍പുതന്നെ വലിയരീതിയിലുള്ള ബിസിനസ് നടന്നിരുന്നു. അവയൊന്നും നഷ്ടചിത്രങ്ങളല്ല. 'ബാന്ദ്ര'മാത്രമാണ് പൂര്‍ണമായും പരാജയപ്പെട്ടതെന്നും ഉദയകൃഷ്ണ പറയുന്നുണ്ട്.
അതേസമയം, ആരോഗ്യകരമായ വിമര്‍ശനങ്ങളെ ആ അര്‍ഥത്തില്‍ തന്നെ സ്വീകരിക്കാറുണ്ടെന്നും ഉദയകൃഷ്ണ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കു പകരം വ്യക്തി അധിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ചെവി കൊടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂപ്പര്‍ ഹിറ്റായ സിഐഡി മൂസ, പുലിവാല്‍ കല്യാണം, റണ്‍വെ, തുറുപ്പുഗുലാന്‍, കാര്യസ്ഥന്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥയെഴുതിയത് ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ്. പുലിമുരുകന്‍ മുതലാണ് സ്വതന്ത്ര്യ തിരക്കഥാകൃത്താകുന്നത്. ദിലീപ് നായകനായ ബാന്ദ്രയാണ് ഒടുവിലെഴുതി പുറത്തിറങ്ങിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates