'പൊട്ടിക്കരയുന്ന ഉണ്ണിയുടെ മുഖം ഇന്നും ഓര്‍ക്കുന്നു; അച്ഛനും അമ്മയ്ക്കും ഓരോ കാര്‍ വാങ്ങിയതില്‍ അത്ഭുതമില്ല'; സംവിധായകന്റെ കുറിപ്പ്

അച്ഛനും അമ്മയ്ക്കും വാഹനങ്ങള്‍ സമ്മാനമായി നല്‍കി ഉണ്ണി മുകുന്ദന്‍
Unni Mukundan
Unni Mukundanഫെയ്സ്ബുക്ക്
Updated on
2 min read

നടന്‍ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. അച്ഛനും അമ്മയ്ക്കും കാറുകള്‍ വാങ്ങി നല്‍കിയതിനാണ് വിനോദ് താരത്തെ അഭിനന്ദിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ സംവിധായകന്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറുകയാണ്. ഉണ്ണിയെ അറിയുന്നവര്‍ക്ക് ഇത് ഒരു അത്ഭുതമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Unni Mukundan
"ലാലേട്ടനോടൊപ്പമുള്ള അഭിനയം ഒരു സ്വപ്നം; മലയാളത്തിലെ ഓഫറുകള്‍ നിരസിച്ചിട്ടുണ്ട്"- ശിൽപ ഷെട്ടി

ഉണ്ണി മുകന്ദന്‍ നടനാകുന്നതിന് മുമ്പ് തന്നെ വിനോദിന് പരിചിതനാണ്. അന്ന് അവസരം തേടി ഗുജറാത്തില്‍ നിന്നും ട്രെയിന്‍ കയറി വന്നിരുന്ന ആ പയ്യനില്‍ നിന്നും ഇന്നത്തെ താരത്തിലേക്കുള്ള ഉണ്ണി മുകുന്ദന്റെ വളര്‍ച്ചയും അതിന് പിന്നിലെ കഠിനാധ്വാനവുമൊക്കെയാണ് വിനോദ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അച്ഛനും അമ്മയ്ക്കും ഓരോ വാഹനങ്ങള്‍ സമ്മാനമായി നല്‍കി ഉണ്ണി മുകുന്ദന്‍ എന്ന മകന്‍. ഉണ്ണിയെ അറിയുന്നവര്‍ക്ക് ഇത് ഒരു അത്ഭുതമല്ല. 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍ നിന്നും കേരളത്തില്‍ എത്തി, ലോഹിതദാസ് സാറിനെ കാണുമ്പോള്‍ ഞാനുമുണ്ടായിരുന്നു ആ കൂട്ടത്തില്‍. അന്ന് മീശ മുളക്കാത്ത ഒരു കൊച്ചു പയ്യന്‍.. നടന്‍ ആകണമെന്ന് ആഗ്രഹവുമായി വന്നപ്പോള്‍ ആദ്യം അസിസ്റ്റന്റ് ഡയറക്ടറായി നിന്ന് സിനിമ പഠിക്കാന്‍ പറഞ്ഞു സാര്‍. അന്ന് ഞങ്ങളോടൊപ്പം കൂടിയതാ ഉണ്ണിമുകുന്ദന്‍. പിന്നീട് അവന്റെ ഗുജറാത്തിലേക്കുള്ള യാത്രകള്‍ ട്രെയിനില്‍ ആയിരുന്നു. റിസര്‍വേഷന്‍ പോലുമില്ലാതെ നിന്നും ഇരുന്നും ഉള്ള അവന്റെ യാത്രകള്‍.

Unni Mukundan
ഇനി ഉണ്ടാകുമോ ആ കാലവും, ഇങ്ങനെയുള്ള പാട്ടും; 'മലയാള സിനിമയിലെ ഒറ്റയാൻ' മുരളി അഭിനയിച്ച പാട്ടുകൾ

ഒരു ദിവസം അവന്‍ വന്നത് വളരെ ടെന്‍ഷനോടെ ആയിരുന്നു. രാത്രിയില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റ് കിട്ടാതെ ആയപ്പോള്‍ ബാത്‌റൂമിന് അടുത്ത് അടുക്കി വച്ചിരുന്ന മിനറല്‍ വാട്ടര്‍ കുപ്പികളുടെ പാക്കറ്റിന്മേല്‍ അറിയാതെ ഇരുന്നു പോയി. പാതിരാത്രി ആയപ്പോള്‍ പാന്‍ട്രിയിലെ ജീവനക്കാര്‍ വന്ന് തട്ടി വിളിച്ചു..' ആ പാക്കറ്റുകളിലെ മിനറല്‍ വാട്ടറിന്റെ ചില കുപ്പികള്‍ക്ക് കേടു സംഭവിച്ചു 'എന്നതായിരുന്നു അവരുടെ പരാതി. സാമ്പത്തികാവസ്ഥ മോശമായത് കാരണം ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന ഉണ്ണിക്ക് അന്ന് അത് വലിയ വിഷമമായി. തമാശരൂപേണയാണ് അവന്‍ നമ്മളോട് ഇത് പറഞ്ഞിരുന്നതെങ്കിലും, അവന്റെ വിഷമം ഞങ്ങള്‍ക്ക് മനസ്സിലാകുമായിരുന്നു.

ആ സമയങ്ങളില്‍ ഉണ്ണി ഒരു നടന്‍ ആകണം എന്ന പ്രാര്‍ത്ഥന ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് മനസ്സിലാക്കിയ ലോഹി സാര്‍ അടുത്ത തന്റെ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഉണ്ണിയെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ലോഹി സാറിന്റെ വിയോഗം. അന്ന് ലക്കിടിയിലെ ആ വീട്ടു പറമ്പില്‍ വച്ച് പൊട്ടിക്കരയുന്ന ഉണ്ണിയുടെ മുഖം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പ്രതീക്ഷകള്‍ എല്ലാം നഷ്ടപ്പെട്ട ഉണ്ണി അന്ന് ഗുജറാത്തിലേക്ക് തിരിച്ചുപോയി. പക്ഷേ അവന് അവിടെ ഒതുങ്ങി ഇരിക്കുവാന്‍ കഴിയുമായിരുന്നില്ല.

40 വര്‍ഷം മുമ്പ് കേരളത്തില്‍നിന്ന് ഗുജറാത്തിലേക്ക് കുടിയേറിയ ആ അച്ഛന്റെ യും, അമ്മയുടെയും മകന്‍ കേരളത്തിലേക്ക് വീണ്ടും തിരിച്ചെത്തി. ശ്രമങ്ങള്‍ തുടര്‍ന്നു. അതിനിടയില്‍ തമിഴ് സിനിമയില്‍ ഒരു വേഷവും ചെയ്തു. പക്ഷേ ഉണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹം മലയാള സിനിമ തന്നെയായിരുന്നു. ചെറിയ ചെറിയ വേഷങ്ങള്‍ അവനെ തേടിയെത്തി. പതുക്കെപ്പതുക്കെ നായകനിലേക്ക് എത്തി. ചില വിജയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരാജയങ്ങള്‍ ആയിരുന്നു കൂടുതല്‍. പക്ഷേ ആ സമയത്തും തോറ്റു പിന്മാറാന്‍ അവന്‍ തയ്യാറല്ലായിരുന്നു. ഒരു ഗോഡ് ഫാദറും ഇല്ലാത്ത അവന്‍ സിനിമയിലെ പല അവഗണനകളും സഹിച്ച് ഇവിടെ തന്നെ നിന്നു. ഗുജറാത്തില്‍ നിന്നും വന്ന ഒരു പയ്യനെ മലയാളി അംഗീകരിക്കില്ലെന്ന് പലരും പറഞ്ഞു. സിനിമകളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദനെ പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു.

അന്നും ബസ്സില്‍ തൂങ്ങിപ്പിടിച്ച് ഞങ്ങളെ കാണാന്‍ വന്നിരുന്ന ഉണ്ണിയോട് ഒരു കാര്‍ വാങ്ങാന്‍ ഞാന്‍ പറഞ്ഞിരുന്നു. അന്ന് അവന്‍ പറഞ്ഞു' സമയമായിട്ടില്ല ചേട്ടാ' എന്ന്. അവന്റെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം സിനിമകള്‍ അവനെ തേടിയെത്തിത്തുടങ്ങി. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി ഒരു കാര്‍ വാങ്ങി. പിന്നീട് കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഗുജറാത്തി പയ്യനെ മലയാളികള്‍ ഏറ്റെടുത്തു തുടങ്ങി. ഹിറ്റുകള്‍ ബ്ലോക്ക് ബസ്റ്ററുകള്‍ ആയി. കഠിനാധ്വാനിയായ ഉണ്ണി മുകുന്ദന്റെ വളര്‍ച്ച സന്തോഷത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. ഇന്ന് ഒരൊറ്റ ദിവസം തന്നെ രണ്ട് ആഡംബര വാഹനങ്ങള്‍ കരസ്ഥമാക്കി ഉണ്ണി മുകുന്ദന്‍,അത് അച്ഛനും അമ്മയ്ക്കും സമ്മാനമായി നല്‍കി. ഏത് പ്രതിസന്ധികളെയും അവന്‍ തരണം ചെയ്തു വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. സ്വീകരിക്കാന്‍ തയ്യാറായി മലയാളികളായ നമ്മള്‍ ഇവിടെ ഉള്ളപ്പോള്‍ ഉണ്ണി മുകുന്ദന്‍ ഇവിടെത്തന്നെ ഉണ്ടാകും, നമ്മുടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി.

Summary

Unni Mukundan buys new cars for his parents. director Vinod Guruvayoor pens a note about the actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com