

അജിത് ചിത്രം 'മങ്കാത്ത'യുടെ റീ റിലീസ് ആഘോഷമാക്കുകയാണ് സിനിമാ പ്രേക്ഷകരും ആരാധകരും. ഇതുവരെയുള്ള റീ റിലീസ് റെക്കോർഡുകളെല്ലാം ചിത്രം തകർക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രം 2011 ലാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസിനോടനുബന്ധിച്ച് സംവിധായകൻ വെങ്കട്ട് പ്രഭു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ചിത്രത്തിൻ്റെ ഷൂട്ടിങ് വേളയിൽ അജിത്തും വിജയ്‌യും ഒരുമിച്ചുള്ള നിമിഷങ്ങൾ ഓർത്തെടുത്താണ് വെങ്കട്ട് പ്രഭു പോസ്റ്റ് പങ്കുവെച്ചത്. 2011-ൽ മങ്കാത്തയുടെ സെറ്റിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ച തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇനി ഇത്തരമൊരു മുഹൂർത്തം സംഭവിക്കാൻ സാധ്യതയില്ലെന്നും അങ്ങനെ ആകാതിരിക്കട്ടെ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വെങ്കട്ട് പ്രഭു കുറിപ്പിൽ പറയുന്നുണ്ട്.
‘മങ്കാത്തയുടെ ഓർമ്മകളിൽ ഇന്ന് മുതൽ നമുക്ക് വീണ്ടും ജീവിക്കാം! ദയവായി ക്ലൈമാക്സ് ആർക്കും വെളിപ്പെടുത്തരുത്... അത് കാണാനുള്ള മറ്റുള്ളവരുടെ ആകാംക്ഷ നശിപ്പിക്കരുത്. മങ്കാത്തയുടെ ചിത്രീകരണ സമയത്തെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണിത്. ഇത്തരമൊരു മുഹൂർത്തം ഇനി സംഭവിക്കാൻ സാധ്യതയില്ല...എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു!’- വെങ്കട്ട് പ്രഭു കുറിച്ചു.
അജിത്തിന്റെ കരിയറിലെ 50-ാമത്തെ ചിത്രം നിർമിച്ചത് സൺ പിക്ചേഴ്സ് ആണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. അജിത്, അർജ്ജുൻ എന്നിവരെക്കൂടാതെ തൃഷ, ലക്ഷ്മി റായ്, അഞ്ജലി, ആൻഡ്രിയ, വൈഭവ് റെഡ്ഡി, പ്രേംജി അമരൻ, അരവിന്ദ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates