

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. സ്‌ക്രീനില്‍ ഉര്‍വ്വശിയ്ക്ക് അസാധ്യമായൊന്നുമില്ല. ഏത് കഥാപാത്രവും അതിമനോഹരമായി ഉര്‍വശി അഭിനയിച്ചു ഫലിപ്പിക്കും. കൂടെ അഭിനയിക്കുന്നവരുടെ വലിപ്പച്ചെറുപ്പമോ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ ടൈമോ ഉര്‍വശി ഗൗനിച്ചിട്ടേയില്ല. അതുകൊണ്ട് തന്നെ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത ഐക്കണ്‍ ആയി അവര്‍ മാറി.
വളരെ ചെറിയ പ്രായത്തിലാണ് ഉര്‍വശി സിനിമയിലെത്തുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടെയാണ് ഉര്‍വശി നായികയായി അഭിനയിച്ച മുന്താണി മുടിച്ച് ബോക്‌സ് ഓഫീസിലെത്തുന്നത്. ചിത്രം വന്‍ വിജയമായതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ആ സമയത്തെ ഓര്‍മകള്‍ ഉര്‍വശി പങ്കുവെക്കുന്നുണ്ട്.
''ആ ലൊക്കേഷനില്‍ ഞാന്‍ ഫ്രോക്കിട്ടു കൊണ്ടാണ് ഷൂട്ടിങിന് പോയത്. തീരെ പക്വതയായിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ വെള്ള പെറ്റിക്കോട്ട് ഇട്ടുകൊണ്ടാണ് ഹോട്ടലിലൊക്കെ ഓടിക്കളിക്കുന്നത്. അന്നൊന്നും ഒരുപാട് ഡ്രസുകളില്ലല്ലോ'' താരം പറയുന്നു.
മുന്താണി മുടിച്ച് കഴിഞ്ഞ് ഞാന്‍ സ്റ്റാറായിട്ട് കാറിലൊക്കെ പോയത് ഓര്‍മയുണ്ട്. അന്ന് നിര്‍മാതാവ് എനിക്കയച്ചത് ഒരു പ്ലിമത്ത് കാറാണ്. നീണ്ട ഒരു വണ്ടി. അതിനകത്ത് ഞാനും പരിവാരങ്ങളും കയറുമ്പോള്‍ റോഡരികിലൂടെ എന്റെ അനിയന്‍ മൂക്കിളയൊലിപ്പിച്ചു കൊണ്ട് ടയറും ഉരുട്ടിക്കളിച്ചു കൊണ്ട് പോകുന്നത് കാണാം എന്നും ഉര്‍വശി ഓര്‍ക്കുന്നു.
''ഇത് യാരമ്മ എന്ന് കൂടെയുള്ളവര്‍ ചോദിക്കും. എന്‍ തമ്പി എന്നു പറഞ്ഞാല്‍ നിങ്ങള്‍ തമ്മില്‍ എത്ര പ്രായ വ്യത്യാസമുണ്ട് എന്നാകും അടുത്ത ചോദ്യം. എന്നെക്കാള്‍ ഒന്നരവയസിന് ഇളയതാണ് അവന്‍. അവനന്ന് വള്ളി നിക്കറും ഇട്ടോണ്ട് പോകുമ്പോള്‍ ഞാന്‍ ഹാഫ് സാരിയൊക്കെയിട്ട വലിയ പെണ്ണാണ്. അവന് മീശ വരാന്‍ പിന്നേയും മൂന്നാല് കൊല്ലമെടുത്തു. അപ്പോഴേക്കും ഞാനെന്റെ അച്ഛന്റെ പ്രായമുള്ള ആളുകളുടെ നായികയായിക്കഴിഞ്ഞു'' എന്നാണ് ഉര്‍വശി പറയുന്നത്.
ചെറിയ പ്രായത്തിലെ പക്വതയുള്ള വേഷങ്ങള്‍ അവതരിക്കാന്‍ സാധിച്ചതിന് പിന്നില്‍ സംവിധായകരുടെ കഴിവാണെന്നാണ് ഉര്‍വശി പറയുന്നത്. അവരോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. എനിക്ക് ഒന്നും അറിഞ്ഞുകൂടായിരുന്നു. പ്രണയം പോലും അറിയില്ല. എന്നിട്ടും അവര്‍ എന്നെ അഭിനയിപ്പിച്ചു. അതവരുടെ വിശ്വാസമാണെന്നും ഉര്‍വശി പറയുന്നുണ്ട്.
എന്നെ ഉര്‍വശി എന്ന് വിളിക്കുന്ന ആരും അന്നുണ്ടായിരുന്നില്ല. പൊടി എന്നേ വിളിക്കാറുള്ളൂ. അന്നത്തെ ആഗ്രഹം മുതിര്‍ന്ന ആളാകണം എന്നുള്ളതായിരുന്നു. എന്നെ പൊടിയെന്ന് വിളിച്ച് ഊതി വിട്ടിരിക്കുകയാണല്ലോ. എനിക്ക് പ്രായവുമില്ല പക്വതയുമില്ലെന്നും താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates