'മനുഷ്യൻ തെരുവിൽ മരിക്കുന്നു, മതങ്ങൾ ചിരിക്കുന്നു', സെൻസർ ബോർഡ് കത്രിക വച്ചപ്പോൾ 'ലോകം ഭ്രാന്താലയമായി'; ആ കഥ ഇങ്ങനെ

സെൻസർ ബോർഡ് ഇടപെട്ട് ഒരു പാട്ടിലെ വരികൾ മാറ്റിയ ഒരു ചരിത്രം കൂടിയുണ്ട് മലയാള സിനിയ്ക്ക്.
Vayalar Ramavarma, G Devarajan
Vayalar Ramavarma, G Devarajanഫെയ്സ്ബുക്ക്
Updated on
2 min read

"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ലോകം ഭ്രാന്താലയമായി

ആയിരമായിരം മാനവഹൃദയങ്ങൾ

ആയുധപ്പുരകളായി

ദൈവം തെരുവിൽ മരിക്കുന്നു

ചെകുത്താൻ ചിരിക്കുന്നു

മനുഷ്യൻ തെരുവിൽ മരിക്കുന്നു

മതങ്ങൾ ചിരിക്കുന്നു"

വയലാർ അങ്ങനെയായിരുന്നു, ദൈവത്തിനും മുകളിൽ മനുഷ്യന് മൂല്യം കല്പിച്ചിരുന്ന മഹാപ്രതിഭ. ​വിടപറഞ്ഞ് അരനൂറ്റാണ്ടിനിപ്പുറവും അതിർവരമ്പുകളെയെല്ലാം ഭേദിച്ച് വയലാർ കാലാതിവർത്തിയായ ഒരു സർഗസത്യമായി പിന്നെയും അവശേഷിക്കുന്നു. സെൻസർ ബോർഡ് ഇടപെട്ട് ഒരു പാട്ടിലെ വരികൾ മാറ്റിയ ഒരു ചരിത്രം കൂടിയുണ്ട് മലയാള സിനിയ്ക്ക്. അതെഴുതിയതാകട്ടെ വയലാറും.

ആ വരികൾക്ക് ഈണം നൽകിയത് ദേവരാജനും പാടിയത് യേശുദാസുമായിരുന്നു. 1972ല്‍ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും എന്ന ചിത്രത്തിലേതായിരുന്നു ഈ ​ഗാനം. തീർന്നില്ല മികച്ച ​ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരവും മികച്ച ​ഗായകനുള്ള ദേശീയ പുരസ്കാരവും ഈ പാട്ടിലൂടെ വയലാറിനെയും യേശു​ദാസിനെയും തേടിയെത്തി എന്നത് മറ്റൊരു ചരിത്രം.

"ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ലോകം ഭ്രാന്താലയമായി" - ഈ വരിയിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടത്. വയലാര്‍ എഴുതിയത് 'ഇന്ത്യ ഭ്രാന്താലയമായി' എന്നായിരുന്നു. പാട്ട് ഗ്രാമഫോണില്‍ റെക്കോഡ് ചെയ്തപ്പോള്‍ യേശുദാസ് പാടിയതും അങ്ങനെയായിരുന്നു. 'ഇന്ത്യയെ ഭ്രാന്താലയമാക്കിയ' കവി ഭാവനയെ തീരെ ഉൾക്കൊള്ളാൻ സെൻസർ ബോർഡിനായില്ല.

ദേശവിരുദ്ധമെന്ന തോന്നലിൽ നിന്നാവാം ആ വരി മാറ്റിയെഴുതാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ഒടുവിൽ ആ വരി തിരുത്തിയെഴുതാൻ സിനിമയുടെ അണിയറക്കാർ തീരുമാനിച്ചു. വരി മാറ്റാതെ തന്നെ ഇന്ത്യ എന്ന വാക്കിന് പകരം ലോകം എന്ന വാക്ക് വയലാർ തിരുത്തിയെഴുതി. അതോടെ, 'ഇന്ത്യ ഭ്രാന്താലയമായി' എന്നതിനു പകരം 'ലോകം ഭ്രാന്താലയമായി' എന്നായി.

ഈണത്തെ യാതൊരു തരത്തിലും ബാധിക്കാത്ത തരത്തിലായിരുന്നു വയലാറിന്റെ തിരുത്തൽ. മാറ്റിയെഴുതിയ വരി മാത്രം യേശുദാസ് വീണ്ടും പാടി. അത് പഴയ റെക്കോഡിലേക്ക് ചേര്‍ത്ത് സിനിമയില്‍ ഉള്‍പ്പെടുത്തി. ഈ പാട്ട് സിനിമയുടെ ടൈറ്റിൽ സോങായി. ഒന്ന് ശ്രദ്ധിച്ചു കേട്ടാല്‍ ഇന്ത്യയ്ക്ക് പകരമെത്തിയ ലോകം പാട്ടില്‍ അങ്ങനെ മുഴച്ചു നില്‍ക്കുന്നത് കൃത്യമായി മനസിലാക്കാൻ കഴിയും.

ചിത്രത്തിന്റെ സംവിധായകന്‍ കെഎസ് സേതുമാധവന്‍ പോലും മറന്നുപോയ ഈ കാര്യം അന്വേഷിച്ച് കണ്ടെത്തിയത് സിനിമാ ഗാന നിരൂപകനായ രവി മേനോനാണ്. സംവിധായകനും അണിയറ പ്രവര്‍ത്തകരുമൊക്കെ മറന്നുപോയ കാര്യത്തിന് യേശുദാസില്‍ നിന്നാണ് വ്യക്തമായ മറുപടി ലഭിച്ചതെന്നും രവി മേനോന്‍ ഒരിക്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

സെൻസർ ബോർഡ് ഇടപെട്ടു; ലോകം ഭ്രാന്താലയമായി

--------------------------

ഓർത്തോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്: പാട്ടിലെ "ഇന്ത്യ" എങ്ങനെ "ലോക"മായി?

ദേശീയ അവാർഡ് വരെ നേടിയ ക്ലാസിക് ഗാനത്തിലെ ഒരൊറ്റ വാക്കാണ് വിഷയം. പാട്ട് : അച്ഛനും ബാപ്പയും (1972) എന്ന ചിത്രത്തിനു വേണ്ടി വയലാറും ദേവരാജനും ചേർന്ന് സൃഷ്ടിച്ച "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു".

പടത്തിന്റെ ഗ്രാമഫോൺ റെക്കോർഡിൽ യേശുദാസ് പാടുന്നത് "ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയതായി, ഇന്ത്യ ഭ്രാന്താലയമായി" എന്ന്. അതേ ഗാനം വെള്ളിത്തിരയിൽ പശ്ചാത്തല ഗാനമായി മാറുമ്പോൾ, പാട്ടിലെ ഇന്ത്യ ലോകമായി മാറുന്നു. "ലോകം ഭ്രാന്താലയമായി" എന്നാണ് യേശുദാസിന്റെ ശബ്ദത്തിൽ നാം കേൾക്കുക.

എന്താണീ മറിമായത്തിന് പിന്നിൽ എന്നോർത്ത് അന്തം വിട്ടിട്ടുണ്ട്. പടത്തിന്റെ സംവിധായകൻ കെ എസ് സേതുമാധവനോട് ചോദിച്ചപ്പോൾ ഓർമ്മയില്ല എന്നായിരുന്നു മറുപടി. ഒടുവിൽ വ്യക്തമായ വിശദീകരണം തന്നത് ഈ പാട്ടിലൂടെ ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയ യേശുദാസ് തന്നെ. വയലാറിന്റെ ദാർശനികമാനങ്ങളുള്ള രചനയിൽ ഇടപെട്ട സെൻസർ ബോർഡ് ആണ് കഥയിലെ വില്ലൻ.

പടം കണ്ടു നോക്കിയ സെൻസർ ബോർഡ് അംഗങ്ങൾക്ക് കവി ഇന്ത്യയെ ഭ്രാന്താലയമാക്കിയത് സഹിച്ചില്ല. ദേശവിരുദ്ധതയുടെ ധ്വനി അതിൽ പതിഞ്ഞുകിടന്നതുകൊണ്ടാവാം. ഉടൻ ആ വരി മാറ്റിയേ പറ്റൂ എന്നായി അവർ. ഗത്യന്തരമില്ലാതെ വയലാർ തന്നെ പാട്ടിൽ ആവശ്യമായ മാറ്റം നിർദേശിക്കുന്നു. മനസ്സില്ലാമനസ്സോടെ കവി മാറ്റിയെഴുതിയ ഗാനത്തിന്റെ ആ വരി മാത്രം യേശുദാസ് രണ്ടാമതും വന്ന് റെക്കോർഡ് ചെയ്യുന്നു. സിനിമയിൽ പാട്ട് കേൾക്കുമ്പോഴറിയാം ആ "ഏച്ചുകൂട്ടലി"ന്റെ വ്യത്യാസം.

പടത്തിന്റെ എൽ പി റെക്കോർഡ് നേരത്തെ പുറത്തിറങ്ങിയിരുന്നതിനാൽ അവിടെ പാട്ടിൽ മാറ്റം വരുത്താൻ നിവൃത്തിയില്ല. സിനിമയിൽ "ലോക"വും ഡിസ്ക്കിൽ "ഇന്ത്യ"യും ആയത് അങ്ങനെയാണ്. വയലാറിന്റെ ചലച്ചിത്ര ഗാന സമാഹാരങ്ങളിലും "ഇന്ത്യ ഭ്രാന്താലയമായി" എന്നാണ് കാണുക. ഒറിജിനൽ വേർഷനിൽ അദ്ദേഹം എഴുതിയത് അങ്ങനെയാണല്ലോ.

Vayalar Ramavarma, G Devarajan
ഷെയ്നിന്റെ 'ഹാൽ' കണ്ട് ഹൈക്കോടതി; നിർ‌മാതാക്കളുടെ ഹർജി 30 ന് വീണ്ടും പരി​ഗണിക്കും

ഇതേ ഗാനമാണ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് വയലാറിനും ഗായകനുള്ള അവാർഡ് യേശുദാസിനും നേടിക്കൊടുത്തത്. ദേശീയോദ്ഗ്രഥന സന്ദേശമുള്ള പാട്ടുകളാണ് അന്ന് പൊതുവെ അവാർഡിന് പരിഗണിക്കപ്പെടുക. ലോകത്തിന് പകരം ഇന്ത്യയായിരുന്നു പാട്ടിലെങ്കിൽ ഗാനത്തിന് അവാർഡ് ലഭിക്കുമായിരുന്നോ എന്ന് സംശയം.

Vayalar Ramavarma, G Devarajan
'എന്തിന് എല്ലാ സിനിമയിലും ജാതി പറയുന്നു?'; വിമര്‍ശകര്‍ക്ക് മാരി സെല്‍വരാജിന്റെ മറുപടി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

സിനിമയിലെ ശ്ലീലാശ്ലീലങ്ങൾ ചർച്ചാവിഷയമാണ് ഇന്നും. എങ്കിലും സെൻസർ ബോർഡ് പൊതുവെ പാട്ടുകളെ വെറുതെ വിടുകയാണ് പതിവ്. സദാചാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിവരുന്നതാകാം കാരണം.

-- രവിമേനോൻ

Summary

Cinema News: Vayalar Ramavarma's Manushyan Mathangale song behind story.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com