

പുഷ്പ മൂന്നാം ഭാഗമുണ്ടാകുമെന്ന വിവരം ഏറെ ആവേശത്തോടെയാണിപ്പോൾ ആരാധകരും സിനിമാ പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുഷ്പ 3 യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് പുഷ്പ 2 നായി സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് മിക്സിങ്ങിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ആ പോസ്റ്റിലെ ചിത്രത്തിന്റെ പുറകിൽ 'പുഷ്പ 3 ദ് റാംപേജ്' എന്ന് എഴുതിയിരിക്കുന്നത് കാണാം. അബദ്ധത്തിൽ പങ്കുവെച്ച ഈ ചിത്രം അദ്ദേഹം ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം പുഷ്പ 3യിൽ വിജയ് ദേവരകൊണ്ടയാകും വില്ലനായെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ൽ വിജയ് ദേവരകൊണ്ട പുഷ്പ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു.
2022 ൽ സുകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിലാണ് നടൻ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നടൻ പുഷ്പ 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. അതേസമയം പുഷ്പ 3 യേക്കുറിച്ച് സംവിധായകൻ സുകുമാറും കഴിഞ്ഞ ദിവസം പ്രീ റിലീസ് ചടങ്ങിൽ പങ്കുവച്ചിരുന്നു.
"പുഷ്പ 3 യെ കുറിച്ച് എനിക്ക് പറയാൻ ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഞാനൊരുപാട് ബുദ്ധിമുട്ടിച്ചു. അദ്ദേഹമെനിക്ക് ഒരു മൂന്ന് വർഷം കൂടി തരുമെങ്കിൽ, ഞാൻ അത് ചെയ്യും."- എന്നാണ് സുകുമാർ പറഞ്ഞത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
