

നടന്‍ വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന സ്ത്രീയാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് രമ്യ ആരോപിക്കുന്നത്. യുവതി ഇപ്പോള്‍ റീഹാബിലാണെന്നും രമ്യ മോഹന്‍ പറയുന്നുണ്ട്. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിജയ് സേതുപതിയ്‌ക്കെതിരെ യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.
''കോളിവുഡിലെ മയക്കുമരുന്ന്-കാസ്റ്റിങ് കൗച്ച് സംസ്‌കാരം തമാശയല്ല. എനിക്ക് അറിയാവുന്ന, ഇപ്പോള്‍ മീഡിയയില്‍ അറിയപ്പെടുന്നൊരു മുഖമായ പെണ്‍കുട്ടിയെ അവള്‍ക്ക് പരിചിതമില്ലാത്തൊരു ലോകത്തേക്കാണ് വലിച്ചിടപ്പെട്ടത്. അവള്‍ ഇപ്പോള്‍ റീഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഇന്‍ഡസ്ട്രിയില്‍ സാധാരണയാണ്. വിജയ് സേതുപതി കാരവന്‍ ഫേവേഴ്‌സിനായി രണ്ട് ലക്ഷവും 50,000 രൂപ ഡ്രൈവ്‌സിനും വാഗ്ദാനം ചെയ്തു. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യാളനായി അഭിനയിക്കുന്നു. ഇയാള്‍ വര്‍ഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥയല്ല. ഒരുപാടുണ്ട്. എന്നിട്ടും മീഡിയ ഇത്തരക്കാരെ പുണ്യാളരായി ആരാധിക്കുകയാണ്. ഡ്രഗ്-സെക്‌സ് നെക്‌സസ് യാഥാര്‍ത്ഥ്യമാണ്. തമാശയല്ല'' എന്നായിരുന്നു യുവതിയുടെ ട്വീറ്റ്.
ട്വീറ്റ് ചര്‍ച്ചയായി മാറാന്‍ അധിക സമയം വന്നില്ല. രമ്യയുടെ ആരോപണത്തെ എതിര്‍ത്തും ചിലര്‍ രംഗത്തെത്തി. ഇതോടെ രമ്യയും പ്രതികരിച്ചു. സത്യത്തെ അംഗീകരിക്കുന്നതിന് പകരം സോഴ്‌സിനെ ചോദ്യം ചെയ്യുകയും ഇരയെ കുറ്റപ്പെടുത്തുകയുമാണെന്നാണ് രമ്യ പറയുന്നത്. പെണ്‍കുട്ടിയുടെ ഫോണിലെ ചാറ്റും ഡയറിയുമൊക്കെ വായിച്ചപ്പോഴാണ് കുടുംബം സത്യം മനസിലാക്കിയതെന്നും ഇതൊരു തമാശയല്ലെന്നും അവളുടെ ജീവിതമാണെന്നും വേദനയാണെന്നും രമ്യ മറ്റൊരു ട്വീറ്റില്‍ പറയുന്നുണ്ട്.
സംഭവം വിവാദമായി മാറുന്നതോടെയാണ് രമ്യ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നത്. എന്തുകൊണ്ടാണ് താന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്നും രമ്യ പറയുന്നുണ്ട്. തന്റെ ട്വീറ്റിന് ഇത്രയും ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍ വരുന്നുണ്ട്. പെണ്‍കുട്ടിയുടെ നല്ല ജീവിതത്തേയും സ്വകാര്യതയേയും മാനിച്ചുകൊണ്ടാണ് താന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്നാണ് രമ്യ പറയുന്നത്. സംഭവം തമിഴ് സിനിമാ ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. അതേസമയം ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates