

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. അഖില്‍ മാരാര്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമെന്നാണ് അഖിലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം പറയുന്നത്. ഗോഡ്ഫാദറും പാരമ്പര്യവുമില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന അഖിലിന്റേത് ധീരമായ ചുവടുവെപ്പാണെന്നും ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍:
ഒരു സുഹൃത്തിനായുള്ള ചെറിയ കുറിപ്പ്
അഖില്‍, നിങ്ങളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് എനിക്ക് എല്ലാം അറിയില്ലായിരിക്കാം, പക്ഷെ നിങ്ങളുടെ യാത്രയെ നിരീക്ഷിച്ച ആര്‍ക്കും അറിയാം നിങ്ങള്‍ പ്രിവിലേജുകളിലൂടെയല്ല വന്നത്. അതാണ് നിങ്ങളുടെ കഥയെ ഇത്ര കരുത്തുറ്റതാക്കുന്നത്.
സത്യസന്ധമായ ആരാധനയില്‍ നിന്നുമാണ് ഈ കുറിപ്പ് വരുന്നത്. ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും, ചെറിയൊരു കുടുംബത്തില്‍ നിന്നുമുള്ളൊരു പയ്യന്‍ ഓരോ ചുവടുകളായി വച്ച് ഇന്നത്തെ നിന്നിലേക്കും, ഇനി ആയിത്തീരാന്‍ പോകുന്നതുമായ യാത്ര ആഴത്തില്‍ പ്രചോദിപ്പിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് മാത്രമല്ല, എനിക്കും.
പൊതുസുഹൃത്തുക്കളില്‍ നിന്നും ഞാന്‍ മനസിലാക്കിയത് നിങ്ങള്‍ എന്നും ബുദ്ധിമാനായ വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ്. ചിന്തകളില്‍ വ്യക്തതയുള്ള, മൂര്‍ച്ചയുള്ള അഭിപ്രായങ്ങളുള്ളയാള്‍. പിന്നീട് നിങ്ങള്‍ തന്റെ നിലപാടുകള്‍ പങ്കുവെക്കുന്നത് കണ്ടപ്പോള്‍ ആ വാദങ്ങള്‍ ശരിയെന്ന് ബോധ്യപ്പെട്ടു. ആ വ്യക്തത യാദൃശ്ചികമല്ല. ആഴത്തിലുള്ള ചിന്തയില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും സത്യസന്ധമായ ജീവിതത്തില്‍ നിന്നുമുള്ളതാണ്.
സോഡ വില്‍ക്കുന്ന, പഴക്കച്ചവടം നടത്തുന്ന നിങ്ങളുടെ ചിത്രങ്ങള്‍ കരുത്തു പകരുന്നവയാണ്. ആത്മാഭിമാനം കാണിക്കുന്നത്ര നിങ്ങളുടെ യാതനകളെ അവ കാണിച്ചു തരുന്നില്ല. വൈറ്റ് കോളര്‍ ജോലി കൊതിക്കാത്തൊരു ചെറുപ്പക്കാരനെയാണ് ആ ചിത്രങ്ങള്‍ കാണിച്ചു തരുന്നത്. നിങ്ങള്‍ എന്ത് തൊഴിലും ചെയ്യാന്‍ തയ്യാറായിരുന്നു. കഷ്ടപ്പെടാനും സമ്പാദിക്കാനും തയ്യാറായിരുന്നു. അതില്‍ ഒരു വ്യക്തിയെ യാഥാര്‍ത്ഥ്യ ബോധമുള്ളവനാക്കുന്ന എന്തോ ഒന്നുണ്ട്. സുഖസൗകര്യങ്ങള്‍ക്ക് ഒരിക്കലും നല്‍കാനാകാത്ത രീതിയില്‍ അത് സ്വഭാവത്തെ രൂപപ്പെടുത്തുന്നു.
ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ്, കണ്ണീല്‍ തീഷ്ണതയുള്ള സംവിധായകനാകാന്‍ ആഗ്രഹിക്കുന്നൊരു യുവാവായിരുന്നു അന്ന്. ആ കൂടിക്കാഴ്ച ഉടനടി ഫലവത്തായില്ലെങ്കിലും, നിങ്ങളുടെ വിശപ്പ് എന്നില്‍ തങ്ങി നിന്നു. പിന്നീട് നിങ്ങള്‍ സംവിധായകനാകുന്നത് ഞാന്‍ കണ്ടു. വീണ്ടും ഒരു പശ്ചാത്തലവും പിന്തുണയുമില്ലാതെ. വെറും ആത്മവിശ്വാസം മാത്രമായിരുന്നു കൂട്ട്.
പിന്നീടാണ് നിങ്ങളുടെ ബിഗ് ബോസ് മലയാളം യാത്ര സംഭവിക്കുന്നത്. പൊതുവെ ഞാന്‍ സ്വകാര്യ സംഭാഷണങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. പക്ഷെ ഇത് പങ്കുവെക്കണം. ഷോയിലേക്ക് പ്രവേശിക്കും മുമ്പുള്ള നിങ്ങളുടെ ആശങ്കകള്‍ ഞാനോര്‍ക്കുന്നുണ്ട്. നിങ്ങളിലൊരു വിജയിയെ കാണുന്നുവെന്നും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും നിങ്ങളോട് ഞാന്‍ പറഞ്ഞു. നിങ്ങള്‍ ഷോയില്‍ പോവുകയും സര്‍വ്വവും നല്‍കുകയും ചെയ്തു. അങ്ങനെ വിജയിച്ചു, ഉജ്ജ്വലമായി തന്നെ. അത് ഒരുപാട് കാര്യങ്ങള്‍ പറയുന്നു. നിങ്ങളൊരു കാര്യത്തിലേക്ക് ഇറങ്ങിയാല്‍ പിന്നെ പാതി മനസോടെയല്ല ഇറങ്ങുന്നത്.
ഈയ്യടുത്ത് നിങ്ങളെ ക്രിക്കറ്റ് മൈതാനത്ത് കണ്ടപ്പോള്‍ ഈ നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തമായി. പൂര്‍ണ്ണമായും കളിയില്‍ മുഴുകി, മത്സരബുദ്ധിയോടെ കളിക്കുന്നയാള്‍. ടീം മാന്‍. എല്ലായിപ്പോഴും തന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ തയ്യാറാകുന്നു. മത്സര ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ആര്‍ക്കുമറിയാം കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഭാഗമാവുകയെന്നത് ചെറിയ കാര്യമല്ലെന്ന്. അര്‍പ്പണബോധവും അച്ചടക്കവും ഹൃദയവും നല്‍കണം.
ഇനി രാഷ്ട്രീയം.
ഈ പ്രായത്തില്‍, ജീവിതത്തിലെ ഇപ്പോഴത്തെ ഘട്ടത്തില്‍ എടുത്ത തീരുമാനം, നിങ്ങള്‍ ഇതുവരെ എടുത്തത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമാണ്. ഒരു ഗോഡ്ഫാദറും രാഷ്ട്രീയ പാരമ്പര്യവുമില്ലാതെ മുഖ്യാധാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ചുവടുവെപ്പ് ധീരതയാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ക്ക് പകരം പൊതുസേവനം തെരഞ്ഞെടുത്ത, സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരാള്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പ്രചോദനമാണ്.
കാഴ്ചപ്പാടുകളോട് യോജിക്കുന്നുവോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. എല്ലാ രാഷ്ട്രീയപക്ഷത്തുള്ളവരേയും ഞാന്‍ ബഹുമാനിക്കുന്നു. കാരണം അവര്‍ സമൂഹത്തിനു വേണ്ടി ഉത്തരവാദിത്തം ഏറ്റെടുത്തവരാണ്. മാറി നിന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണ്. കളത്തിലേക്ക് ഇറങ്ങുക പ്രയാസമാണ്.
നിങ്ങള്‍ സംസാരിച്ചു. വിഷയങ്ങളെ അഭിമുഖീകരിച്ചു. ഇനിയാണ് യഥാര്‍ത്ഥ പരീക്ഷ. പ്രവര്‍ത്തി എന്നും ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും. ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കാന്‍ ധൈര്യം വേണം.
വിനയാന്വിതനാവുക. വിശപ്പ് കെടാതെ സൂക്ഷിക്കുക. ഇതുവരെയെന്നത് പോലെ നിങ്ങളായിരിക്കുക. നിങ്ങളുടെ പുതിയ അധ്യായത്തിന് കരുത്തും അറിവും ധൈര്യവും നേരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates