

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് കുടുംബകോടതിയിൽ ഭാര്യ സംഗീത സ്വർണലിങ്കം അറിയിച്ചതോടെ ഏറെ നാളായി നിന്നിരുന്ന ഊഹാപോഹങ്ങൾക്ക് അവസാനമായിരിക്കുകയാണ്. വിജയ്‌യുടെ അമ്മ ശോഭയുടെ നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ചകളിലൂടെ ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കപ്പെട്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
അതു ശരി വയ്ക്കുന്ന സംഭവങ്ങളാണ് ഇന്ന് കോടതിയിൽ അരങ്ങേറിയത്. തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വിജയ് നേരിട്ട് കുടുംബ കോടതിയിൽ ഹാജരായിരുന്നില്ല. ലണ്ടനിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് സംഗീത കോടതി നടപടികളിൽ പങ്കെടുത്തത്. ജൂണിൽ കേസ് പരിഗണിച്ചപ്പോൾ ഇരുവരോടും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശനമായി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടി വിർച്വലായി ഹാജരാകാൻ അനുവാദം തേടുകയായിരുന്നു ഇരുവരും. ജൂണിൽ കേസ് കോടതിയിൽ എത്തിയപ്പോൾ തന്നെ, മുൻപ് സ്വീകരിച്ചതിൽ നിന്നു വ്യത്യസ്തമായി തണുപ്പൻ പ്രതികരണമായിരുന്നു സംഗീതയുടെ അഭിഭാഷകരിൽ നിന്നുണ്ടായത്.
സംഗീതയുടെ അഭിഭാഷകൻ വക്കാലത്ത് ഫയൽ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജഡ്ജി ചോദിക്കുന്ന സാഹചര്യവുമുണ്ടായി. കേസ് ഒത്തുത്തീർപ്പിലെത്തും എന്നതിന്റെ സൂചനയായി പലരും ഇതിനെ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ വിജയ്‌യുടെ അമ്മ മുന്‍കൈ എടുത്ത് ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, ലണ്ടനിൽ നിന്നും സംഗീത തിരിച്ച് വിജയ്‌യുടെ മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയെന്നും റിപ്പോർട്ടുകൾ വന്നു.
നിലവിൽ ലണ്ടനിൽ തുടരുകയാണ് സംഗീത. വൈകാതെ സംഗീത ചെന്നൈയിൽ എത്തുമെന്നും ഇരുവരും ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്ന ഊഹാപോഹം. എന്തായാലും സംഗീതയുടെ തീരുമാനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. എല്ലാത്തിലുമുപരി കുടുംബം തന്നെയാണ് ഏറ്റവും മുഖ്യം എന്നാണ് ഫാൻസ് പേജുകളിലടക്കം ആരാധകർ കുറിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates