'അന്ന് അവരോട് ചുമ്മാ പറഞ്ഞു അനിരുദ്ധിന്റെ പടത്തിൽ അഭിനയിക്കുമെന്ന്; എനിക്കായി കാരവന്റെ വാതിൽ തുറന്ന ആദ്യ സിനിമ'

ജൂലൈ 31ന് ചിത്രം റിലീസ് ചെയ്യുമ്പോൾ എന്റെ ഇൻട്രോയ്ക്കും കയ്യടിക്കണേ.
Venkitesh
വെങ്കിടേഷ് (Venkitesh)ഫെയ്സ്ബുക്ക്
Updated on
2 min read

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് കിങ്ഡം. ചിത്രത്തിൽ നടൻ വെങ്കിടേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ തെലുങ്കിൽ പ്രസം​ഗിച്ച് കയ്യടി നേടുകയാണ് വെങ്കിടേഷ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ രസകരമായി കോർത്തിണക്കിയായിരുന്നു വെങ്കിടേഷിന്റെ പ്രസംഗം.

ആദ്യമായി കാരവൻ ലഭിച്ചത് ‘കിങ്ഡം’ സിനിമയുടെ സെറ്റിലാണെന്ന് വെളിപ്പെടുത്തിയ വെങ്കിടേഷ് ഇത് തന്റെ സ്വപ്നവേദിയാണെന്നും പറഞ്ഞു. കൊച്ചിയിൽ അനിരുദ്ധിന്റെ സംഗീതപരിപാടിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ കൂട്ടുകാരോട് വെറുതെ പറഞ്ഞ വാക്കുകൾ സത്യമായതിലുള്ള സന്തോഷവും താരം പങ്കുവച്ചു.

വെങ്കിടേഷിന്റെ വാക്കുകൾ:

‘‘ഹലോ ഹൈദരാബാദ്. ഇത്രയും വലിയൊരു വേദിയും കാണികളും ജീവിതത്തിൽ ആദ്യമായിട്ടാണ്. ഇതെല്ലാം ഞാൻ സ്വപ്നം കണ്ട നിമിഷങ്ങളാണ്. ഇപ്പോഴാണ് അത് സംഭവിച്ചത്. അതിനു കാരണം ‘കിങ്ഡം’ എന്ന സിനിമയാണ്. എന്റെ പേര് വെങ്കിടേഷ്. ഞാൻ കേരളത്തിൽ നിന്നാണ്. നിങ്ങൾക്ക് എന്നെ വെങ്കി എന്നു വിളിക്കാം.

മലയാള സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് ഞാൻ വന്നത്. പിന്നെ എനിക്ക് ഡയലോഗ് കിട്ടി. ഞാൻ നായകനായി. തമിഴിൽ വില്ലനായി. ഇപ്പോൾ ഞാൻ ‘കിങ്ഡം’ എന്ന തെലുങ്കു സിനിമയിൽ എത്തി നിൽക്കുന്നു. ഇതിന് എനിക്ക് 9 വർഷങ്ങൾ വേണ്ടി വന്നു.

ആ യാത്രയിൽ എനിക്ക് എന്നെക്കുറിച്ചു തന്നെ അഭിമാനം ഉണ്ട്. ഈ അവസരം എനിക്കു തന്ന സിത്താര എന്റർടെയ്ൻമെന്റ്സിന് നന്ദി. എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമ ഇതാണ്. വളരെ സാധാരണ ചുറ്റുപാടിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടു തന്നെ ആ ജീവിതത്തോടും ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്.

ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് വലിയൊരു നന്ദി. ഈ സിനിമ നന്നായി വരട്ടെ. ഇതേ പ്രൊഡക്ഷൻ കമ്പനിക്കൊപ്പം ഇനിയും പ്രവർത്തിക്കാൻ കഴിയട്ടെ. അവർക്കൊപ്പം നായകനായും എനിക്ക് അവസരം ലഭിക്കട്ടെ! ഒരു നായകനാകണം എന്നാണ് എന്റെ ആഗ്രഹം. അതിനാണ് ഞാൻ താടിയും മീശയും എല്ലാം ഒതുക്കി ഈ രൂപത്തിൽ വന്നത്.

ഇവിടെ സന്നിഹിതരായിരിക്കുന്ന സംവിധായകരും നിർമാതാക്കളും ശ്രദ്ധിക്കുമല്ലോ! നിങ്ങൾ എല്ലാവരും എന്നെ പരിഗണിക്കണം. ഈ സിനിമയിൽ ഞാൻ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നതും. ‘‘അനിരുദ്ധ് ബ്രോ... ഞാൻ തലൈവർ രജിനികാന്തിന്റെ വലിയൊരു ആരാധകനാണ്. എന്റെ അപ്പയും കുടുംബം മൊത്തവും തലൈവരുടെ ആരാധകരാണ്.

എന്റെ റിങ്ടോൺ പോലും ‘പോടാ... അന്ത ആണ്ടവനെ നമ്മ പക്കം ഇര്ക്കാ’ എന്നതാണ്. അനിരുദ്ധ് സംഗീതം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ അഭിനയിക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. പക്ഷേ, ഒരു ദിവസം എന്റെ സുഹൃത്തുക്കൾ കൊച്ചിയിൽ അനിരുദ്ധ് നയിച്ച സംഗീതപരിപാടി കാണാൻ എന്നെ വിളിച്ചു.

പക്ഷേ, എനിക്ക് പോകാൻ കഴിഞ്ഞില്ല. ഒരു രസത്തിന് ചുമ്മാ ഞാൻ അവരോടു പറഞ്ഞു, സാരമില്ല... ഞാൻ അനിരുദ്ധ് സംഗീതം ചെയ്യുന്ന പടത്തിൽ അഭിനയിച്ചോളാം എന്ന്. പക്ഷേ, യഥാർഥത്തിൽ അങ്ങനെ സംഭവിച്ചു. ഇനി തലൈവരുടെ ഡയലോഗിനു ശേഷം അനിരുദ്ധ് എന്റെ കഥാപാത്രത്തിന് നൽകിയ ബിജിഎം ഇടാമല്ലോ! സത്യമായിട്ടും ഞാൻ വലിയ സന്തോഷത്തിലാണ്.

സിനിമാക്കാർ സ്ഥിരം നേരിടുന്ന ഒരു ചോദ്യമുണ്ട്. സിനിമയൊന്നും ഇല്ലേ? എന്താണിപ്പോൾ സിനിമ ഇല്ലാത്തത്? എന്നോട് ചോദിക്കുന്നവരോട് ഞാൻ പറഞ്ഞു, ഞാനൊരു തമിഴ് സിനിമ ചെയ്തു എന്ന്. അപ്പോൾ അവർ ചോദിക്കും, അപ്പോൾ മലയാളത്തിൽ ഒന്നുമില്ലേ എന്ന്! അടുത്ത സിനിമ ഏതാണെന്നു ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, തെലുങ്ക് സിനിമയാണെന്ന്! വിജയ് ദേവരകൊണ്ടയുടെ സിനിമയാണ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവർ അമ്പരന്നു.

നല്ല സിനിമയാണോ, നല്ല റോൾ ആണോ എന്നായി അടുത്ത ചോദ്യം. വിജയ് ദേവരകൊണ്ട എന്ന പേര് ഞാൻ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ ഭാവത്തിൽ താങ്കളുടെ വർക്കിന് പിന്നിലുള്ള കഠിനാധ്വാനവും ആത്മസമർപ്പണവും എനിക്ക് ബോധ്യപ്പെട്ടു. ഇങ്ങനെ പ്രേക്ഷകരുടെ കയ്യടിയും സ്നേഹവും നേടിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. താങ്കൾ അതു നേടിക്കഴിഞ്ഞു.

Venkitesh
സൂപ്പര്‍ ഹീറോയല്ല, ലോകയില്‍ കല്യാണി വാംപയര്‍?; കണ്ടതും കേട്ടതുമല്ല ചന്ദ്രയുടെ കഥ; സാന്‍ഡി മാസ്റ്ററുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ഇന്നലെ എന്റെ കാരക്ടർ പോസ്റ്റർ റിലീസ് ആയി. അത് താങ്കൾ സ്റ്റോറി ആക്കി. എന്നെക്കുറിച്ച് ഒരുപാടു നല്ല വാക്കുകൾ കുറിച്ചു. അതുപോലെ നിരവധി പേർ എന്റെ പോസ്റ്റർ സ്റ്റോറി ആക്കി. ഞാനിതു വരെ ചെയ്ത സിനിമകളിൽ നിന്നു കിട്ടിയ പ്രതികരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് ആ ഒരു കാരക്ടർ പോസ്റ്ററിലൂടെ എനിക്ക് ലഭിച്ചത്. വിജയ് ദേവരകൊണ്ട വേദിയിലേക്ക് വന്നപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. താങ്കളുടെ അമ്മ അവിടെ ഇരുന്ന് ആവേശത്തോടെ ഉമ്മകൾ വാരി വിതറുന്നു.

വീട്ടിൽ ഞാൻ ഈ സിനിമയുടെ ട്രെയിലർ വച്ചപ്പോൾ എന്റെ അമ്മ ഇരുന്ന് കയ്യടിക്കുകയായിരുന്നു. അവരുടെ പേര് താര എന്നാണ്. അവരാണ് എന്റെ ആദ്യ ആരാധിക. ഞാൻ ഈ സിനിമ എന്റെ അമ്മയ്ക്കായി സമർപ്പിക്കുന്നു. ഒപ്പം എന്റെ അപ്പയ്ക്കും. അദ്ദേഹം ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. പക്ഷേ, അപ്പയാണ് എന്റെ ഒരു തലൈവർ ആരാധകനാക്കിയത്. ഞാനെന്തെങ്കിലും സങ്കടത്തിൽ ഇരിക്കുകയാണെങ്കിൽ തലൈവരുടെ ഒരു പ്രസംഗം കേട്ടാൽ മതി.

Venkitesh
'ജീവിതം നരകമായി, ഒരിടത്ത് തന്നെ 750 കുത്തിവയ്പ്പുകൾ; ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരരുതെന്നാണ് ആ​ഗ്രഹം'

ഞാൻ വീണ്ടും ഉഷാറാകും. സംവിധായകൻ ഗൗതം സാറിനെക്കുറിച്ചും എനിക്കു ചിലതു പറയാനുണ്ട്. അദ്ദേഹം എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് ഒരു ഓഡിഷൻ പോലും ഇല്ലാതെയാണ്. ഒരു വലിയ താരത്തെപ്പോലെയാണ് അദ്ദേഹം എന്നെ പരിഗണിച്ചത്. ഇന്ന് രാവിലെ പോലും അദ്ദേഹം എന്നെ വിളിച്ചു.

എന്റെ അമ്മയോടു സംസാരിച്ചു. അദ്ദേഹം എന്റെ അമ്മയോടു പറഞ്ഞത് അവരുടെ മകൻ നല്ലൊരു നടൻ ആണെന്നാണ്. ആ വാക്കുകൾ ഒരു അവാർഡ് പോലെയാണ്. ജൂലൈ 31ന് ചിത്രം റിലീസ് ചെയ്യുമ്പോൾ എന്റെ ഇൻട്രോയ്ക്കും കയ്യടിക്കണേ.,’’

Summary

Cinema News: Actor Venkitesh talks about his upcoming movie Kingdom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com