

ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് വാഴ 2. ഇതിനോടകം തന്നെ 19.72 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഒരു കൂട്ടം യുവാക്കൾ ബിഗ് സ്ക്രീൻ കീഴടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
നവാഗതനായ സവിന്‍ സായുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് വിപിന്‍ ദാസാണ്. തമാശയും ഇമോഷനും ഒരുപോലെ കോര്‍ത്തിണക്കിയ ചിത്രം മികച്ച തിയറ്റര്‍ അനുഭവം നല്‍കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
അച്ഛന്‍ മകന്‍ ബന്ധത്തിന്റെ ആഴമാണ് സിനിമയുടെ ആദ്യഭാഗം കാണിക്കുന്നതെങ്കില്‍ ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ടാഗ് ലൈനോടെ എത്തിയ വാഴ 2 സഹോദര ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ അലന്റെ പെങ്ങളായെത്തിയ വേദ ശങ്കറെന്ന കൊച്ചുമിടുക്കിയുടെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു പുതുമുഖമാണെന്ന് തോന്നാത്തവിധം സിനിമയില്‍ തന്റേ റോള്‍ ഭംഗിയായി വേദ ചെയ്തിട്ടുണ്ട്. ഒരു അനിയനെ കിട്ടാനായി ഉമ്മച്ചിയുടെ പ്രസവം എപ്പോഴുണ്ടാകുമെന്ന് നോക്കിയിരുന്ന അലന് കാത്തിരിപ്പിനൊടുവില്‍ ലഭിച്ചത് ഒരു പെങ്ങളൂട്ടിയെയായിരുന്നു. ഒപ്പം ഓടി ചാടി കളിക്കാന്‍ ഒരു ആണ്‍കുട്ടിയെ കണ്ണും നട്ട് നോക്കിയിരിക്കുമ്പോഴാണ് ആഷ്‌നയുടെ വരവ്.
അലനുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ വേദയും സ്‌കോര്‍ ചെയ്യുന്നുണ്ട്. ഇൻട്രോ സീൻ മുതൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ച വേദ ഇമോഷൻ സീനുകളും വളരെ കയ്യടക്കത്തോടെയാണ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ആ എട്ടാം ക്ലാസുകാരിയായ കൊച്ചു മിടുക്കിയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാമിലൂടെ വൈറലായ ആളാണ് വാഴയില്‍ അലന്റെ പെങ്ങളായെത്തിയത്. ഒരു സമയത്ത് മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഇഷ്ട പരിപാടികളിലൊന്നായ കുട്ടിപ്പട്ടാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു എപ്പിസോഡില്‍ വന്നത് വേദയായിരുന്നു എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
എനിക്ക് ഇഷ്ടമാണ്, നിനക്ക് മുട്ട വേണോ; എന്ന ചോദിക്കുന്ന കൊച്ച് പയ്യന്റെ എപിസോഡ് ഇന്നും പലരുടെയും മനസിലുണ്ട്. ആ എപ്പിസോഡിലുണ്ടായിരുന്ന കൊച്ചുമിടുക്കി വാഴയില്‍ അഭിനയിച്ച വേദയാണെന്നത് ആളുകളില്‍ കൗതുകം ഉണര്‍ത്തി. ഇത് കുട്ടിപ്പട്ടാളത്തിലെ കുട്ടി തന്നെയാണോ, പിള്ളേരൊക്കെ വലുതായി, എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates