

മലയാള സിനിമാ പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറയ്ക്കുകയാണ് വാഴ 2. സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും സൗഹൃദവുമാണ് ചിത്രത്തിന്റെ കാതൽ. ചിരിയും ഇമോഷനും എല്ലാം കൂട്ടിക്കലർത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രത്തിൽ ഹാഷിർ, അലൻ, വിനായക്, അജിൻ, വേദ ശങ്കർ, ദേവാനന്ദ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പുതുമുഖങ്ങൾക്കൊപ്പം തന്നെ ചിത്രത്തിൽ അജു വർഗീസ്, വിജയ് ബാബു, സുധീഷ്, ബിജുക്കുട്ടൻ, വിനോദ് കോവൂർ, അൽഫോൻസ് പുത്രൻ തുടങ്ങിയ സീനിയർ താരങ്ങളും ചിത്രത്തിലുണ്ട്. വാഴ 2 വിലെ താരങ്ങളുടെ പെർഫോമൻസിനെ വാനോളം പുകഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയവർ.
ചിത്രത്തിൽ വിനായകിന്റെയും ബിജുക്കുട്ടന്റെയും പോലെ തന്നെ പ്രേക്ഷക മനം കവർന്ന കോമ്പിനേഷൻ ആയിരുന്നു സുധീഷ്, അലൻ, വേദ ശങ്കർ എന്നിവരുടേത്. അലന്റെയും വേദയുടെയും അച്ഛനായാണ് സുധീഷ് ചിത്രത്തിലെത്തിയത്. മക്കളെ നന്നായി സപ്പോർട്ട് ചെയ്യുന്ന ഒരച്ഛനായാണ് സുധീഷ് ചിത്രത്തിലെത്തിയത്.
ഏതൊരു മക്കളും ആഗ്രഹിക്കുന്ന ഒരച്ഛനെ തന്നെയാണ് സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ആഷ്ന എന്ന കഥാപാത്രമായാണ് വേദ ശങ്കറെത്തിയത്. ഒരേ സമയം ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട് അലന്റെയും ആഷ്നയുടെയും കഥാപാത്രങ്ങൾ. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് ആഷ്ന പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"ഒരു മകളുടെ ഓരോ കണ്ണീരിനു പിന്നിലും... നിശബ്ദമായി പൊട്ടിക്കരയുന്ന ഒരു അച്ഛനുമുണ്ട്".- എന്നാണ് ചിത്രത്തിൽ ഒരു സീൻ പങ്കുവച്ച് വേദ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വേദയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. 'അവസാനം കരയിപ്പിച്ചവൾ', 'ഞാൻ ഈ സീൻ തിയേറ്ററിൽ കണ്ടപ്പോൾ ഇമോഷണൽ ആയി പോയി', 'അച്ഛന്റെ കൈ കൊണ്ട് മാത്രം ഒരു ജീവിതം തിരിച്ചു കിട്ടിയ നിമിഷം'- എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്.
അതോടൊപ്പം സുധീഷിന്റെ പെർഫോമൻസിനെയും പലരും അഭിനന്ദിക്കുന്നുണ്ട്. അതേസമയം 20 കോടിയാണ് ചിത്രം ഇതിനോടകം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates