

അടുത്ത കാലത്തായി തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് നടി മീന. രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ തന്നെ ഏറെ വേദനിപ്പിക്കാറുണ്ടെന്നും നടി ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എന്നെക്കുറിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ്. ഇത് ഒട്ടും അംഗീകരിക്കാനാകില്ല. എനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർ മറന്നു പോകുന്നു. അവളും ഇതെല്ലാം കാണുന്നുണ്ടെന്ന കാര്യം അവർ ഓർക്കുന്നില്ല. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല.
ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്. ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതു കൊണ്ടാവാം, എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്. എന്നാണ് എനിക്ക് എന്റെ ക്ഷമ നശിക്കുന്നതെന്ന് അറിയില്ല.
ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വെറുതെ വിടുന്നു. ഇതൊക്കെ കാണുമ്പോൾ സങ്കടവും ദേഷ്യവും തോന്നും. സ്വന്തം കണ്ണു കൊണ്ട് കണ്ടപോലെ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്. എന്റെ സമയവും ആരോഗ്യവും എനര്‍ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന്‍ താല്പര്യമില്ല.
തെറ്റായ, മോശമായ, ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും വിലപ്പെട്ട എന്റെ നേരവും ആരോഗ്യവും ചിന്തയും കളയാന്‍ സാധിക്കില്ല. ഞാന്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള ആളാണ്. എനിക്ക് സന്തോഷത്തോടെ ഇരിക്കാനും, പോസിറ്റീവ് കാര്യങ്ങള്‍ പങ്കുവയ്ക്കാനുമൊക്കെയാണ് ഇഷ്ടം. അത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെയാണ് ഞാന്‍ ജീവിക്കുന്നത്.
മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. എന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകൾക്ക് അവർ അനുഭവിച്ചത് നേരിൽ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നവരെ കർമ്മം വെറുതെ വിടില്ല. വിവാഹത്തെക്കുറിച്ച് എന്റെ അഭിപ്രായമാണ് ചോദിച്ചറിയേണ്ടത്. എന്നാൽ എന്നോട് ചോദിക്കാതെ എല്ലാവരും എന്റെ കല്യാണം നടത്താൻ മത്സരിക്കുകയാണ്". - മീന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates